
കൊച്ചി: 66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വര്‍ണാഭമായ തുടക്കം. മാനത്ത് തെളിഞ്ഞ മഴക്കാറ് സൃഷ്ടിച്ച ആശങ്കകള്‍ക്കിടെ 'കളറായി' ഉദ്ഘാടനച്ചടങ്ങുകള്‍. 14 ജില്ലകളില്‍നിന്നെത്തിയ 3500-ഓളം കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. നവംബര്‍ 4 മുതല്‍ 11 വരെ പതിനേഴ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ നാലായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റേകി. ജില്ലയുടെ വൈവിധ്യം വിളിച്ചോതുന്ന കൊച്ചിന്‍ കാര്‍ണിവലും അത്തച്ചമയവും കലാപരിപാടികളുടെ ഭാഗമായി. വൈകിട്ട് നാലോടെ മന്ത്രി വി. ശിവന്‍കുട്ടിയാണ് കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സാംസ്‌കാരിക പരിപാടികള്‍ മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയും നിര്‍വഹിച്ചു.
മേളയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പി.ആര്‍. ശ്രീജേഷ് വേദിയില്‍ ദീപശിഖ കൊളുത്തി. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സ്‌കൂളുകള്‍ പങ്കെടുക്കുന്നത്.

അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്നത് പ്രധാന വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ്. നവംബര്‍ ഏഴ് മുതലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. കേരള സ്‌കൂള്‍ കായിക മേളയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ കോട്ടയം ജില്ലയ്ക്ക് ഒന്നാംസ്ഥാനം. കൊല്ലം ജില്ലയാണ് രണ്ടാമത്. ആതിഥേയരായ എറണാകുളം ജില്ല മൂന്നാമതെത്തി.
Content Highlights: kerala school sports meet 2024 inauguration at ernakulam
Published: 04 Nov 2024, 08:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented