ആരാണ് മികച്ച ബാറ്റര്‍? സച്ചിനോ അതോ കോലിയോ? മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായതെന്ന ചോദ്യം പോലെ തന്നെ അത്രയെളുപ്പത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സാധിക്കാത്ത സംശയമാണിതും. ക്രിക്കറ്റ് ആരാധകര്‍ സച്ചിനും കോലിക്കും പിന്നില്‍ രണ്ടായി ചേരി തിരിഞ്ഞ ശേഷമുണ്ടായ ഈ സങ്കീര്‍ണ സമസ്യക്കും ഇതുവരെ ഉത്തരമൊന്നും കണ്ടെത്തിയിട്ടില്ല. ഒരാള്‍ ക്രിക്കറ്റ് ദൈവം, അപരനാവട്ടെ ആവേശപോരാളിയും. സച്ചിന്റേത് ഇരുത്തം വന്ന, പാകതയുള്ള കപ്പിത്താന്റെ പോലെയുള്ള സഞ്ചാരം. അത് ഒരേ താളത്തില്‍ ഒഴുകി മുന്നേറിയത് ലക്ഷ്യം തൊടും. കോലിയാണെങ്കില്‍ പതിഞ്ഞ് തുടങ്ങി കൊട്ടിക്കയറി കൊടുങ്കാറ്റായി വീശും. സച്ചിന് തന്റെ കരിയറിന്റെ ഭൂരിഭാഗം സമയത്തും ക്രീസില്‍ ഒന്നാമനായി ബാറ്റിങ്ങിന് ഇറങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. എതിരാളിയുടെ തലയെടുക്കാന്‍ പാകത്തില്‍ വരുന്ന ബൗണ്‍സറുകള്‍ക്ക് മുന്നില്‍ നെഞ്ചൂക്കോടെ പിടിച്ചുനിന്നാണ് ആ 165 സെന്റീമീറ്റര്‍ ഉയരക്കാരന്‍ സെഞ്ചുറികളില്‍ സെഞ്ചുറിയടിച്ചത്. കോലിയാവട്ടെ ആദ്യം വീണുപോവുന്നയാളുടെ അഭാവമുണ്ടാക്കിയ സമ്മര്‍ദവുമായി ക്രീസിലെത്തുന്ന പടയാളിയാണ്.വലിയ ഇന്നിങ്സുകള്‍ കെട്ടിപ്പടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമുള്ളയാള്‍. രണ്ടുപേരും രണ്ടു ശൈലിയുടെ പ്രയോക്താക്കളാണ്. അപ്പോഴും എങ്ങും തൊടാതെ ബൗണ്‍സര്‍ പോലെ വന്ന ആ ചോദ്യത്തിന് ഉത്തരമാവുന്നില്ല. ആരാണ് മികച്ച ബാറ്റര്‍?

To advertise here,

ബാറ്റ് വെക്കാതെ ചാറ്റ് ജി.പി.ടി.

ലോകത്തെ സകല ലൊട്ടുലൊടുക്ക് കാര്യങ്ങളെക്കുറിച്ചും ഉത്തരം പറയാനെത്തുന്ന ചാറ്റ് ജി.പി.ടി. ഈ ചോദ്യത്തിന് മുന്നില്‍ ഓഫ്സൈഡില്‍ പിച്ച് ചെയ്തുപോകുന്ന പന്തിനെ ലീവ് ചെയ്യുന്ന പോലെയാണ് സമീപിച്ചത്.'സച്ചിനും കോലിയും മഹാന്‍മാരായ ബാറ്റര്‍മാരാണ്. രണ്ടുപേര്‍ക്കും അവരുടേതായ ശൈലിയുണ്ട്. അസാമാന്യമായ നേട്ടങ്ങളുണ്ട്. അനുപമമായ രീതികളുണ്ട്. ഓരോരുത്തരുടെയുംആരാധകര്‍ അവരുടേതായ അഭിപ്രായം പറയുമെങ്കിലും താരതമ്യം അപ്രസക്തമാണ്. അനുചിതവും.റെക്കോഡുകള്‍ തന്നെയാണ് അവരെക്കുറിച്ച് സംസാരിക്കുക.'സ്പഷ്ടമായ ഉത്തരം നല്‍കാതെ ചാറ്റ് ജി.പി.ടി. ക്രീസ് വിട്ട് പോയി. പക്ഷേ 22 വര്‍ഷത്തെ കരിയറുള്ള സച്ചിനും 15 വര്‍ഷമായി ബാറ്റിങ് തുടരുന്ന കോലിയും തമ്മിലുള്ള താരതമ്യം അവിടെയൊന്നും തീരുന്നില്ല. ആ കണക്കുകളുടെ ഇന്നിങ്സുകള്‍ ഒന്ന് ചികഞ്ഞ് നോക്കാം. ചിലപ്പോള്‍ ഉത്തരം കിട്ടിയാലോ?

ടെക്നിക്കില്‍ മുമ്പനാര്?

ബാറ്റിങ് ടെക്നിക്കുകള്‍ കൊണ്ട് സച്ചിന്‍ കോലിയുടെ ഒരുപടി മുന്നില്‍ നില്‍ക്കുന്നുവെന്ന് വിലയിരുത്തുന്ന നിഷ്പക്ഷമതികളുണ്ട്. സച്ചിന്റേത് ക്ലാസിക്കല്‍ ശൈലിയിലുള്ള ബാറ്റിങ്ങാണ്. ആവനാഴിയില്‍ ഷോട്ടുകളുടെ ഒഴിയാത്ത ശേഖരം നിറച്ചുവെച്ചൊരാള്‍. ബാക്ഫുട്ടില്‍ സച്ചിനോളം വിരുതുള്ളവര്‍ അപൂര്‍വം. ഫുട്വര്‍ക്കിലും ക്രീസിലുള്ള ബാലന്‍സിലും അസാധ്യമായ കഴിവ് പുറത്തെടുത്തിട്ടുണ്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍.പുതിയ കാല ക്രിക്കറ്റിന്റെ ആക്രമണോത്സുക ശൈലിയോടാണ് കോലിക്ക് പഥ്യം. എതിരിടാന്‍ വരുന്നവരോട് മുട്ടുമടക്കിക്കൊടുക്കാത്ത ശൈലി. മുന്നിലെ ബൗളര്‍ ആരായാലും ബഹുമാനം നല്‍കാതെയുളള ആക്രമണം. ബാറ്റിന്റെ താഴെയുള്ള കൈ പിടുത്തത്തിന്റെ കരുത്തിലാണ് കോലിയുടെ ഷോട്ടുകള്‍ റോക്കറ്റ് വേഗത്തില്‍ ബൗണ്ടറിയെ ചുംബിക്കുന്നത്. സച്ചിനേക്കാള്‍ കോലിയെ മുന്നില്‍നിര്‍ത്തുന്നൊരു കാര്യം സ്‌കോര്‍ പിന്തുടരുമ്പോഴുള്ള ആത്മവിശ്വാസമാണ്. ചേസ് ചെയ്യുമ്പോഴാണ് കോലി വിശ്വരൂപം പുറത്തെടുക്കുന്നത്. ഫിറ്റ്നസിന്റെ കാര്യത്തില്‍ മറ്റേത് കായിക താരങ്ങളെക്കാള്‍ മുന്നിലാണ് കോലി. ആ മസില്‍ പവര്‍ തന്നെയാണ് ദീര്‍ഘ ഇന്നിങ്സുകള്‍ക്കായി നങ്കൂരമിട്ടു കളിക്കാന്‍ കോലിയെ പ്രാപ്തനാക്കിയതും. അതിന് ഈ ലോകകപ്പിലും മാറ്റങ്ങളൊന്നുമില്ല.

ഷോട്ട് സെലക്ഷന്‍

സച്ചിന് പ്രതിരോധവും ആക്രമണവും ഒരുപോലെ വഴങ്ങും. റോഡിന് അനുസരിച്ച് വണ്ടിയോടിക്കുന്ന ഡ്രൈവറെ പോലെ ആവശ്യം കണ്ടറിഞ്ഞ് ഗിയര്‍ മാറ്റി കളിക്കുന്ന കളിക്കാരനാണ് അദ്ദേഹം. ടെസ്റ്റിനും ഏകദിനത്തിനുമനുസരിച്ച് എളുപ്പത്തില്‍ ശൈലി മാറ്റാന്‍ സച്ചിനോളം കഴിവുള്ള താരങ്ങളെ ഇന്ത്യ കണ്ടിട്ടില്ലെന്ന് പറയാം. അവിടെയും തന്റെ ആക്രമണശൈലി കൈവിടാതെ കളിക്കാനാണ് കോലിക്ക് ഇഷ്ടം. തട്ടിയും മുട്ടിയും രീതിയോട് വലിയ എതിര്‍പ്പാണ്. കവര്‍ഡ്രൈവുകളിലും പുള്‍ ഷോട്ടുകളിലുമാണ് കോലിക്ക് കൂടുതല്‍ മിടുക്ക്. ബൗളര്‍മാരെ പ്രകോപിപ്പിച്ച് കൊണ്ടുതന്നെ കടന്നാക്രമിക്കാന്‍ മടിയില്ലാത്ത മനുഷ്യന്‍. ഫീല്‍ഡിലെ ഗ്യാപ്പുകള്‍ കണ്ടെത്താനും പാരമ്പര്യത്തിന് നിരക്കാത്ത രീതിയിലുള്ള ഷോട്ടുകളെടുക്കാനുമാണ് കോലിക്ക് കൂടുതല്‍ താത്പര്യം.

ക്രീസിലെ സ്വഭാവം

മിതത്വവും പാകതയുമുള്ള സ്വഭാവക്കാരനാണ് സച്ചിന്‍. ക്രിക്കറ്റിന്റെ സകലമാന തിയറികളും ഒത്തുചേര്‍ത്തു വായിച്ചാല്‍ അതിനോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന പ്രതിരൂപം. ക്രീസിലെത്തിയാല്‍ ഏകാഗ്രതയും ക്ഷമയും കാണിക്കുന്ന മുനിസ്വഭാവക്കാരന്‍. അതുകൊണ്ടുതന്നെ നീണ്ട ഇന്നിങ്സുകള്‍ കെട്ടിപ്പടുക്കാന്‍ സച്ചിന് കഴിഞ്ഞിട്ടുണ്ട്. ഇന്നിങ്സുകളില്‍ ആങ്കര്‍ ചെയ്തു കളിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ തന്നെ ആവശ്യമായ സമയത്ത് വേഗം കൂട്ടാനും സച്ചിന്‍ ശ്രമിച്ചതിന്റെ ഉദാഹരണങ്ങള്‍ എത്രയെത്ര. പക്ഷേ ഫീല്‍ഡിലെത്തിയാല്‍ ഉള്ളിലുള്ള വികാരങ്ങള്‍ അതേപടി പുറത്തെടുക്കാറുണ്ട് കോലി. സന്തോഷവും സങ്കടവും കോപവുമെല്ലാം മുന്നില്‍ വരുന്ന പന്തുകളില്‍ തീര്‍ത്താടും. കോപമാണ് പലപ്പോഴും കോലിയെ അക്രമാസക്തനാക്കുന്നത്. അതുതന്നെയാണ് ആ കളിക്കാരന്റെ പ്രചോദനവും. കളിയോടുള്ള  അദമ്യമായ ആവേശമാണ്,വിട്ടുകൊടുക്കാന്‍ മടിയുള്ള  സമീപനമാണ് കോലിയെ ക്രിക്കറ്റ് ക്രീസുകള്‍ക്ക് പ്രിയങ്കരനായ കാമുകനാക്കി മാറ്റിയത്.

റെക്കോഡുകള്‍ 

ഇ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോലി നേടിയ സെഞ്ചുറിയാണ് മികച്ചതാരെന്ന ആ ചോദ്യം വീണ്ടും ഉയര്‍ത്തിയത്. ഒരിക്കല്‍ക്കൂടെ തര്‍ക്ക വിതര്‍ക്കങ്ങളുടെ ക്രീസില്‍ കോലിയും സച്ചിനും രണ്ടറ്റത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഏകദിന ക്രിക്കറ്റിലെ നാല്‍പ്പത്തിയൊമ്പതാം സെഞ്ചുറി കുറിച്ചുകൊണ്ടാണ് കോലി സച്ചിന്റെ തോളത്ത് കൈയിടുന്നത്. അപ്പോള്‍ രണ്ടുപേരുടെയും റെക്കോഡുകള്‍ വീണ്ടും താരതമ്യം ചെയ്യപ്പെടുന്നു.

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയാണ് സച്ചിന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞത്. ഇതിലെ ഏകദിന നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍ അല്‍പം തിടുക്കത്തില്‍തന്നെ കോലി പാഞ്ഞെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര  ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും കൂടെ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്ററെന്ന സച്ചിന്റെ റെക്കോഡ് അപ്പോഴും അചുംബിതമായി കാത്തിരിക്കുന്നുണ്ട്. തന്റെ 79-ാം മത്സരം വരെ ഒരു സെഞ്ചുറി പോലും നേടാത്ത സച്ചിന്‍തന്നെയാണ് ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയതെന്ന് കേള്‍ക്കുമ്പോള്‍ ആ താരം ഒരു പ്രതിഭാസമായി മാറുന്നു. അതുകൊണ്ടാവും മനുഷ്യനും മുകളില്‍ ക്രിക്കറ്റിന്റെ ദൈവമെന്ന വിളിപ്പേര് ചാര്‍ത്തപ്പെട്ടത്. 2012-ല്‍, തന്റെ 39-ാം ജന്മദിനത്തിന് ഒരു മാസം മാത്രം ശേഷിക്കെ, 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന ആദ്യ കളിക്കാരനായും സച്ചിന്‍ മാറി. ഈ രണ്ട് റെക്കോഡുകളും ഇനിയാര്‍ക്കും മറികടക്കാന്‍ പറ്റാത്തതായി നില്‍ക്കുമ്പോള്‍ കോലിക്കുമുണ്ട് അഭിമാനം പകരുന്ന മറ്റൊരു റെക്കോഡ്. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ ഇന്ത്യക്കാരന്‍ ഇപ്പോഴും കോലിയാണ്. 2013ല്‍ ഓസ്ട്രേലിയക്കെതിരെ നൂറുതൊടാന്‍ കോലിക്ക് വേണ്ടി വന്നത് വെറും 52 പന്തുകളാണ്.

മാസ്മരികമായ ഇന്നിങ്സുകള്‍

സച്ചിന്റെയും കോലിയുടെയും ഇഷ്ടപ്പെട്ട ഇന്നിങ്സുകളിലേക്ക് ഓര്‍മകളുടെ ഒരു ബൗണ്ടറി തൊടുത്താല്‍ എത്രയെത്ര മത്സരങ്ങള്‍ നമുക്ക് ക്യാച്ചെടുക്കാനുണ്ടാവും. 1998ല്‍ ഷാര്‍ജ മരുഭൂമിയെ തഴുകിയെത്തിയ ആ റണ്‍കാറ്റ് അതിലാദ്യത്തെയാവും. ഓസ്ട്രേലിയയ്ക്കെതിരായ സച്ചിന്റെ 143 റണ്‍സ്. കൊക്കകോള കപ്പ് മത്സരത്തിന്റെ ഫൈനലിലും പിറന്നു സച്ചിന്റെ ബാറ്റില്‍നിന്ന് 134 റണ്‍സ്. മരുഭൂമിയില്‍ വീശിയടിച്ച ആ കൊടുങ്കാറ്റില്‍ സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് ലോകം കണ്ടുനിന്നു.

1992 ല്‍ പെര്‍ത്തില്‍ കണ്ടെത്തിയ 114 റണ്‍സിനെയും മറക്കാനാവില്ല. ആതിഥേയരായ ഓസ്ട്രേലിയന്‍ ടീമിലെ പേസര്‍മാരോട് പൊരുതിയും പിച്ചിലെ ബൗണ്‍സിനെതിരെ പിടിച്ചുനിന്നും നേടിയ ആ റണ്ണുകള്‍ക്കുമുണ്ട് പൊന്നുംവില.1999. ചെന്നൈയില്‍ പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലെ 136 റണ്‍സ്. ബദ്ധവൈരികള്‍ക്കെതിരെ ആ ടെസ്റ്റ് ജയിക്കാന്‍ ഇന്ത്യക്ക് അടിത്തറയിട്ട ഇന്നിങ്സ്. 2003ല്‍  പാകിസ്താനെതിരെ സെഞ്ചുറിയനിലും സച്ചിന്‍ ഇതേ പ്രകടനം പുറത്തെടുത്തു. അന്ന് പിറന്നത് 155 റണ്‍സ്.

2010ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു മറ്റൊരു ചരിത്രം പിറന്നത്. സച്ചിന്റെ ആദ്യ ഡബിള്‍ സെഞ്ചുറി. ഏകദിന ക്രിക്കറ്റിലെയും. 2012ല്‍ സച്ചിന്‍ ബംഗ്ലാദേശിനെതിരെ ഏഷ്യ കപ്പില്‍ ക്രിക്കറ്റിലെ തന്റെ നൂറാം സെഞ്ചുറി തികച്ചു. തൊട്ടടുത്ത വര്‍ഷം തന്റെ 200-ാം ടെസ്റ്റില്‍ പാഡ് അഴിച്ച് ഇന്ത്യക്കാരുടെ ക്രിക്കറ്റ് ദൈവം ക്രീസ് വിട്ടിറങ്ങി. അതിനും അഞ്ചുവര്‍ഷം മുന്നേയാണ് വിരാട് കോലി നൂറുകള്‍ തേടിയുള്ള തന്റെ അശ്വമേധത്തിന് തുടക്കമിടുന്നത്. ശ്രീലങ്കയ്ക്കെതിരെ ആദ്യത്തെ സെഞ്ചുറി. 2012 ല്‍ പാകിസ്താനെതിരെ പുറത്താവാതെ നേടിയ 183 റണ്‍സ്. ക്രിക്കറ്റ് ലോകം ഓര്‍ത്തുവെക്കുന്ന ആവേശകരമായ ഇന്നിങ്സുകളിലൊന്ന്. സമ്മര്‍ദഘട്ടത്തില്‍ പിന്തുടര്‍ന്ന് നേടിയ ഈ റണ്‍സുകളാണ് ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്.

2014ല്‍ ഓസ്ട്രേലിയക്കെതിരായ 169. അഡലെയ്ഡ് ടെസ്റ്റില്‍ കോലി സ്‌കോര്‍ ചെയ്ത ഈ റണ്ണുകള്‍ ഓസ്ട്രേലിയയുടെ ശക്തമായ പേസ് ആക്രമണത്തെ എതിരിട്ടുകൊണ്ടായിരുന്നു. മത്സരം ഇന്ത്യക്ക് നഷ്ടമായെങ്കിലും കോലിയുടെ പോരാട്ടവീര്യം ആരാധകരുടെ മനസ്സിലെ മുറിവുണക്കി.2016 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിലാണ് കോലിയുടെ തനിസ്വരൂപം വീണ്ടും കണ്ടത്. 235 റണ്‍സ്. മുംബൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ജയവും പരമ്പരയും എളുപ്പമാക്കിയത് ഈ റണ്ണുകളാണ്. 2016 ല്‍ ഓസ്ട്രേലിയക്കെതിരായ 20 ട്വന്റി മത്സരത്തില്‍ പുറത്താവാതെ നേടിയ 82 റണ്ണുകള്‍ക്കുമുണ്ട് പൊന്നുംവില. സമ്മര്‍ദഘട്ടം കടന്ന് ഇന്ത്യയെ വിജയത്തിലാറാടിച്ച മഹത്തായ ഇന്നിങ്ങ്സുകളിലൊന്നായിരുന്നു അത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ചേസര്‍മാരിലൊരാളാണ് കോലി. സമ്മര്‍ദത്തിന്റെ കടല്‍ താണ്ടി എത്രയെത്ര തവണയാണ് കോലി ഇന്ത്യയുടെ വിജയനൗകയെ ഒറ്റയ്ക്ക് കരയ്ക്കടുപ്പിച്ചിരിക്കുന്നത്. 2012ല്‍ ഹോബാര്‍ട്ടില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 133 റണ്ണിനും ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2018ല്‍ നേടിയ 122 റണ്ണിനുമൊക്കെയുള്ള തിളക്കം നാളുകള്‍ കഴിയുന്തോറും കൂടിക്കൊണ്ടിരിക്കുന്നേയുള്ളൂ,സ്വര്‍ണംപോലെ

പങ്കാളികളുടെ സ്വാധീനം

വ്യക്തിഗത മികവിനുവേണ്ടിയുള്ള കളിയെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുമെങ്കിലും കൂട്ടുകെട്ടുകള്‍ക്ക് ഇത്രയധികം പ്രാധാന്യമുള്ള ഗെയിം ക്രിക്കറ്റുപോലെ വേറെയില്ലെന്നതാണ് സത്യം. അതിനായി സച്ചിന്റെയും കോലിയുടെയും ക്രീസിലെ പങ്കാളികളുടെ റോളുകള്‍ ഒന്ന് വിശകലനം ചെയ്തുനോക്കിയാല്‍ മതി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച പങ്കാളികളിലൊരാളെ കൂട്ടിന് കിട്ടിയത് സച്ചിനാണ്. ഗാംഗുലിയുടെ സാമീപ്യം സച്ചിന്റെ ബാറ്റിങ്ങിന് ഒരേസമയം പ്രചോദനവും ആത്മവിശ്വാസവും ആശ്വാസവും നല്‍കിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ആക്രമണത്തില്‍ കോലിയുടെ ജ്യേഷ്ഠ ശൈലിയായിരുന്നു ഗാംഗുലിയുടേതും. ഇത് സച്ചിന്റെ സമ്മര്‍ദത്തെ അകറ്റിയിട്ടുണ്ടെന്ന് നിശ്ചയം. 1990 കളുടെ ഒടുവിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭൂരിപക്ഷം വിജയങ്ങളിലും ഈ കൂട്ടുകെട്ട് വലിയ പങ്കുവഹിച്ചത് ചരിത്രം.

ഗാംഗുലി വീണാല്‍ പിന്നാലെ വരുന്ന രാഹുല്‍ ദ്രാവിഡും സച്ചിന്റെ മനസ്സറിഞ്ഞ് കളിക്കാന്‍ മിടുക്കനായിരുന്നു. ക്രീസില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന രാഹുലിന്റെ ക്ഷമയും സച്ചിന്റെ ബാറ്റിങ് ധ്യാനത്തെ സഹായിച്ചിട്ടുണ്ട്. ഗാംഗുലിയുടെ അഭാവത്തില്‍ മുന്നേറ്റത്തില്‍ തുണയായി വന്ന് വിസ്ഫോടനം നടത്തിയ സേവാഗും സച്ചിന് പറ്റിയ പങ്കാളിയായി. സേവാഗിന്റെ പൊട്ടിത്തെറികള്‍ സച്ചിനെയും ആക്രമണത്തിന്റെ പാതയിലേക്ക് തുറന്നുവിട്ടു. ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമൊക്കെ അവരുടെ ആക്രമണത്തിന്റെ ചൂട് ഒരുമിച്ചറിഞ്ഞു.

കോലിയുടെ കൂട്ടുകെട്ടുകളാവട്ടെ കൂടുതലും രോഹിതിനും ധോണിക്കുമൊപ്പമാണ്. രണ്ടുപേരും ആക്രമണത്തില്‍ കോലിയുടെ അതേ മതത്തില്‍ വിശ്വസിക്കുന്നവര്‍. സ്വാഭാവികമായും പിച്ചില്‍ റണ്‍സൊഴുകി. സൗഹൃദത്തിന്റെ കാര്യത്തിലെ അടുപ്പവും അകല്‍ച്ചയുമൊന്നും ക്രീസില്‍ അധികം പ്രതിഫലിച്ചില്ലെന്നതിന്റെ തെളിവ് ആ കൂട്ടുകെട്ടുകള്‍ വാരിക്കൂട്ടിയ റണ്ണുകളില്‍ തന്നെയുണ്ട്. ധോണിയുടെ പരിചയസമ്പത്തും രോഹിതിന്റെ രണ്ടുംകല്‍പ്പിച്ചുള്ള കൂറ്റനടികളും കോലിയുടെ ആക്രമണ ശൈലിയും ചേര്‍ന്ന് ഇന്ത്യക്ക് വിജയ പാത തീര്‍ത്ത എത്രയോ മത്സരങ്ങള്‍. രോഹിതുമൊത്ത് ടോപ്പ് ഓര്‍ഡറില്‍ ഏറെ നേരം നീളുന്ന ഇന്നിങ്സുകള്‍ കോലി കെട്ടിപ്പടുത്തിട്ടുണ്ട്. പക്ഷേ ഫീല്‍ഡിലും പുറത്തും പലപ്പോഴും ഇവര്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങള്‍ പ്രതിഫലിക്കുന്നതും ക്രിക്കറ്റ് പ്രേമികള്‍ കണ്ടു. അതില്‍ മൗനം പാലിക്കുന്ന രോഹിത് കോലിയുടെ പ്രതിഭയെ ബഹുമാനിക്കുന്നതും മറ്റൊരു കാഴ്ച.

സച്ചിനും കോലിയും-കണക്കുകളിലെ കളികള്‍
സച്ചിന്‍
ടെസ്റ്റുകള്‍-200
ഇന്നിങ്സുകള്‍-329
നോട്ട് ഔട്ട്-33
മൊത്തം റണ്‍സ്-15921
ഉയര്‍ന്ന സ്‌കോര്‍- 248.
ശരാശരി- 53.78
സെഞ്ചുറികള്‍- 51
അര്‍ധ സെഞ്ചുറി- 68

വിരാട് കോലി
ടെസ്റ്റ്-111
ഇന്നിങ്സ് -187
നോട്ടൗട്ട് -11
മൊത്തംറണ്‍സ് -8676
ഉയര്‍ന്ന സ്‌കോര്‍- 254
ശരാശരി -49.29
സെഞ്ചുറി- 29
അര്‍ധ സെഞ്ചുറി- 29

ഏകദിന മത്സരങ്ങള്‍
സച്ചിന്‍
മത്സരം- 463
ഇന്നിങ്സ് -452
നോട്ടൗട്ട് -41
റണ്‍സ്- 18426
ഉയര്‍ന്ന സ്‌കോര്‍ -200 നോട്ടൗട്ട്
ശരാശരി -44.83
സെഞ്ചുറി- 49
അര്‍ധ സെഞ്ചുറി- 96

വിരാട് കോലി
മത്സരം- 289
ഇന്നിങ്സ് -277
നോട്ടൗട്ട് -44
റണ്‍സ് -13626
ഉയര്‍ന്ന സ്‌കോര്‍- 183
ശരാശരി- 58.48
സെഞ്ചുറി- 49
അര്‍ധസെഞ്ചുറി- 70
(സച്ചിന്‍ ഒരു 20 ട്വന്റി മത്സരമേ കളിച്ചിട്ടുള്ളു. കോലിയാവട്ടെ 115 . അതുകൊണ്ടുതന്നെ ആ കണക്ക് ഈ താരതമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.)

ശരവേഗം കോലി

സത്യത്തില്‍ 49 നൂറിലെത്താന്‍ സച്ചിനേക്കാള്‍ 174 ഇന്നിങ്സുകള്‍ കുറച്ചേ കോലി കളിച്ചിട്ടുള്ളൂ. സച്ചിന്‍ കളിച്ചതിനേക്കാള്‍ ഏഴുവര്‍ഷം കുറവും. കോലിക്ക് നാല്‍പത്തൊമ്പതിലെത്താന്‍ 15 വര്‍ഷം വേണ്ടി വന്നപ്പോള്‍ സച്ചിന്‍ അത്രയും സെഞ്ചുറികള്‍ നേടാന്‍ 22 വര്‍ഷമെടുത്തു. കോലിയുടെ ഇന്നിങ്സിന്റെ വേഗം ഇതില്‍നിന്ന് മനസ്സിലാക്കും. തീരമടുക്കാന്‍ ധൃതിയുള്ള കപ്പിത്താനാണ് അയാള്‍. ഇതുപോലെ സച്ചിന്റെ കണക്കുകളുടെ മേല്‍ കോലിക്ക് മുന്‍തൂക്കം നല്‍കുന്നത് സ്‌കോര്‍ ചേസ് ചെയ്തപ്പോള്‍ നേടിയ സെഞ്ചുറികളുടെ എണ്ണമാണ്. ലക്ഷ്യം പിന്തുടര്‍ന്നുള്ള യാത്രകളില്‍ 27 സെഞ്ചുറികള്‍ കോലിയുടെ ബാറ്റ് കണ്ടെത്തി. അതില്‍ 23 എണ്ണവും ഇന്ത്യ ജയിക്കുകയും ചെയ്തുവെന്നതാണ് സന്തോഷം ഇരട്ടിപ്പിക്കുന്ന നേട്ടം. സച്ചിനാവട്ടെ ചേസ് ചെയ്തുപോയപ്പോള്‍ അടിച്ച സെഞ്ചുറികള്‍ 17 എണ്ണമാണ്. അതില്‍ 13 എണ്ണത്തിലാണ് ടീം വിജയിച്ചത്.എന്നാല്‍ ആദ്യം ബാറ്റുചെയ്ത് നേടിയ സെഞ്ചുറികളില്‍ കോലിക്ക് മുകളില്‍ സച്ചിന് വലിയ മേധാവിത്വമുണ്ട്. ഫസ്റ്റ് ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ സച്ചിന്റെ ബാറ്റില്‍നിന്ന് പിറന്ന സെഞ്ചുറികളുടെ എണ്ണം 32. പക്ഷേ കോലിക്ക് 22 സെഞ്ചുറികളേ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ കണ്ടെത്താനായുള്ളൂ.

സച്ചിന്‍ ടീമിലുണ്ടായിരുന്നപ്പോള്‍ 50.54 ശതമാനം മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചു. പക്ഷേ കോലിയുടെ വിജയശതമാനം ഇതിനും മുകളിലാണ്. 61.59 ശതമാനം. അതായത് സച്ചിന്റെ 49 സെഞ്ചുറികളില്‍ ഇന്ത്യക്ക് ജയം കൊണ്ടുവന്നത് 33 എണ്ണം മാത്രം. കോലിയുടെ 49ല്‍ 41ലും ഇന്ത്യ വിജയം വരിച്ചു. സച്ചിന്റെ സെഞ്ചുറികളില്‍ ഒമ്പതെണ്ണം ഓസ്ട്രേലിയക്കെതിരെയാണ്. കോലിക്കാവട്ടെ ശ്രീലങ്കയായിരുന്നു പ്രിയപ്പെട്ട എതിരാളികള്‍. അവരില്‍നിന്ന് പത്ത് സെഞ്ചുറികള്‍ അദ്ദേഹം കണ്ടെത്തി.

റെക്കോഡുകള്‍ വീഴുമോ

ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറി ഉടമയെന്ന റെക്കോഡിലേക്ക് കോലിക്ക് ഇനി വെറും നൂറു റണ്‍സിന്റെ ദൂരമേയുള്ളൂ. അപ്പോഴും കോലിക്ക് എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ പറ്റാത്തൊരു റെക്കോഡ് കൂടെയുണ്ട് സച്ചിന്‍ ആരാധകര്‍ക്ക് മറുപടിയായി മുന്നില്‍ വെക്കാന്‍. ടെസ്റ്റില്‍ കോലിയുടെ ഇരട്ടിയുടെ അടുത്ത് റണ്‍സുണ്ട് സച്ചിന്. 200 മത്സരങ്ങളില്‍നിന്ന് സച്ചിന്‍ കണ്ടെത്തിയ 15921 റണ്‍സില്‍ തൊടണമെങ്കില്‍ കോലിക്ക് ഇനിയുമൊരു പത്തുവര്‍ഷം കൂടെ ബാറ്റ് വീശേണ്ടി വരും. അത്രയും കാലം ടീമില്‍ തുടരുകയെന്നത് അസാധ്യമായൊരു മോഹവും. ടെസ്റ്റ് ശരാശരിയിലും സച്ചിന്‍ തന്നെയാണ് മുന്നില്‍. 53.79. കോലിക്ക് 49.30 റണ്‍സാണ് ടെസ്റ്റ് ശരാശരി.

ഏകദിനത്തിലും സച്ചിന്‍ എടുത്ത റണ്ണുകളില്‍ തൊടാന്‍ ശ്രമിക്കുന്നതും കോലിക്ക് അത്ര എളുപ്പമാവില്ല. കോലി നേടിയ 13626 റണ്ണിന്റെ സ്ഥാനത്ത് സച്ചിന് 18426 റണ്‍സിന്റെ സമ്പാദ്യമുണ്ട്. കടമായുള്ള 4800 റണ്‍സ് സമ്പാദിക്കാന്‍ ചുരുങ്ങിയത് നാലുവര്‍ഷമെങ്കിലും കോലി ക്രീസില്‍ തുടരേണ്ടി വരും. ആ മല കയറാനുള്ള സമയം കോലിയില്‍ അവശേഷിക്കുന്നുണ്ടോ എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു, ക്രിക്കറ്റ് സെലക്ടര്‍മാരും.അപ്പോഴും കോലിയുടെ ഏകദിന ശരാശരി സച്ചിന്‍ ആരാധകരുടെ കണ്ണ് മഞ്ഞളിപ്പിക്കും. സച്ചിന് 44.83 റണ്‍സ് ശരാശരിയുള്ളപ്പോള്‍ കോലിയുടേത് 58.48 റണ്‍സാണ്. ക്യാപ്റ്റനെന്ന നിലയിലും കോലിയുടെ സ്ഥാനം സച്ചിന് മുകളിലാണ്.

98 മത്സരങ്ങളിലാണ് സച്ചിന്‍ ഇന്ത്യയെ നയിച്ചത്. 25 ടെസ്റ്റുകളും 73 ഏകദിനങ്ങളും. അതില്‍ 27 വിജയങ്ങള്‍. നാല് ടെസ്റ്റുകളിലും 23 ഏകദിനങ്ങളിലുമാണ് സച്ചിന്‍ ഇന്ത്യയെ പാസാക്കിയത്. എന്നാല്‍ 68 ടെസ്റ്റ് മത്സരങ്ങളില്‍ നായകനായ കോലിക്ക് 40 എണ്ണത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാനായി. 17 പരാജയങ്ങളും 11 സമനിലകളും മാത്രം. 91 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ കോലി നേടിയത് 65 വിജയങ്ങളാണ്. ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടിയ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണി പോലും ഈ വിജയശതമാനത്തില്‍ കോലിക്ക് പിന്നിലേ എത്തൂ. ഏകദിനത്തില്‍ 2008ലാണ് കോലിയുടെ അരങ്ങേറ്റം. ധാംബുള്ളയില്‍ ശ്രീലങ്കയ്ക്കെതിരെ. സച്ചിനാവട്ടെ 1989 ല്‍ പാകിസ്താനെതിരെയും. ആ പത്തൊമ്പത് വര്‍ഷങ്ങളുടെ അകലം പറയുന്നുണ്ട് കണക്കുകളിലും കളികളിലുമുള്ള വ്യത്യാസങ്ങള്‍.

ഒടുവിലൊരു ഗൂഗ്ലിപോലെ ആ പന്ത് വീണ്ടും ക്രീസിലേക്ക് കറങ്ങി തിരിഞ്ഞു വരുന്നുണ്ട്. 'ആരാണ് മികച്ചത്. സച്ചിനോ അതോ കോലിയോ.' തത്കാലം ആ ചോദ്യം നമ്മുടെ മനസ്സില്‍തന്നെ വിശ്രമിക്കട്ടെ. ഇപ്പോള്‍ കോലി വീണ്ടും ബാറ്റ് വീശട്ടെ. ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ദൂരം ഇനിയും കുറയട്ടെ. അതുകണ്ട് സച്ചിന്‍ ചിരിക്കട്ടെ.