തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് 14 റണ്‍സ് ജയം. കാലിക്കറ്റ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്ലം 188 റണ്‍സിന് പുറത്തായി. ഓപ്പണര്‍ അഭിഷേക് നായര്‍ മികച്ച തുടക്കം നല്‍കിയിട്ടും കൊല്ലത്തിന് ജയം സാധ്യമായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്ലത്തിന് നിശ്ചിത ഓവറില്‍ 188 റണ്‍സെടുക്കുന്നതിനിടെ പത്തുപേരെയും നഷ്ടമായി. 

To advertise here,

അവസാന ഓവറുകളില്‍ കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ കൃഷ്ണദേവനാണ് കാലിക്കറ്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പുറത്താവാതെ 32 റണ്‍സും മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ അഖില്‍ സ്‌കറിയ ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓപ്പണിങ്ങില്‍ പുതിയൊരു പരീക്ഷണവുമായിട്ടായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് കൊല്ലത്തിനെതിരെ ഇറങ്ങിയത്. ആദ്യമായി എസ്. മിഥുന്‍ ഓപ്പണറുടെ റോളിലെത്തി. എന്നാല്‍ ഒരു സിക്സര്‍ മാത്രം നേടി മിഥുന്‍ മടങ്ങി. രോഹന്‍ കുന്നുമ്മലും അജിനാസും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 75 റണ്‍സ് പിറന്നു. 46 റണ്‍സെടുത്ത അജിനാസിന്റെ ബാറ്റില്‍ നിന്നായിരുന്നു ഷോട്ടുകള്‍ കൂടുതലൊഴുകിയത്. വൈകാതെ 36 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും മടങ്ങി. തുടര്‍ന്നെത്തിയ സച്ചിന്‍ സുരേഷിനും കാര്യമായ സംഭാവനകള്‍ നല്കാനായില്ല. പതിവ് വേഗം കൈവരിക്കാനാകാതെ മുടന്തി നീങ്ങിയ കാലിക്കറ്റ് ഇന്നിങ്സ് കുതിച്ച് മുന്നേറിയത് അവസാന ഓവറുകളിലാണ്. അതിന് വഴിയൊരുക്കിയത് കൃഷ്ണദേവന്റെ തകര്‍പ്പന്‍ ഇന്നിങ്സും.

18-ാം ഓവറിന്റെ അവസാനത്തോടെ കൃഷ്ണദേവന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ അഞ്ച് വിക്കറ്റിന് 150 റണ്‍സെന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്. ഇന്നിങ്സില്‍ ബാക്കിയുള്ളത് 14 പന്തുകള്‍ മാത്രം. 19-ാം ഓവര്‍ മുതല്‍ നിറഞ്ഞാടിയ കൃഷ്ണദേവന്‍ ആ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും നേടി. ഷറഫുദ്ദീന്‍ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തില്‍ തന്നെ അഖില്‍ സ്‌കറിയ ഒരു സിംഗിള്‍ എടുത്ത് കൃഷ്ണദേവന് സ്ട്രൈക് കൈമാറി. തുടര്‍ന്ന് കണ്ടത് അവിശ്വസനീയമായൊരു ഇന്നിങ്സാണ്. ഓവറിലെ ബാക്കിയുള്ള അഞ്ച് പന്തും സിക്സര്‍ പറത്തിയതോടെ കാലിക്കറ്റിന്റെ സ്‌കോര്‍ 202-ലേക്ക്. വെറും 11 പന്തുകളില്‍ ഒരു ഫോറും ഏഴ് സിക്സുമടക്കം 49 റണ്‍സുമായി കൃഷ്ണദേവന്‍ പുറത്താകാതെ നിന്നു. 25 പന്തുകളില്‍ നിന്ന് 32 റണ്‍സുമായി അഖില്‍ സ്‌കറിയ മികച്ച പിന്തുണയായി. കൊല്ലം സെയിലേഴ്സിന് വേണ്ടി എ.ജി. അമലും എം.എസ്. അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ കൊല്ലം അതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വിനയായി. ഓപ്പണര്‍ അഭിഷേക് നായര്‍ ഇത്തവണയും മിന്നുന്ന ഫോം കണ്ടെത്തി. 50 പന്തില്‍ 74 റണ്‍സ് നേടിയ താരം മൂന്നുവീതം സിക്‌സും ബൗണ്ടറിയും ഇന്നിങ്‌സിലുള്‍പ്പെടുത്തി. അഭിഷേകാണ് ടോപ് സ്‌കോറര്‍. പിന്നീട് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (27) മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളൂ. വിഷ്ണു വിനോദ് (16), വത്സന്‍ ഗോവിന്ദ് (16), ഷറഫുദ്ദീന്‍ (12), എം. സജീവന്‍ അഖില്‍ (17) എന്നിവരും രണ്ടക്കം കടന്നവരിലുണ്ട്.