
കൊച്ചി: 'വെല്‍കം ദി നൈറ്റ്'...സില്‍വര്‍ പാന്‍ഡയുടെ ടോപ് ടെന്‍ ട്രാക്കിലുള്ള പാട്ട് ഓര്‍മിപ്പിക്കുന്നതുപോലെയായിരുന്നു ആ രാവ്. ഗൂഗിള്‍ സെര്‍ച്ചില്‍ കൈവിരലുകളോടിച്ച് മിഴിയിലും കാതിലുമെത്തിച്ചിരുന്ന പാട്ടുകാര്‍ ഇതാ കണ്‍മുന്നില്‍. ലോസ് ആഞ്ചലിസില്‍ നിന്നുള്ള ലിയോ ബാഴ്സലോസും ടെല്‍ അവീവില്‍ നിന്നുള്ള ഷിയോമി ബര്‍ഗും വൈദ്യുതി പ്രവാഹം പോലെ സിരകളിലേക്ക് കടത്തിവിട്ട സംഗീതം. കടല്‍ത്തീരത്തെത്തുമ്പോള്‍ ആദ്യം പാദങ്ങള്‍ പതുക്കെ പതുക്കെ നനച്ച് കടലിനെ തൊടുന്നതു പോലെ കാണികള്‍ ആ സംഗീതസാഗരത്തിലേക്ക് ഇറങ്ങി. പിന്നെ ഉടല്‍ മുഴുവനായി അതില്‍ മുക്കി അവരുടെയെല്ലാം ഉടലുകള്‍ ഇളകിയാടി. ഈ രാവ് പുലരാതിരുന്നെങ്കില്‍ എന്ന് ഓരോരുത്തരും മോഹിച്ചുപോയ നിമിഷങ്ങള്‍.
സംഗീത വിസ്ഫോടനത്തിന്റെ ആ വിസ്മയ രാവ് മായുമ്പോള്‍ മാതൃഭൂമി കപ്പ 'കള്‍ച്ചറി'ന്റെ ആദ്യ എഡിഷനും മധുരമുള്ള ഒരു ഓര്‍മയായി.
നടിയും എഴുത്തുകാരിയും മോഡലും പ്രഭാഷകയുമൊക്കെയായി ഒട്ടേറെ മേല്‍വിലാസങ്ങളുള്ള ലിസാ റേ അതിഥിയായെത്തിയ കള്‍ച്ചര്‍ ടോക്കായിരുന്നു മൂന്നാം ദിനത്തിലെ ആദ്യ പരിപാടി. ഫാഷന്‍ കള്‍ച്ചര്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ശ്രീജിത്ത് ജീവനും ഒപ്പം ചേര്‍ന്നു.
ഹൃദയത്തില്‍ കോറിയിടുന്ന വരികളുടെ ആര്‍ദ്രതയില്‍ ഉറുപ്പാണര്‍ പാട്ടുകൂട്ടം വന്നതോടെയാണ് മൂന്നാം ദിനത്തില്‍ കപ്പ സ്റ്റേജ് ഉണര്‍ന്നത്. ഭൂമിയെ തൊടാതെ പറന്നുപോയ ഒരു പൂവ് പോലെ അവളെ ഓര്‍ത്ത് അവര്‍ പാടിയപ്പോള്‍ നെഞ്ചില്‍ തൊട്ടാണ് ആസ്വാദകര്‍ കൂടെപ്പാടിയത്. കള്‍ച്ചര്‍ സ്റ്റേജില്‍ കബിര്‍ വാസുകിയാണ് മൂന്നാംദിനത്തിലെ ആദ്യ താരകമായത്. ത്രസിപ്പിക്കുന്ന സംഗീതവുമായി കബിര്‍ കാണികളുടെ ഹൃദയതന്ത്രികള്‍ മീട്ടി. ഡോപിയഡെലിക്സും അതിന് പിന്നാലെ യോഗേവ് ഹാരുവിയും എത്തിയതോടെ മ്യൂസിക് ത്രില്ലര്‍ അതിന്റെ ടോപ് ഗിയറിലായി. വെയില്‍ ചാഞ്ഞു തുടങ്ങിയ തീരത്ത് ഡി.ജെ. ശേഖറും ഡി.ജെ. വിഷ്ണുവും എത്തിയതോടെ കള്‍ച്ചറിന്റെ ക്ലൈമാക്സ് സീനുകള്‍ തെളിഞ്ഞു തുടങ്ങി. അവരുടെ പിന്നാലെ രാവിനെ ത്രസിപ്പിച്ച സംഗീതവുമായി സില്‍വര്‍ പാന്‍ഡ വേദിയിലെത്തിയതോടെ ആള്‍ക്കൂട്ടം ഉന്മാദത്തിന്റെ നൃത്തരൂപമായി.
സംഗീതത്തിനൊപ്പം ഫാഷന്‍ കള്‍ച്ചറില്‍ ടൈ ആന്‍ഡ് ഡൈയും കാലിഗ്രാഫിയും സോള്‍ ആര്‍ട്ടും ടെക്സ്റ്റൈല്‍ ആര്‍ട്ടും ഫെയ്‌സ് പെയിന്റിങ്ങും ഡ്രഡ് ലോക്സുമൊക്കെ അവസാന ദിനത്തിലും ആസ്വാദകര്‍ ആവേശത്തോടെ നുകര്‍ന്നു. ആര്‍ട്ട് കള്‍ച്ചറില്‍ നിസ്സാന്‍ ലൈവ് ആര്‍ട്ടും ഒറിഗാമിയും കാരിക്കേച്ചറും ഇന്‍സ്റ്റന്റ് പോയട്രിയും പതിവുപോലെ സുന്ദരാനുഭവങ്ങള്‍ സമ്മാനിച്ചപ്പോള്‍ മൂവ്മെന്റ് കള്‍ച്ചറില്‍ ഫ്ലോ ആര്‍ട്ടും സ്‌കേറ്റ് ബോര്‍ഡിങ്ങും ഫുട്ബോള്‍ ഫ്രീ സ്‌റ്റൈലും ഡെക്കാത്ലണ്‍ അഡ്വഞ്ചറും കാണികളുടെ ഇഷ്ട സ്വര്‍ഗമായി തെളിഞ്ഞു.
Content Highlights: kappa cultr last day analysis
Published: 11 Mar 2024, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented