മുൻവിധികളെ കീഴ്മേൽ മറിച്ചാണ് കാലം നീങ്ങുന്നതെന്നും സംസ്കാരത്തിന്റെ യാത്രയിൽ സംഗീതവും ഫാഷനും കലയും ഭക്ഷണവുമെല്ലാം അണിചേരുന്നുവെന്നും വിദഗ്ധർ. ‘മാതൃഭൂമി’ കപ്പ കൾച്ചർ ഫെസ്റ്റിവലിന്റെ സമാപനദിനത്തിലെ കൾച്ചർ ടോക്കിന്റെ വിഷയം ഫാഷനായിരുന്നു. ‘‘ഫാഷൻ എന്നത് തുണിത്തരങ്ങൾ മാത്രമല്ല, വിദൂരദേശങ്ങളിലെ മനുഷ്യരുടെ കൂടി കഥയാണ്. നാം കഴിക്കുന്നതിന്റെയും ഉടുക്കുന്നതിന്റെയും പിന്നിൽ അജ്ഞാതരായ അനവധി മനുഷ്യരുടെ ജീവിതമുണ്ട്.’’ പ്രമുഖ മോഡലും നടിയുമായ ലിസാ റേ പറഞ്ഞപ്പോൾ സദസ്സ് കാതോർത്തു.

To advertise here,

‘‘രാജസ്ഥാനിലെ ബാർമറിലെ രുമാദേവിയെകുറിച്ച് കേട്ടിട്ടുണ്ടോ?വനിതാശാക്തീകരണത്തിന്റെ മുഖം. എട്ടാം ക്ലാസിൽ പഠനം നിർത്തിയവരാണ്. ഇന്ന് 30,000 സ്ത്രീകൾക്ക് ടെക്സ്റ്റൈൽ മേഖലയിൽ അവർ ജോലി നൽകുന്നു..’’

ചെറുപ്പകാലത്ത് ഞങ്ങൾ നന്നായി പ്രയത്നിച്ചിട്ടുണ്ടെന്നും അതൊരു പോരാട്ടം തന്നെയായിരുന്നുവെന്നും ലിസ റേ പറഞ്ഞു. ‘‘ഇന്ത്യയിൽ ഫാഷന്റെ തുടക്കത്തിന് അടിക്കല്ലു വെയ്ക്കുന്നത് 1990 കളിലാണ്. ഫാഷൻ ഇന്റസ്ട്രിയും മോഡലിങ്ങുെമല്ലാം വെറുതെയാണെന്നാണ് അന്ന് സമൂഹം കരുതിയിരുന്നത്. അക്കാലത്താണ് ഞങ്ങൾ കടന്നുവന്നത്. അഭിമാനിയായ ഇന്ത്യക്കാരിയെന്നാണ് ഞാൻ സ്വയം കരുതുന്നത്. ’’-ലിസ റേ പറഞ്ഞു.

ടെക്നോളജി ബുൾഡോസറല്ല

‘‘ടെക്നോളജി ഇല്ലാതിരുന്ന കാലത്താണ് കോവിഡ് വന്നിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? വിഷാദരോഗിളുടെ സമൂഹമായി ഇത് മാറിയേനെ.’’ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസൈനർ ശ്രീജിത്ത് ജീവൻ പറഞ്ഞു.

ടെക്സ്റ്റൈൽസിൽ സാങ്കേതികവിദ്യ വരുന്നു എന്നു കേൾക്കുമ്പോൾ യന്ത്രങ്ങൾ ബുൾഡോസറുകളെപ്പോലെ വന്ന് നെയ്ത്തുകാരെയെല്ലാം ഇല്ലാതാക്കുന്ന ചിത്രമാണ് പലരുടെയും മനസ്സിൽ വരുന്നത്. പക്ഷേ, അത് അങ്ങനെയല്ല. ഉത്പാദനം മുതൽ മാർക്കറ്റിങ് വരെയുള്ള മേഖലകളിൽ അത് ഗുണം ചെയ്യും.

ഫാഷണബിൾ റൗക്ക

ബ്ലൗസ് വരുന്നതിനൊക്കെ മുൻപ് മലയാളി സ്ത്രീകളുടെ വേഷമായിരുന്ന റൗക്ക തന്റെ സംരംഭത്തിന്റെ പേരാക്കിയപ്പോൾ ഉണ്ടായ രസകരമായ സംഭവം ശ്രീജിത്ത് ജീവൻ പറഞ്ഞു. ഒരിക്കൽ ഒരു സ്ത്രീവന്നു പറഞ്ഞു, അമ്മായിയമ്മ കാണാത്തപ്പോഴാണ് അവർ റൗക്ക ധരിച്ചിരുന്നത് എന്ന്. കാരണം അക്കാലത്ത് അത് വലിയ ഫാഷനായിരുന്നത്രേ!-ശ്രീജിത്ത് പറഞ്ഞു.

അഹമ്മദാബാദ് എൻ.ഐ.ഡി.യിൽ ഞാൻ ടെക്സ്റ്റൈൽ ഡിസൈനിങ് പഠിക്കാൻ പോയപ്പോൾ ഇവിടെ എൻജിനിയറിങ് കോളേജിലെങ്ങാനും പഠിപ്പിച്ചാൽ പോരേ എന്നാണ് പലരും അച്ഛനമ്മമാരോട് ചോദിച്ചിരുന്നത്. പക്ഷേ, ഇന്നത് മാറിയിട്ടുണ്ട്.-ശ്രീജിത്ത് പറഞ്ഞു. ദിയ ജോൺ മോഡറേറ്ററായിരുന്നു. കപ്പ ടി.വി. ഹെഡ് രഞ്ജിനി മേനോൻ അതിഥികൾക്ക് ഉപഹാരം നൽകി.