
കളിക്കളത്തില്‍ ബാറ്റിങ്ങില്‍ സൗന്ദര്യം തീര്‍ക്കുന്ന, ഓരോ ഇന്നിങ്‌സുകളും സെഞ്ചുറികളിലേക്കെത്തിക്കുന്ന, എത്ര വലിയ വിജയലക്ഷ്യങ്ങള്‍ക്ക് മുന്നിലും പതറാതെ ബാറ്റ് വീശുന്ന വിരാട് കോലിയെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായ മൂന്ന് വര്‍ഷക്കാലം. ലോകമെമ്പാടുമുള്ള കോലി ആരാധകര്‍ തങ്ങളുടെ പഴയ റണ്‍ മെഷീന്റെ തിരിച്ചുവരവിനായി കാത്തിരുന്ന നാളുകള്‍. ഒടുവില്‍ നീണ്ട റണ്‍വരള്‍ച്ചയുടെ നാളുകള്‍ അവസാനിപ്പിച്ച് അയാളൊരു തിരിച്ചുവരവ് നടത്തി. അതൊരു വരവ് തന്നെയായിരുന്നു. ഇപ്പോഴിതാ 52 വയസ് പ്രായമായ ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറികളെന്ന നേട്ടത്തിലെത്തുന്ന ആദ്യ താരമായിരിക്കുകയാണ് ഇന്ത്യയുടെ റണ്‍മെഷീന്‍. ക്രിക്കറ്റെന്നാല്‍ ഒരുകാലത്ത് നമുക്കെല്ലാം അത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഐക്കണായിരുന്നു. സച്ചിന്‍ കെട്ടിയുയര്‍ത്തിയ ക്രിക്കറ്റ് റെക്കോഡുകള്‍ ആര് മറികടക്കും എന്നത് എക്കാലവും ക്രിക്കറ്റ് ലോകത്തെ വലിയ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് തന്റെ റെക്കോഡുകള്‍ ആരാകും മറികടക്കുകയെന്ന സല്‍മാന്‍ ഖാന്റെ ചോദ്യത്തിന് മറുപടിയായി സച്ചിന്‍ പറഞ്ഞ പേരുകള്‍ വിരാട് കോലിയുടേതും രോഹിത് ശര്‍മയുടേതുമായിരുന്നു. സച്ചിന്‍ ആ വാക്കുകള്‍ പറഞ്ഞ് ഇപ്പോള്‍ പത്തിലേറേ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അതേ കോലി ഏകദിന സെഞ്ചുറികളില്‍ സച്ചിന്‍ തീര്‍ത്ത റെക്കോഡ് മറികടന്നിരിക്കുന്നു.
ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ കോലി കുറിച്ചത് ഏകദിനത്തിലെ തന്റെ 49-ാം സെഞ്ചുറിയായിരുന്നു. അതോടൊപ്പം ഏറെക്കാലം സച്ചിനെന്ന അതികായന്‍ സ്വന്തമാക്കിവെച്ചിരുന്ന റെക്കോഡിന് ഒപ്പമെത്തുകയും ചെയ്തു. അതും തന്റെ 35-ാം പിറന്നാള്‍ ദിനത്തില്‍. ഈ ലോകകപ്പില്‍ ഇന്ത്യ പതറിയപ്പോഴെല്ലാം കോലിയുടെ ബാറ്റ് ആ പഴയ ഫോമിലേക്കെത്തി. ഈ ലോകകപ്പില്‍ ടീം ഇന്ത്യയുടെ വലിയ ആത്മവിശ്വാസത്തിലൊന്ന് കോലിയുടെ ഫോമാണ്. ടീം എത്രതന്നെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലാണെങ്കിലും കോലി ക്രീസിലുണ്ടെങ്കില്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ വെറും രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീണ് ഇന്ത്യ ബാറ്റിങ് തകര്‍ച്ച മുന്നില്‍കണ്ട ഘട്ടത്തിലാണ് കോലിയിലെ ആ ചേസ് മാസ്റ്റര്‍ ഉണരുന്നത്. 97 റണ്‍സെടുത്ത കെ.എല്‍ രാഹുലായിരുന്നു കളിയിലെ താരമായതെങ്കിലും തകര്‍ച്ചയുടെ ഘട്ടത്തില്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ആംഗില്‍ ചെയ്ത് കളിക്കുന്ന കോലിയുടെ സാന്നിധ്യമായിരുന്നു ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നത്.
ഇത്തവണത്തെ ലോകകപ്പില്‍ മിന്നും ഫോമിലാണ് കോലി. ഓസീസിനെതിരേ തകര്‍ച്ചയുടെ വക്കില്‍ നിന്ന് ടീമിനെ കരകയറ്റിയ 116 പന്തിലെ 85 റണ്‍സ് ഇന്നിങ്‌സ്. പിന്നാലെ അഫ്ഗാനെതിരേ 56 പന്തില്‍ പുറത്താകാതെ 55 റണ്‍സ്. പാകിസ്താനെതിരേ തിളങ്ങാനായില്ലെങ്കിലും ബംഗ്ലാദേശിനെതിരേ സെഞ്ചുറിയുമായി മടങ്ങിവരവ്. 97 പന്തില്‍ നിന്ന് 103 റണ്‍സായിരുന്നു സമ്പാദ്യം. പിന്നാലെ കിവീസിനെതിരേ സെഞ്ചുറിക്കടുത്തെത്തിയ മറ്റൊരു രക്ഷകന്റെ ഇന്നിങ്‌സ്. 104 പന്തില്‍ നിന്ന് അന്ന് നേടിയത് 95 റണ്‍സ്. ഇംഗ്ലണ്ടിനു മുന്നില്‍ പതറിയെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ 94 പന്തില്‍ നിന്ന് 88 റണ്‍സ്. ഒടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 121 പന്തില്‍ 101 റണ്‍സെടുത്ത മറ്റൊരു സെഞ്ചുറി പ്രകടനം.

ഈ വര്‍ഷം ഇതിനോടകം എട്ട് സെഞ്ചുറികള്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി ആ ബാറ്റില്‍ നിന്ന് പിറന്നുകഴിഞ്ഞു. എന്നാല്‍ കോവിഡിനെ അതിജീവിച്ച് കായികരംഗം സജീവമായ വര്‍ഷങ്ങളില്‍ ഇതൊന്നുമായിരുന്നില്ല സ്ഥിതി. കരിയറിലെ ഏറ്റവും മോശം ഫോമിലേക്ക് കോലി വീണുപോയ നാളുകളായിരുന്നു 2020, 2021 വര്‍ഷങ്ങളില്‍. 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ പിങ്ക് ടെസ്റ്റില്‍ നേടിയ സെഞ്ചുറിക്ക് ശേഷം ആ ബാറ്റില്‍ നിന്ന് വീണ്ടുമൊരു മൂന്നക്ക സംഖ്യ പിറക്കുന്നത് കാണാന്‍ നാം കാത്തിരുന്നത്. രണ്ടുവര്‍ഷവും ഒമ്പത് മാസങ്ങളുമാണ്. ഇതിനിടെ അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിയും കോലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നു. ഒരുവേള ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച കോലിയില്‍ നിന്ന് മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി മാറ്റപ്പെടുന്നതിനും നാം സാക്ഷിയായി. തുടര്‍ച്ചയായ മത്സരങ്ങളില്‍ ഡക്കായി കോലി മടങ്ങുന്ന അപൂര്‍വ കാഴ്ചയും ഇക്കാലയളവില്‍ നാം കണ്ടു. സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ വന്നയാളെ ഇനി ടീമിലേക്ക് പരിഗണിക്കേണ്ട എന്നുവരെ അഭിപ്രായങ്ങളുയര്‍ന്നു. കോലിയുടെ കാലം അവസാനിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നെടുനീളന്‍ വാര്‍ത്തകളെഴുതി.
ഒരു സെഞ്ചുറിക്ക് വേണ്ടി. കാത്തിരിപ്പ് എത്രത്തോളം കഠിനമായിരുന്നു എന്നറിഞ്ഞ നാളുകള്‍. അതിനിടെ അയാള്‍ക്ക് നഷ്ടമായത് പലതുമായിരുന്നു. എന്തിനേറെ പറയുന്നു 10 വര്‍ഷത്തിലേറെ കാലം ഇന്ത്യന്‍ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന അയാളുടെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. നാനാകോണുകളില്‍നിന്നും പലരും അയാള്‍ക്കെതിരേ വിമര്‍ശനശരങ്ങള്‍ എയ്തുവിട്ടു. ഒടുവില്‍ 1020 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് 2022 ടി20 ലോകകപ്പില്‍ സെപ്റ്റംബര്‍ എട്ടിന് അഫ്ഗാനിസ്താനെതിരേ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ അയാളുടെ 71-ാം രാജ്യാന്തര സെഞ്ചുറി പിറന്നു. അന്താരാഷ്ട്ര ട്വന്റി 20-യിലെ താരത്തിന്റെ ആദ്യ സെഞ്ചുറി. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അഫ്ഗാനിസ്താനെതിരായ അപ്രസക്തമായ മത്സരത്തിലെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ അത് വിരാട് കോലിയെന്ന പ്രതിഭാധനനായ ക്രിക്കറ്ററുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. ''കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി ഒരു മാസത്തോളം ഞാന്‍ എന്റെ ബാറ്റ് തൊട്ടില്ല.'' എന്ന് കോലി ഈ ലോകത്തോട് ഏറ്റുപറഞ്ഞിട്ട് അധിക നാളുകളായിട്ടില്ല. അയാളുടെ കഴിവിനെ ഒരുപക്ഷേ അയാള്‍ പോലും തെല്ലൊന്ന് സംശയിച്ചുപോയിരിക്കാം. കഴിഞ്ഞ ഏതാനും നാളുകള്‍ താന്‍ മാനസികവിഷമം അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചതും പോയവര്‍ഷമാണ്. 2022-ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്തത് ഇക്കാരണത്താലാണെന്നും കോലി സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കരിയറില്‍ നേട്ടങ്ങളില്‍നിന്ന് നേട്ടങ്ങളിലേക്ക് എതിരാളികളില്ലാതെ കുതിച്ചിരുന്ന കോലിക്ക് പക്ഷേ കാലിടറി തുടങ്ങിയത് രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. രണ്ടര വര്‍ഷത്തിലേറെ കാലത്തോളം ആ ബാറ്റിനും താരത്തിനും പഴയ മൂര്‍ച്ചയും പ്രസരിപ്പും നഷ്ടമായിരുന്നു. ഒടുവില്‍ ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെയെടുത്ത വിശ്രമത്തിന് ശേഷം ഏഷ്യാ കപ്പില്‍ തിരിച്ചെത്തിയ കോലി, ആ പഴയ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. പാകിസ്താനെതിരെയും ഹോങ് കോങ്ങിനെതിരെയും അര്‍ധ സെഞ്ചുറി പ്രകടനങ്ങള്‍. ഒടുവിലിതാ ബാറ്റിങ്ങിലെ മുഴുവന്‍ സൗന്ദര്യവും പുറത്തെടുത്ത് അഫ്ഗാനെതിരായ സെഞ്ചുറി.

'അയാള്‍ സച്ചിന്റെ റെക്കോഡുകളെല്ലാം ഭേദിക്കും', വിരാട് കോലിയെന്ന യങ് ഡാഷിങ് ക്രിക്കറ്റര്‍, ബാറ്റിങ് മികവ് കൊണ്ട് ക്രിക്കറ്റ് മൈതാനങ്ങളെ ഒന്നാകെ തന്നിലേക്ക് ആവാഹിച്ചിരുന്ന കാലത്ത് അയാളെ കുറിച്ച് ആളുകള്‍ പറഞ്ഞുതുടങ്ങിയ കാര്യമായിരുന്നു ഇത്. അണ്ടര്‍ 19 കാലം മുതല്‍ തന്നെ ക്രിക്കറ്റ് ലോകത്തിന്റെ റഡാറില്‍ ഈ ഡല്‍ഹിക്കാരമുണ്ടായിരുന്നു. സച്ചിന്‍ കളമൊഴിഞ്ഞാല്‍ പിന്നീടാര് എന്ന ചോദ്യത്തിന് ടീം ഇന്ത്യയ്ക്കുണ്ടായിരുന്ന ഉത്തരമായിരുന്നു കോലി. ഇപ്പോഴിതാ സച്ചിന്റെ നിരവധി റെക്കോഡുകള്‍ക്ക് പിന്നാലെ ആരാലും തകര്‍ക്കപ്പെടില്ലെന്ന് കരുതിയ ഏകദിന സെഞ്ചുറികളുടെ റെക്കോഡും കോലിക്ക് മുന്നില്‍ വീണിരിക്കുകയാണ്.
സെഞ്ചുറി വരള്‍ച്ചയുടെ രണ്ടരവര്‍ഷക്കാലം പിന്നിട്ട് അഫ്ഗാനെതിരേ മൂന്നക്കം തികച്ച ശേഷം കോലിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 2022 ഡിസംബര്‍ 10-ന് ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ 113 റണ്‍സ് നേടി ഏകദിനത്തിലെ സെഞ്ചുറി വരള്‍ച്ചയ്ക്കും അറുതി വരുത്തി. പിന്നീട് ഈ വര്‍ഷം ജനുവരി 10-ന് ശ്രീലങ്കയ്‌ക്കെതിരേ ഗുവാഹാട്ടി ഏകദിനത്തില്‍ 113 റണ്‍സ്, ശേഷം ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തിരുവനന്തപുരത്ത് 166 റണ്‍സ്. മാര്‍ച്ചില്‍ അഹമ്മദാബാദില്‍ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ 186 റണ്‍സ്. ജൂലായില്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന ടെസ്റ്റില്‍ 121 റണ്‍സ്. തുടര്‍ന്ന് ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 10-ന് പാകിസ്താനെതിരേ കൊളംബോ പ്രേമദാസയില്‍ 122 റണ്‍സ്. ഈ ലോകകപ്പില്‍ ഒക്ടോബര്‍ 19-ന് ബംഗ്ലാദേശിനെതിരേ പുണെയില്‍ 103 റണ്‍സ്, നവംബര്‍ അഞ്ചിന് 35-ാം ജന്മദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 101 റണ്‍സ്. ഒടുവില്‍ നവംബര്‍ 12-ന് ഡച്ച് ടീമിനെതിരേയും സെഞ്ചുറി. ഒമ്പത് മാസങ്ങള്‍ക്കിടെ 10 സെഞ്ചുറികള്‍.
Content Highlights: Virat Kohli and the eyes landmark century after run drought
Published: 15 Nov 2023, 05:28 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented