കേരള ക്രിക്കറ്റ് ലീഗിന് (കെസിഎല്‍) കാര്യവട്ടത്ത് കമന്ററി പറയാന്‍ എത്തിയത് മിസ് ഇന്ത്യ മത്സരത്തിലെ ജേതാവ്. 2024-ലെ ഫെമിനാ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ് ഗുജറാത്ത് സ്വദേശി ആയുഷി ധൊലാക്കിയയാണ് കമന്ററി പറഞ്ഞത്. സ്റ്റേഡിയത്തില്‍ നിന്ന് നേരിട്ട് കമന്ററി പറയുകയും ഡഗ് ഔട്ടില്‍ താരങ്ങളുടെയും പരിശീലകരുടെയും ഇന്റര്‍വ്യൂ നടത്തുകയും ചെയ്താണ് ആയുഷി സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. കേരള ക്രിക്കറ്റ് അസോസിയേഷനായി പ്രചാരണം നടത്തുന്ന ഏജന്‍സിയുടെ ഭാഗമായാണ് ആയുഷി കെസിഎല്ലിനെത്തിയത്.

To advertise here,

കെസിഎയുടെ സാമൂഹികമാധ്യമ പേജുകളില്‍ ഈ അഭിമുഖങ്ങള്‍ തത്സമയം അപ്ലോഡ് ചെയ്തു. കൂടാതെ മത്സരത്തിന്റെ ഇടവേളകളില്‍ കൃത്യമായ അപ്ഡേഷനുകളും വിവരണങ്ങളും ആയുഷി നല്‍കി. സ്റ്റാര്‍ സ്പോര്‍ട്സിന്റെ സാമൂഹിക മാധ്യമ പേജിലും ഇത് പങ്കുവെച്ചു. ആയുഷിയുടെ സാമൂഹിക മാധ്യമങ്ങളിലൂടെയും ഈ വീഡിയോസും വിവരണങ്ങളും പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് ഈ വീഡിയോകള്‍ കണ്ടത്.

കേരള ക്രിക്കറ്റ് അസോസിയേഷനുവേണ്ടിയും കെസിഎല്‍ ആയുഷി വീഡിയോസ് തയ്യാറാക്കിയിരുന്നു. വഡോദര സ്വദേശി ഡോ. മൗലേഷിന്റെയും ചിത്രകാരിയായ ദീപാലിയുടെയും മകളാണ് ആയുഷി.

മിസ് ഇന്ത്യ റണ്ണര്‍ അപ് എന്ന നേട്ടം കൈവരിച്ചെങ്കിലും സിനിമയല്ല ആയുഷിയുടെ ലക്ഷ്യം. ഹാന്‍ഡ്ബോള്‍ താരമായിരുന്നതിനാല്‍ മികച്ച സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍ ആവുകയെന്നതാണ് ലക്ഷ്യം. മാസ് കമ്യൂണിക്കേഷനില്‍ മുംബൈയിലെ വിസിലിങ് വുഡ്സ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും നേടിയിട്ടുണ്ട്.

നേരത്തെ ബറോഡാ പ്രീമിയര്‍ ലീഗിലും കമന്ററി പറഞ്ഞിരുന്നു. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്രിക്കറ്റ് താരങ്ങള്‍ സൗഹൃദത്തോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയതെന്ന് ആയുഷി ഓര്‍ക്കുന്നു. ഓണക്കാലത്ത് തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ഇവിടത്തെ ഭക്ഷണവും കാലാവസ്ഥയും ഇഷ്ടമായെന്നും ആയുഷി പറയുന്നു.