തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരേ തൃശ്ശൂര്‍ ടൈറ്റന്‍സിന് നാലുവിക്കറ്റ് ജയം. കാലിക്കറ്റ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 18.1 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: കാലിക്കറ്റ്-165/9 (20 ഓവര്‍). തൃശ്ശൂര്‍-169/6 (18.1 ഓവര്‍). അര്‍ധ സെഞ്ചുറി നേടിയ ആനന്ദ് കൃഷ്ണന്റെ ഇന്നിങ്‌സാണ് തൃശ്ശൂരിന്റെ ജയം എളുപ്പമാക്കിയത്. പുറത്താവാതെ 44 റണ്‍സ് നേടിയ അജു പൗലോസും ടീം ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 

To advertise here,

34 പന്തുകളില്‍നിന്ന് അഞ്ച് സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 60 റണ്‍സാണ് ആനന്ദ് കൃഷ്ണന്‍ നേടിയത്. ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍ 15 പന്തില്‍നിന്ന് മൂന്നുവീതം സിക്‌സും ഫോറുമായി 34 റണ്‍സും നേടി. സിബിന്‍ ഗിരീഷ് (15), അക്ഷയ് മനോഹര്‍ (5), ആദിത്യ വിനോദ് (5*), അഹമ്മദ് ഇമ്രാന്‍ (1), എ.കെ. അര്‍ജുന്‍ (1*) എന്നിങ്ങനെയാണ് മറ്റ് അംഗങ്ങളുടെ സമ്പാദ്യങ്ങള്‍. കാലിക്കറ്റിനായി പി. മുഹമ്മദ് അന്‍ഫാല്‍, അജിത് രാജ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ സുധീഷ് മിഥുന്‍, അഖില്‍ ദേവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ് കാലിക്കറ്റിന്റെ ടോപ് സ്‌കോറര്‍. 26 പന്തുകളില്‍ 40 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ ശരത്ചന്ദ്രപ്രസാദ് പുറത്താക്കി. തുടര്‍ന്ന് അടുത്തടുത്ത ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് കാലിക്കറ്റിന്റെ റണ്‍റേറ്റിനെ ബാധിച്ചു. പ്രീതിഷ് പവനും അഖില്‍ സ്‌കറിയയും നാല് റണ്‍സ് വീതം നേടിയും അജിനാസും അന്‍ഫലും അഞ്ച്  റണ്‍സ് വീതമെടുത്ത് പുറത്തായി. 

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സച്ചിന്‍ സുരേഷും കൃഷ്ണദേവനും ചേര്‍ന്ന കൂട്ടുകെട്ട് കാലിക്കറ്റിന് തുണയായി. അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 54 റണ്‍സാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 150 കടത്തിയത്. കഴിഞ്ഞ മത്സരരങ്ങളിലെ മികവ് ആവര്‍ത്തിച്ച കൃഷ്ണദേവന്‍ 14 പന്തുകളില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 26 റണ്‍സെടുത്തു.സച്ചിന്‍ സുരേഷ് 32 റണ്‍സെടുത്തു. തൃശൂരിന് വേണ്ടി ശരത്ചന്ദ്രപ്രസാദ്, സിബിന്‍ ഗിരീഷ്, അമല്‍ രമേഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.