
വാംഖഡേയുടെ അടങ്ങാത്ത ആരവങ്ങളെ കീറിമുറിച്ച് ആ പന്ത് പാഞ്ഞത് ചരിത്രത്തിലേയ്ക്ക് മാത്രമല്ല, തണുത്തുറഞ്ഞ ഒരു ഡിസംബറിന്റെ ഓര്‍മയിലേയ്ക്ക് കൂടിയാണ്. വിരാട് കോലിയെന്ന അതുല്യ പ്രതിഭാസത്തിന്റെ അകപ്പൊരുളിലേയ്ക്കാണ്. കാലപ്പഴക്കം മാറ്റുകുറയ്ക്കാത്ത ആ കണ്ണീർരോര്‍മയില്‍ നിന്നാണ്, ഇന്ന് ലോകം കീഴടക്കിയ വിരാട് കോലിയെന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ, ഏകദിന സെഞ്ചുറികളിൽ സച്ചിനും മുകളിൽ കയറിയ അഗ്രസീവ് ക്രിക്കറ്ററുടെ കണ്ണീരില്‍ സ്ഫുടം ചെയ്ത പിറവി. ഇതിൽ നുളളുപോലും അതിശയോക്തിയില്ലെന്ന് അറിയണമെങ്കില്‍ കോലിയുടെ ബാറ്റിൽ നിന്നു പിറന്ന അമ്പത് ഏകദിന സെഞ്ചുറികള്‍ മാത്രമല്ല, കണ്ണീരിന്റെ ചൂടിലുറഞ്ഞുപോയ അന്നത്തെ ആ നഷ്ടത്തിന്റെ വില കൂടി അറിയണം. അന്നത്തെ ആ പതിനെട്ടുകാരന്റെ സങ്കടത്തിന്റെ ആഴം കൂടി അറിയണം.
അന്ന് ഇതുപോലുള്ള താരമായിട്ടില്ല പതിനെട്ടുകാരന്‍ വിരാട്. കര്‍ണാടകത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സൂപ്പര്‍ലീഗിലെ ഗ്രൂപ്പ് എ മത്സരത്തിന്റെ രണ്ടാംദിനം വൈകീട്ട് നാല്‍പത് റണ്‍സുമായി മടങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍. പുനീത് ഭിഷ്ടിനൊപ്പം മൂന്നാം ദിനം കൂടി ക്രീസില്‍ പിടിച്ചുനില്‍ക്കണം. ടീമിനെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് കരകയറ്റണം. വലിയൊരു സ്വപ്നവുമായി കൊടുംതണുപ്പില്‍ മൂടിപ്പുതച്ചുറങ്ങിയ വിരാടിനെ പക്ഷേ, പുലര്‍ച്ചെ വിളിച്ചുണര്‍ത്തിയത് ഞെട്ടുന്നൊരു വിവരമാണ്. അതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തില്‍ കൂട്ടുണ്ടായിരുന്ന അച്ഛന്‍ പ്രേം കോലി മസ്തിഷ്‌കാഘാതംമൂലം ഗുരുതരാവസ്ഥയിലാണ്. പുലര്‍ച്ചെ തന്നെ കോലി വിളിപ്പാടകലെയുള്ള വീട്ടില്‍ ഓടിയെത്തിയെങ്കിലും അച്ഛന്‍ അവസാനശ്വാസം വലിക്കുന്നത് നിസ്സഹായനായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ.
വിരാടിനെ മാത്രമല്ല, ടീമിനെ മുഴുവന്‍ പിടിച്ചുലച്ചുകളഞ്ഞു അസമയത്ത് രംഗബോധമില്ലാതെ കയറിവന്ന ആ വാര്‍ത്ത. കര്‍ണാടകത്തിനെതിരേ പിടിച്ചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു വിരാട്. അച്ഛന്റെ മരണാനന്തരച്ചടങ്ങുകള്‍ക്ക് പോകുന്ന വിരാടിന് പകരം മനസ്സില്ലാമനസ്സോടെയാണ് ചേതന്യ നന്ദയ്ക്ക് പാഡണിഞ്ഞിരിക്കാന്‍ ടീം അധികൃതര്‍ നിര്‍ദേശം നല്‍കിയത്. പക്ഷേ, പിറ്റേന്ന് കാലത്ത് ഞെട്ടുന്നൊരു കാഴ്ചയാണ് അവരെ കാത്തിരുന്നത്. കളിക്ക് തൊട്ടുമുന്‍പ് ഫിറോസ് ഷാ കോട്ലയിലെ ഡ്രസ്സിങ് റൂമില്‍ കണ്ണില്‍ പടര്‍ന്ന നനവ് മറയ്ക്കാന്‍ പാടുപെട്ട്, പാഡണിഞ്ഞ് മുന്നില്‍ വിരാട്. പുലര്‍ച്ചെ രണ്ടു മണിക്ക് മരിച്ച അച്ഛന്റെ സംസ്‌കാരച്ചടങ്ങുകള്‍ പെട്ടന്നു തീര്‍ത്ത് നേരെ ഗ്രൗണ്ടിലെത്തുകയായിരുന്നു. ഉള്ളില്‍ ഇരമ്പുന്ന സങ്കടക്കടലിന്റെ ചെറിയൊരു ലാഞ്ചന പോലും മുഖത്ത് പ്രകടമാക്കാതെ കളിച്ച് സെഞ്ചുറിക്ക് പത്ത് റണ്‍സ് അകലെവച്ച് പുറത്താകുമ്പോള്‍ കോലിയുടെ കണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞിരുന്നുവോ? കനലില്‍ കാലുറപ്പിച്ചു പൊരുതിയ ആ ഒരൊറ്റ ഇന്നിങ്സ് കൊണ്ട് ടീം വലിയൊരു ആപത്തില്‍ നിന്ന് കരകയറി. 281 മിനിറ്റ് നേരം ക്രീസില്‍ നിന്ന്, 238 പന്ത് നേരിട്ട് അമ്പയറുടെ സംശയാസ്പദമായ ഒരു തീരുമാനത്തില്‍ പുറത്തായി വിരാട് മടങ്ങുമ്പോള്‍ പതിവ് ആഘോഷത്തിനൊന്നും എതിരാളികള്‍ മിനക്കെട്ടില്ല. വീരനായകനായി പവലിയനില്‍ തിരിച്ചെത്തിയ വിരാടിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുമ്പോള്‍ കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു ഡെല്‍ഹി താരങ്ങള്‍. ബോളിവുഡ് ലഗാനിലോ ചക് ദേ ഇന്ത്യയിലോ പോലും കാണാത്ത വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് അന്ന് ഫിറോസ് ഷാ കോട്ലയിലെ ഡ്രസ്സിങ് റൂം സാക്ഷ്യംവഹിച്ചത്.

അവിശ്വസനീയതോടെ മാത്രം കേട്ടിരിക്കാവുന്ന ഈയൊരൊറ്റ സംഭവകഥ കൊണ്ട് സംഗ്രഹിക്കാം അഗ്രസീവ്‌നെസ്സിന്റെ ആള്‍രൂപമായ വിരാട് കോലി എന്ന ഇതിഹാസത്തിന്റെ പരസ്പരപൂരകങ്ങളായ കളിയേയും ജീവിതത്തെയും. പഴയ പതിനെട്ടുകാരനില്‍ നിന്ന് ഇന്ന് സച്ചിനെ മറികടന്ന 35-കാരനിലേക്കുള്ള കോലിയുടെ പരിണാമത്തിന്റെ പൊരുളും സിനിമാക്കഥയെ വെല്ലുന്ന ഈയൊരൊറ്റ സംഭവം കൊണ്ടുതന്നെ വരച്ചിടാം നമുക്ക്.
ടീമംഗങ്ങള്‍ ഡ്രസ്സിങ് റൂമില്‍ ആശ്വസിപ്പിക്കുമ്പോള്‍ ഉള്ളില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു താനെന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഗ്രഹാം ബെന്‍സിങ്ങര്‍ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട് കോലി. 'അച്ഛന്‍ അവസാനശ്വാസം വലിക്കുന്നത് ഞാന്‍ കണ്ടു. എനിക്കൊന്നും ചെയ്യാനായില്ല. കുടുംബം ആകെ തകര്‍ന്നുപോയെങ്കിലും എനിക്കന്നു കരച്ചില്‍ വന്നില്ല. നിര്‍വികാരനായി അങ്ങനെ ഇരുന്നു. അന്ന് കാലത്ത് തന്നെ ഞാന്‍ കോച്ചിനെ വിളിച്ചുപറഞ്ഞു. എല്ലാം കഴിയട്ടെ. ഞാന്‍ വരുന്നുണ്ട്. എനിക്ക് കളിക്കണം. ഒരു കളി പാതിവഴിയില്‍ ഉപേക്ഷിക്കാനാവില്ലെനിക്ക്. അച്ഛന്റെ അന്ത്യക്രിയകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ സഹോദരന് ഒരു വാക്ക് കൊടുത്തു. അച്ഛന്റെ മോഹം ഞാന്‍ സാക്ഷാത്കരിക്കും. ഒരുനാള്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുകതന്നെ ചെയ്യും. അന്ന് മുതല്‍ ക്രിക്കറ്റ് ഒഴികേയുള്ള മറ്റെല്ലാറ്റിനും ജീവിതത്തില്‍ രണ്ടാം സ്ഥാനമേ ഉണ്ടായിട്ടുള്ളൂ. ഇയൊരൊറ്റ സംഭവമാണ് എന്നെ ജീവിതത്തില്‍ കരുത്തനാക്കിയത്. തിരിച്ചടികളില്‍ നിന്നു തിരിച്ചുവരാന്‍ എന്നെ പ്രാപ്തനാക്കിയതും അതാണ്'-അഭിമുഖത്തിത്തിലുടനീളം ഉള്ളിലെ വിങ്ങലടക്കാന്‍ പാടുപെട്ട് കോലി പറഞ്ഞുതീര്‍ത്തു.
അച്ഛന്‍ മരിച്ച ആ ഒരൊറ്റ രാത്രി കൊണ്ട് മകന്‍ ആളാകെ മാറിപ്പോയെന്നാണ് അമ്മ സരോജ് കോലി പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് മുതല്‍ അവന് ഒരുപാട് പക്വത കൈവന്ന പോലെ തോന്നി. ക്രിക്കറ്റ് മാത്രമാണ് തന്റെ ജീവിതമെന്ന തിരിച്ചറിവ് ഉണ്ടായതുപോലെ. അവന്‍ അച്ഛന്റെ സ്വപ്നം പിന്തുടരുന്ന പോലെയാണ് തോന്നിയത്. അച്ഛന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ഒരു ആവേശമാണ് പിന്നീട് ഓരോ കളിയിലും കണ്ടത്-അമ്മ പറഞ്ഞു.
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാണ് താനെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് കോലി. 2006 ഡിസംബര്‍ എട്ടിന് ശേഷമുള്ള കോലിയുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ അച്ഛനുവേണ്ടിയുള്ളതായിരുന്നു. ഡല്‍ഹി ഉത്തംനഗറിലെ ഗലികളില്‍ കൂട്ടുകാര്‍ക്കൊപ്പം വെറുതെ പന്തു തട്ടിക്കളിച്ചുകൊണ്ടിരുന്ന മകനെ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് രാജ് കുമാര്‍ ശര്‍മയുടെ അക്കാദമിയില്‍ കൊണ്ടുപോയി ചേര്‍ത്തത് അഭിഭാഷകന്‍ കൂടിയായ അച്ഛനാണ്. മകന്റെ പിന്നീടുള്ള ഓരോ വളര്‍ച്ചയിലും അച്ഛന്‍ ഒപ്പമുണ്ടായിരുന്നു. ഒന്‍പതാം ക്ലാസിലെത്തിയപ്പോള്‍ കളിക്കാനുള്ള സൗകര്യം മാത്രം നോക്കിയാണ് പ്രേം മകനെ സേവ്യര്‍ കോണ്‍വെന്റില്‍ ചേര്‍ത്തത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടാവണം. ഈ കഠിനാധ്വാനത്തിലുള്ള ആത്മവിശ്വാസവും മാത്രമായിരിക്കണം കൈമുതല്‍. അച്ഛന്‍ കുട്ടിക്കാലം മുതല്‍ പകര്‍ന്നുകൊടുത്ത രണ്ട് പാഠങ്ങളാണ് തന്റെ ജീവിതത്തിന്റെ സത്തയെന്ന് പറയും കോലി. മറ്റൊരു സഹായത്തിനും കാത്തുനില്‍ക്കരുതെന്ന ഉപദേശവും നല്‍കിയിരുന്നു പ്രേം കോലി മകന്. പണം കൊടുത്താല്‍ ടീമിലെടുക്കാമെന്ന് ഒരു ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയോട് പോയി പണി നോക്കാന്‍ അച്ഛന്‍ പറഞ്ഞ കഥ ഫുട്ബോള്‍ താരം സുനില്‍ ഛേത്രിയോട് കോലി അനുസ്മരിച്ചത് ഇയ്യിടെയാണ്. മകനെ ടീമിലെടുക്കുന്നുണ്ടെങ്കില്‍ അത് അവന്റെ കഴിവ് മാത്രം മാനദണ്ഡമാക്കിയിട്ടു മതിയെന്ന് താക്കീത് നല്‍കാനും മറന്നില്ല പ്രേം കോലി.
കൈമടക്ക് കൊടുക്കാത്തതുകൊണ്ടോ എന്നറിയില്ല. അക്കുറി വിരാട് ടീമിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ടില്ല. തഴയപ്പെട്ട വിവരമറിഞ്ഞ് ആകെ തകര്‍ന്നുപോയി. കരഞ്ഞുകരഞ്ഞ് നേരം വെളിപ്പിച്ച ആ രാത്രി അവന്‍ ഒരു പാഠം പഠിച്ചു. അച്ഛന്‍ പറഞ്ഞതുപോലെ സെലക്ടര്‍ക്ക് എന്തെങ്കിലും എക്സ്ട്രാ കൊടുക്കുകയല്ല. ക്രീസില്‍ എക്സ്ട്രാ ഓര്‍ഡിനറിയാവുകയാണ് വേണ്ടത്. അന്നുമുതല്‍ ഇന്നുവരെ ക്രീസിലിറങ്ങിയാല്‍ എക്സ്ട്രാ ഓര്‍ഡിനറിയാണ് എല്ലാ അര്‍ഥത്തിലും കോലി.

പക്ഷേ, അതൊന്നും കാണാന്‍ അച്ഛനുണ്ടായില്ലെന്നു മാത്രം. സ്വപ്നസാഫല്യം പോലെ മകന്‍ ക്രിക്കറ്റിന്റെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പ്രേം കോലിയുടെ അപ്രതീക്ഷിത മരണം. 'ഒരുപാട് കഷ്ടപ്പെട്ട ആളാണ് അച്ഛന്‍. അദ്ദേഹത്തിന് നല്ലൊരു റിട്ടയര്‍മെന്റ് ജീവിതം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്നും അതോര്‍ക്കുമ്പോള്‍ ഉള്ളുനീറും. ഒരു വിങ്ങല്‍ നെഞ്ചില്‍ നിറയും.' കണ്ഠമിടറിക്കൊണ്ട് സുനില്‍ ഛേത്രിയോട് ഇതുംകൂടി പറഞ്ഞു കോലി.
വിധിയുടെ ഈ മാരക ബൗണ്‍സറില്‍ വിരാടിനും കുടുംബത്തിനും ശരിക്കും അടിതെറ്റി. സാമ്പത്തിക പ്രയാസങ്ങള്‍ പിടിമുറുക്കി. വാടകവീട്ടിലെ താമസം ദുസ്സഹമായി. കച്ചവടം വഴിമുട്ടുന്ന അവസ്ഥയായി. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഒന്നൊന്നായി കൈവിടുമ്പോഴും അച്ഛന്റെ സ്വപ്നം മാത്രം ഉപേക്ഷിക്കാന്‍ വിരാട് തയ്യാറായില്ല. അവന്‍ അച്ഛന് വേണ്ടി കളിച്ചു. വാശിയോടെ. ആവേശത്തോടെ. ഓരോ പന്തിലും അവന്‍ ദുര്‍വിധിയെ കണ്ടു. അച്ഛനുവേണ്ടി മാരകമായി തന്നെ അതിനെ നേരിട്ടു. വിധിയോടുള്ള രോഷം മുഴുവന്‍ അതിര്‍ത്തികള്‍ ഭേദിച്ച് ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടങ്ങളിലേയ്ക്ക് പറത്തിവിട്ട ആ പന്തുകളില്‍ തീര്‍ത്തു. ആ രോഷവും ആക്രമണോത്സുകതയും പിന്നെ അവനെ വിട്ടുപിരിഞ്ഞില്ല ഇന്നോളം. സത്യത്തില്‍ അച്ഛന്റെ പ്രാണന്‍ വേദനയോടെ വിട്ടുപിരിഞ്ഞ അന്നാണ്, വിധിയോടുള്ള ആ വാശിയില്‍ നിന്നാണ് കോലിയിലെ വിശ്വവിജയി ജനിക്കുന്നത്.
Content Highlights: virat kohli father cricket india bcci century sachin tendulkar
Published: 15 Nov 2023, 05:17 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented