തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി തൃശ്ശൂര്‍ ടൈറ്റന്‍സ്. സിജോമോന്‍ ജോസഫിന് പകരം 22-കാരന്‍ ഷോണ്‍ റോജറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ടൈറ്റന്‍സ് നാലു വിക്കറ്റിനാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ തൃശ്ശൂര്‍ നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 134/6 (19.2 ഓവര്‍). 

To advertise here,

49 റൺസോടെ ഷോണ്‍ റോജർ തന്നെയാണ് ടീമിനെ മുന്നില്‍നിന്ന് നയിച്ചത്. 50 പന്തുകളിൽ 49 റൺസ് നേടിയ താരത്തിന്റെ ഇന്നിങ്സിൽ ആറ് ഫോറുകളും ഉൾപ്പെടുന്നു. നാലോവറില്‍ 16 റണ്‍സ് വിട്ടുനല്‍കി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ സിബിന്‍ ഗിരീഷും തൃശ്ശൂര്‍ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. മുഹമ്മദ് കൈഫ്, ടി.കെ. അക്ഷയ്, മുഹമ്മദ് ഇനാന്‍, മുഹമ്മദ് നാസില്‍ എന്നിവരാണ് സിബിന്റെ ഇരകളായത്. ഓപ്പണര്‍ കെ.ആര്‍. രോഹിത് (30), അക്ഷയ് മനോഹര്‍ (16) എന്നിവരും ടൈറ്റൻസിൽ രണ്ടക്കം കടന്നു. ആലപ്പിക്കായി മുഹമ്മദ് നാസിൽ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ നേടി.

ആദ്യം ബാറ്റുചെയ്ത ആലപ്പി, ടി.കെ. അക്ഷയ്‌യുടെ (38 പന്തില്‍ 49) ഇന്നിങ്‌സ് ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. അഭിഷേക് പി. നായര്‍ (22), എം.പി. ശ്രീരൂപ് (24), കെ.എ. അരുണ്‍ (13) എന്നിവര്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ ആദ്യ പന്തില്‍ത്തന്നെ റണ്ണൗട്ടായി പുറത്തായി. ഒരു റണ്ണുമായി ജലജ് സക്‌സേനയും മടങ്ങിയതോടെ ടീമിന്റെ നില പരുങ്ങലിലായി. തൃശ്ശൂരിനായി സി.വി. വിനോദ്കുമാര്‍ രണ്ടും ആനന്ദ് ജോസഫ്, കെ. അജിനാസ് എന്നിവര്‍ ഒന്നും വിക്കറ്റുകള്‍ നേടി.