തിരുവനന്തപുരം: സഞ്ജു സാംസൺ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നായകനായേക്കുമെന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായ കിരൺ മോറെ. ഇന്ത്യന്‍ ടീമിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സഞ്ജുവെന്നും താരത്തിന്റെ ബാറ്റിങ് ആസ്വാദ്യകരമാണെന്നും മോറെ അഭിപ്രായപ്പെട്ടു. രാജ്യത്തെ മറ്റ് ലീ​ഗുകളെ താരതമ്യം ചെയ്യുമ്പോൾ കേരള ക്രിക്കറ്റ് ഏറെ മികച്ചതാണെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു. 

To advertise here,

അവിശ്വസനീയമാണ് സഞ്ജു സാംസണിന്റെ കരിയര്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് അദ്ദേഹം. ഇന്ത്യക്കായി മികച്ച രീതിയിലാണ് സഞ്ജു കളിക്കുന്നതെന്നും ഇന്ത്യന്‍ ടീമിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹമെന്നും കിരണ്‍ മോറെ പറഞ്ഞു. മനോഹരമാണ് സഞ്ജുവിന്റെ ഷോട്ടുകളും ടൈമിങ്ങും. അത് ആസ്വാദ്യകരമാണ്. രോഹിത് ശര്‍മയെപ്പോലെ ഒരു ക്ലാസ് താരമാണ് അദ്ദേഹം. ഭാവിയില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ നായകനായേക്കാം. - മോറെ പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീമാണ് കേരളം. ടി20 യിലും ഏകദിനത്തിലും മികച്ച ടീം കേരളത്തിനുണ്ട്. ക്രിക്കറ്റിലെ കേരളത്തിന്റെ വളർച്ച ​ഗംഭീരമാണ്. നിലവാരമുള്ള ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ ഒരുപാട് സൗകര്യങ്ങള്‍ കേരളത്തിലുണ്ട്. അതില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വലിയ പങ്കുണ്ട്. ഞാന്‍ രാജ്യത്തെ ഒരുപാട് ടൂര്‍ണമെന്റുകള്‍ കണ്ടിട്ടുണ്ട്. കണ്ടതില്‍ ഏറ്റവും മികച്ച ആഭ്യന്തര ക്രിക്കറ്റ് ലീഗാണ് കെസിഎല്‍. - മോറെ പറഞ്ഞു.