തിരുവനന്തപുരം: ആവേശം അവസാനപന്ത് വരെ നിറഞ്ഞുനിന്ന കെസിഎൽ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ജയം. കൊല്ലം ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി മറികടന്നു. അവസാനപന്തിൽ ആറുറൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. സിക്സറടിച്ച് മുഹമ്മദ് ആഷിഖ് സഞ്ജു തുടങ്ങിവെച്ചത് പൂർത്തിയാക്കി. വെടിക്കെട്ട് സെഞ്ചുറിയുമായി സഞ്ജുവാണ് ടീമിന് നെടുംതൂണായത്.
കൊല്ലം ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊച്ചിയുടെത് തകർപ്പൻ തുടക്കമായിരുന്നു. ആദ്യ മത്സരങ്ങളിൽ തിളങ്ങാനാവാതിരുന്ന സഞ്ജു ഓപ്പണറായി വെടിക്കെട്ട് നടത്തിയതോടെ കൊച്ചി നാലോവറിൽ 64 റൺസെടുത്തു. ആദ്യ ഓവർ മുതൽ കൊല്ലം ബൗളർമാരെ തകർത്തടിച്ച താരം 16 പന്തിൽ അർധസെഞ്ചുറി തികച്ചു.
വിനൂപ് മനോഹരൻ(11) പുറത്തായെങ്കിലും പിന്നീടിറങ്ങിയ മുഹമ്മദ് ഷാനുവുമൊത്ത് സഞ്ജു സ്കോറുയർത്തി. ഷാനു സഞ്ജുവിനെപ്പോലെ വെടിക്കെട്ട് നടത്തിയപ്പോൾ ടീം 10 ഓവറിൽ 139- ലെത്തി. ബൗണ്ടറികൾ കൊണ്ട് ഗാലറിയിൽ ആരവം തീർത്ത സഞ്ജു പിന്നാലെ മൂന്നക്കം തൊട്ടു. 42 പന്തിലാണ് സെഞ്ചുറിനേട്ടം. 13 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
ടീം സ്‌കോര്‍ 153 ല്‍ ഷാനു പുറത്തായി. 28 പന്തില്‍ 39 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നീടിറങ്ങിയ നായകന്‍ സാലി സാംസണ്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായതോടെ കൊച്ചി പ്രതിരോധത്തിലായി. പിന്നാലെ നിഖിലും മടങ്ങി. സഞ്ജു ക്രീസിലുള്ളതാണ് ടീമിന് പ്രതീക്ഷ നൽകിയത്. ടീമിനെ 200-കടത്തിയെങ്കിലും പിന്നാലെ സഞ്ജുവും മടങ്ങി. 121 റൺസെടുത്താണ് സഞ്ജു പുറത്തായത്. എന്നാൽ മുഹമ്മദ് ആഷിഖും ആൽഫി ഫ്രാൻസിസും സിക്സറുകൾ കൊണ്ട് ടീമിനെ ജയത്തോടടുപ്പിച്ചു. അവസാന ഓവറിൽ 17 റൺസാണ് വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തിൽ ടീം 11 റൺസെടുത്തു. അവസാന പന്തിൽ ആറ് റൺസാണ് ടീമിന് വേണ്ടിയിരുന്നത്. സിക്സറടിച്ച് ആഷിഖ് ടീമിന് ജയം സമ്മാനിച്ചു. ആഷിഖ് 18 പന്തിൽ 45 റൺസെടുത്തു.
ആദ്യം ബാറ്റുചെയ്ത ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. വിഷ്ണു വിനോദിന്റെയും നായകന്‍ സച്ചിന്‍ ബേബിയുടെയും അര്‍ധസെഞ്ചുറികളാണ് കൊല്ലത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വിഷ്ണു 41 പന്തില്‍ നിന്ന് 94 റണ്‍സെടുത്തു. മൂന്ന് ഫോറുകളും 10 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സച്ചിന്‍ ബേബിയാകട്ടെ 44 പന്തില്‍ നിന്ന് ആറ് വീതം ഫോറുകളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെ 91 റണ്‍സെടുത്തു.
അഭിഷേക് നായര്‍(8), രാഹുല്‍ ശര്‍മ(0), അഖില്‍ എം.എസ്.(11) എന്നിവര്‍ നിരാശപ്പെടുത്തി. ഷറഫുദ്ദീനും(8) അമല്‍ എജിയും(12) പുറത്താവാതെ നിന്നു. കൊച്ചിക്ക് വേണ്ടി പി.എസ്.ജെറിൻ രണ്ട് വിക്കറ്റും സാലി സാംസൺ, കെ.എം ആസിഫ്, എം ആഷിഖ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: kerala cricket league kochi kollam match
Published: 24 Aug 2025, 11:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented