
തിരുവനന്തപുരം: കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) പ്രൊസസര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സര്‍വ്വകലാശാലയാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയെന്നും ഇതിനകം 16 പേറ്റന്റുകള്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'ന്യൂറോ സയന്‍സില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബ്രയിന്‍ കമ്പ്യൂട്ടിങ് ലാബ് സ്ഥാപിച്ചു. നൊബേല്‍ സമ്മാന ജേതാവും ഗ്രാഫീന്റെ ഉപജ്ഞാതാവുമായ സാര്‍ ആന്ദ്രെ ഗെയിം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയില്‍ വിസിറ്റിങ് പ്രൊഫസറായി ചേര്‍ന്നത് നേട്ടമാണ്.' -ബാലഗോപാല്‍ പറഞ്ഞു.
'സ്ഥാപിതമായി മൂന്നുവര്‍ഷത്തിനകം 200 കോടി രൂപയുടെ സഹായം ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്ന് സമാഹരിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 80-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നതുവഴി ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ക്യുബേറ്ററായി മാറാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞു.' -ധനമന്ത്രി പറഞ്ഞു.
'250 കോടി രൂപയുടെ വികസന പദ്ധതികള്‍ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടപ്പിലാക്കും. പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം മുതല്‍ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ വായ്പ്പയെടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും. വായ്പ്പകള്‍ക്ക് സര്‍ക്കാര്‍ പലിശയിളവ് സഹായം നല്‍കും.' -ബാലഗോപാല്‍ പറഞ്ഞു.
'ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി അക്കാദമിക് സഹകരണത്തിന് ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനായി പ്രത്യേക കേരളാ സ്‌പെസിഫിക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.' -ധനമന്ത്രി പറഞ്ഞു.
'കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് ചേരാന്‍ കഴിയും. പി.എച്ച്.ഡി. പൂര്‍ത്തിയാക്കുന്നവര്‍ കേരളത്തില്‍ മടങ്ങിയെത്തി അടുത്ത മൂന്നുവര്‍ഷം നാടിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കണമെന്ന വ്യവസ്ഥ ഇതിന്റെ ഭാഗമായി ഉണ്ടാകും. പ്രത്യേക സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്ത് കോടി രൂപ വകയിരുത്തുന്നു. കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക് മധ്യ മേഖലകളിലായി ആരംഭിക്കും. ഇതിനായുള്ള സ്ഥലം പിന്നീട് തീരുമാനിക്കും.' -കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
Content Highlights: Kerala Digital University gets development of rupees 250 crore in 2024 budget.
Published: 05 Feb 2024, 10:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented