തിരുവനന്തപുരം: ശനിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂർവ്വ റെക്കോഡിനാണ്. ക്രിക്കറ്റിൽ ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ  തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായിക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ ഇതാദ്യമാണ്. ഈ നേട്ടമാണ് സൽമാൻ നിസാർ സ്വന്തമാക്കിയത്. 

To advertise here,

കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരായ മൽസരത്തിൽ 19-ാം ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സർ പായിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം സൽമാൻ അവസാന ഓവറിലെ എല്ലാ പന്തുകളിലും സിക്സർ നേടുകയായിരുന്നു. വെറും 26 പന്തുകളിൽ 12 സിക്സുകളുടെ മികവിൽ പുറത്താകാതെ 86 റൺസാണ് സൽമാൻ നിസാർ നേടിയത്.

18 ഓവര്‍ അവസാനിക്കുമ്പോള്‍ 115-6 എന്ന നിലയിലവായിരുന്നു കാലിക്കറ്റ്. 13 പന്തില്‍ നിന്ന് 17 റണ്‍സുമായി സല്‍മാന്‍ നിസാറും രണ്ട് റണ്‍സുമായി അന്‍ഫലുമാണ് ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ അവസാന രണ്ട് ഓവറുകളില്‍ സല്‍മാന്‍ കത്തിക്കയറുന്നതാണ് കണ്ടത്. സല്‍മാന്‍ സിക്‌സറുകള്‍ കൊണ്ട് കളം നിറഞ്ഞപ്പോള്‍ ആരാധകര്‍ ഞെട്ടി. 

ബേസില്‍ തമ്പി എറിഞ്ഞ 19-ാം ഓവറില്‍ 31 റണ്‍സാണ് സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത്. ആദ്യ അഞ്ച് പന്തുകളും താരം അതിര്‍ത്തികടത്തി. അവസാനപന്തില്‍ സിംഗിളുമെടുത്തതോടെ ഓവറില്‍ 31 റണ്‍സ് പിറന്നു. സല്‍മാന്റെ പ്രകടനം അവിടെയും അവസാനിച്ചില്ല.

അവസാന ഓവറിലും സമാനമായിരുന്നു സ്ഥിതി. അഭിജിത്ത് പ്രവീണ്‍ എറിഞ്ഞ ഓവറില്‍ സല്‍മാന്‍ നേടിയതാകട്ടെ ആറുസിക്‌സറുകളാണ്. ഒരു പന്ത് വൈഡായി. മറ്റൊരു പന്ത് നോബോളാകുകയും രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. അതോടെ ഓവറില്‍ പിറന്നത് 40 റണ്‍സ്. അവസാന രണ്ടോവറില്‍ 71 റണ്‍സാണ് പിറന്നത്. ഒടുക്കം കാലിക്കറ്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സിലെത്തി.