തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ചൊവ്വാഴ്ച കൊച്ചി ബ്ലൂടൈഗേഴ്‌സ് വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നേരിട്ടത്. മത്സരത്തില്‍ കൊച്ചി മൂന്ന് വിക്കറ്റിന് ജയിച്ചു. സഞ്ജു ഇനിയങ്ങോട്ട് സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനുവേണ്ടി കളിച്ചേക്കില്ല. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെ യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ അതിനുവേണ്ടിയുള്ള ഒരുക്കത്തിലായിരിക്കും താരം. മുഹമ്മദ് ഷാനുവിനെ കൊച്ചിയുടെ പുതിയ വൈസ് ക്യാപ്റ്റനായി നിശ്ചയിച്ചു. 

To advertise here,

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കൊച്ചിക്കായി ബാറ്റിങ്ങില്‍ എ. ജിഷ്ണുവും (25 പന്തില്‍ 45), ബൗളിങ്ങില്‍ പി.എസ്. ജെറിന്‍, പി.കെ. മിഥുന്‍, ജോബിന്‍ ജോബി (മൂവരും രണ്ടുവീതം വിക്കറ്റുകള്‍) എന്നിവര്‍ തിളങ്ങി. ആദ്യം ബാറ്റുചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊച്ചി 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കാലിക്കറ്റിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റുകള്‍ നേടി. 

ഒന്‍പത് മത്സരങ്ങളില്‍നിന്ന് ഏഴ് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ തലപ്പത്ത് തുടരുന്ന കൊച്ചി, ഇതിനകംതന്നെ സെമി ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു. 14 പോയിന്റാണ് ടീമിന്. രണ്ടാംസ്ഥാനത്തുള്ള കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് അത്രയുംതന്നെ മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി രണ്ടാംസ്ഥാനത്ത് തുടരുന്നു. തൃശ്ശൂര്‍ ടൈറ്റന്‍സാണ് മൂന്നാമത്. എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ട്രിവാന്‍ഡ്രം റോയല്‍ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.