
ദേശങ്ങൾ കടന്ന് വർത്തമാനത്തിൽ പടർന്നപ്പോൾ പാട്ടിന്റെ പൂക്കൾ വിടർന്നു. അതിരുകൾ അലിഞ്ഞുപോകുന്ന സംഗീതത്തിന്റെ തുരുത്തായി ബോൾഗാട്ടി പാലസ് വേഷം പകർന്നു. ‘മാതൃഭൂമി’ കപ്പയുടെ രണ്ടാം ദിനത്തിലെ മ്യൂസിക് ടോക്കായിരുന്നു വേദി. സംഭാഷണത്തിനിടെ സിനിമയും ജനപ്രിയതയും ഹിറ്റുകളും കടന്നുവന്നു. സദസ്സിന്റെ ആവശ്യമുയർന്നപ്പോൾ നരേഷ് അയ്യർ മൈക്കെടുത്തു.
‘‘അന്തിവെയിൽ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ...’’ പച്ചമരത്തണലിലെ വേദിക്കു ചുറ്റും അൻവറിലെ ഗാനത്തിനൊപ്പം െെകയടിച്ച് സദസ്സ് താളം പിടിച്ചു. വർത്തമാനത്തിനിടെ ലോക്ഡൗൺകാലത്ത് മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞ ചായപ്പാട്ടാണ് ഗായിക സിതാര കൃഷ്ണകുമാർ പാടിയത്.
‘‘ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ പങ്കുചേരുവാൻ വന്നൊരു മധുരമുള്ള വേദനേ...’’ സിതാരയുടെ പാട്ടിനൊപ്പം താളമിട്ട് ചെറുപ്പക്കാർ ചാഞ്ഞിരുന്നു ‘‘പാലാപ്പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണേ... ഒരുക്കുമ്പോൾ അതിത്ര ജനപ്രിയമാകുമെന്നു കരുതിയില്ല. ഇപ്പോൾ അത് പാടാത്ത ഒരു സ്റ്റേജ് പോലുമില്ല’’ - സംഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞു. സദസ്സിൽ നിന്ന് ആവശ്യമുയർന്നപ്പോൾ പിന്നാലെ ജേക്സ് ബിജോയ് പാലാപ്പള്ളി പാടി.
പുച്ഛിസ്റ്റുകളാകേണ്ട, പ്രണയിക്കാം സംഗീതം
അപരന്റെ ഇഷ്ടങ്ങൾ പുച്ഛിക്കാതെ തന്നെ തന്റെ സംഗീതപ്രണയം എല്ലാവർക്കും തുടരാനാകണമെന്ന് മ്യൂസിക് ടോക്കിൽ പങ്കെടുത്ത അതിഥികൾ പറഞ്ഞു. ‘‘എല്ലാവരുടെയും മനസ്സിന്റെ ഉള്ളിൽ ഒരു കുഞ്ഞുണ്ട്. എത്ര ബലം പിടിച്ചിരിക്കുന്ന ആളാണെങ്കിലും ആ കുഞ്ഞ് രസമുള്ള സംഗീതം കേൾക്കുമ്പോൾ ഉണരും. ചിരിക്കുകയും തലയാട്ടുകയും കൈകൊട്ടുകയും ചെയ്യും. കലയ്ക്ക് കഴിയുന്ന ഒരു മാജിക് ആണത്’’ - നരേഷ് അയ്യർ പറഞ്ഞു.
ഇവന്റാണ് വൈബ്
‘‘വീട്ടിലിരുന്നു പാടുമ്പോൾ കിട്ടുന്ന ഉൗർജമല്ല ഒരു മ്യൂസിക് ഇവന്റിൽ പോകുമ്പോൾ കിട്ടുന്നത്. അത് ആഘോഷമാണ്. ഒരേ ഇടത്തിൽ പല സംഗീതധാരകൾ അനുഭവിക്കാനാകുന്നു എന്നതാണ് സവിശേഷത” - ഗായിക സിതാര കൃഷ്ണകുമാർ പറഞ്ഞു. മലയാളികൾ എല്ലാത്തരം സംഗീതവും ആസ്വദിക്കുന്നവരാണ്. പക്ഷേ, കേരളത്തിലെ സംഗീതം മറ്റിടങ്ങളിൽ ഇത്ര കണ്ടിട്ടില്ല. ആർട്ടിസ്റ്റിന്റെ കംഫർട്ട് സോണിൽനിന്ന് പുറത്തുകടന്നാണ് മ്യൂസിക് ഇവന്റിനു പോകുന്നത്. ഭാഷയും അതിന് തടസ്സമാകുന്നില്ല. മുൻവിധികളില്ലാതെ അറിയുകയാണ് പ്രധാനം - സിതാര പറഞ്ഞു.
പാലാപ്പള്ളി ഒരുക്കുമ്പോൾ അതിന്റെ ജനപ്രിയത ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജേക്സ് ബിജോയ്. സിലിക്കൻ വാലിക്കടുത്ത് നടക്കാറുള്ള മ്യൂസിക് ഫെസ്റ്റിവലിൽ പോയ അനുഭവമാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ് പങ്കുവെച്ചത്. ‘‘സംഗീതത്തിന്റെ പല കൈവഴികളിൽ മുങ്ങിനിവരുന്ന അനുഭവമാണത്. കണ്ടും കേട്ടും ഒരുപാട് പഠിക്കാനുണ്ട്. പിന്നീടുള്ള നമ്മുടെ ജീവിതത്തിലും അത് സ്വാധീനിക്കും’’.
ആർ.ജെ. റാഫി മോഡറേറ്ററായിരുന്നു. മാതൃഭൂമി ജനറൽ മാനേജർ (പബ്ലിക് റിലേഷൻസ്) കെ.ആർ. പ്രമോദ് അതിഥികൾക്ക് ഉപഹാരം നൽകി. രോഹിണി ഇടിക്കുളയായിരുന്നു ആങ്കർ.
Content Highlights: jakes bejoy and naresh iyer with sithara krishnakumar in kappa cultr music talk
Published: 10 Mar 2024, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented