ആലപ്പുഴ: മരുന്നുണ്ടയും മുളയരിപ്പായസവും മുതൽ പ്രമേഹരോഗികൾക്കു കഴിക്കാവുന്ന കഞ്ഞിയുമുൾപ്പെടെ രുചിച്ചറിയാം. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള ‘ആരോഗ്യ കർക്കടകം’ കർക്കടകം ഫെസ്റ്റിന് തിങ്കളാഴ്ച തുടക്കമാകും.

To advertise here,

പ്രമേഹരോഗികൾക്കു കഴിക്കാനാകുന്ന ചാമയരിക്കൊപ്പം മറ്റു കൂട്ടുകളും ചേർത്തുണ്ടാക്കുന്ന കഞ്ഞിയാണ് ഇത്തവണത്തെ ഹൈലൈറ്റ്. ഒൻപതിനം ധാന്യങ്ങളും ദശപുഷ്പവും ചേർത്തുണ്ടാക്കുന്ന മരുന്നുണ്ടയും ഇവിടെ ലഭിക്കും. ഒരു ഉണ്ട കഴിച്ചാൽ ഔഷധക്കഞ്ഞിയുടെ ഫലം കിട്ടുമെന്നു ഫെസ്റ്റിൽ പങ്കെടുക്കുന്ന വിജി പറയുന്നു. ഒരുമാസത്തോളം കേടുവരാതെയിരിക്കും.

മുളയരിപ്പായസവും ചുക്കുകാപ്പിയും ഇഡലിപ്പൊടിയുമെല്ലാം വിൽപ്പനയ്ക്കുണ്ട്. തത്സമയം പാചകംചെയ്തു നൽകുന്നതിനു പുറമേ ഇവയുടെ കൂട്ടുകളും ലഭിക്കും. എല്ലാം ഉണക്കിപ്പൊടിച്ചാണ് കൂട്ടുണ്ടാക്കുന്നത്. ചക്ക കൊണ്ടുള്ളവയുൾപ്പെടെ കുടുംബശ്രീയുടെ മറ്റുത്പന്നങ്ങളും ഇവിടെയുണ്ടാകും.

കളക്ടറേറ്റ് വളപ്പിൽ 26 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. ആറു യൂണിറ്റുകളാണ് പങ്കെടുക്കുന്നത്. ദിവസവും രാവിലെ 10 മുതൽ ആറുവരെയാണ് പ്രവർത്തനം. തിങ്കളാഴ്ച രാവിലെ 10-നു കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. നടൻ അനൂപ് ചന്ദ്രൻ ആദ്യ വിൽപ്പന നടത്തും.