കാലം ഒരുക്കുന്ന വിസ്‌മയങ്ങളാണ് ഋതുക്കളും ഋതുസംക്രമങ്ങളും. ഋതുഭേദങ്ങൾക്കനുസരിച്ച് ജീവിതം മാറുന്നു. ഇത് പ്രകൃതിനിശ്ചയം. മാറ്റങ്ങളുണ്ടാകുന്നത് ഭൗതികവ്യവസ്ഥകളിൽ മാത്രമല്ല, മനസ്സിലും ചിന്തയിലും കൂടിയാണ്. ഈ ആശയത്തോട് ചേർത്തുവെക്കാവുന്ന ചില കാര്യങ്ങളാണ് മീനാക്ഷി സംസാരിച്ചുകൊണ്ടിരുന്നത്.ആയുർവേദ വൈദ്യന്റെ മകളായ മീനാക്ഷി ഒരു തീർഥാടനം എന്നപോലെ വർഷത്തിലൊരിക്കലോ മറ്റോ കോട്ടയ്ക്കൽ വരുന്നു. കൺസൾട്ടേഷന് എന്നു പറഞ്ഞുകൂടാ, ഒരു സൗഹൃദസംഭാഷണത്തിന്.

To advertise here,

അവരെ ഒന്നു കേൾക്കാം:

'അച്ഛൻ ചികിത്സയിൽ ഉപയോഗിച്ചിരുന്ന ഒരു പ്രധാന മരുന്നായിരുന്നു മുത്തങ്ങ. അന്ന് ഗ്രഹണിയാണ് കുട്ടികളെ ബാധിച്ചിരുന്ന മഹാരോഗം. ഗ്രഹണി പിടിച്ച കുട്ടികൾ ആരോഗ്യം കുറഞ്ഞവരായിരുന്നു. വയറു വീർത്തുകെട്ടിയും കൈകാലുകൾ ശോഷിച്ചവരുമായിരുന്നു. രക്തപ്രസാദം തീരെയില്ല. അവർക്ക് അച്ഛൻ നൽകിയ പ്രധാന ഔഷധം മുത്തങ്ങയും ആഹാരം കാച്ചിയ മോരും പൊടിയരിച്ചോറും ആയിരുന്നു. ടോണിക് ആകട്ടെ ആട്ടിൻപാലും.

മുത്തങ്ങ പലവിധത്തിൽ കൊടുത്തിരുന്നു. മുത്തങ്ങ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ശർക്കര ചേർത്തുവെച്ച് ദാഹത്തിനനുസരിച്ച് കുടിക്കുക -ഇങ്ങനെയായിരുന്നു അച്ഛൻ പറഞ്ഞു കൊടുത്തിരുന്നത്.

'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം 

ഇതുതന്നെയല്ലേ മുസ്താരിഷ്ടം?' ആകണം. പഴയ ഗ്രാമീണ വൈദ്യശാലകളിൽ അരിഷ്ടം തയ്യാറാക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു. പിന്നെ കുപ്പിമരുന്ന്‌ വാങ്ങാനുള്ള പണക്കുറവ്. കാലം മാറി, എല്ലാനിലയ്ക്കും. മുസ്താരിഷ്ടം വൈദ്യശാലകളിൽ നിരന്നു. ഔഷധക്കുറിപ്പുകളിൽ മുസ്താരിഷ്ടം പ്രധാനസ്ഥാനം നേടി. മുസ്താരിഷ്ടം കുടിച്ചു വളർന്ന ശൈശവങ്ങളും ബാല്യങ്ങളും ഉണ്ടായി.അവരുടെയൊക്കെ മനസ്സിൽ ഇപ്പോഴും മുസ്താരിഷ്ടത്തിന്റെ രുചിയും മണവും ഉണ്ടാകും. അനുഭവങ്ങളും മുത്തങ്ങയെക്കുറിച്ചുള്ള തുടർപഠനങ്ങളും വിരൽചൂണ്ടുന്നത് കുടലിന്റെ ആരോഗ്യം നിലനിർത്താൻ ഏറ്റവും അനുയോജ്യമായ മരുന്നുകളിലൊന്നാണ് മുത്തങ്ങ എന്നതാണ്.

(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)