മൃദംഗത്തിൽ അദ്‌ഭുതം കാണിച്ചുകൊണ്ടിരുന്ന യുവാവിന് പാചകമാണ് വലിയ കല എന്ന തോന്നലുണ്ടായത് യൗവനാരംഭത്തിലാണ്. അങ്ങനെയാണ് നെല്ലങ്കര സ്വദേശി സുരേഷ്ബാബു ഊട്ടുപുരകൾ തേടിച്ചെല്ലുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശ്ശൂർ ഒരുങ്ങുമ്പോൾ വർഷങ്ങൾക്കുമുൻപ് സ്‌കൂൾ കലോത്സവത്തിനും മറ്റു കലോത്സവങ്ങൾക്കും ഊട്ടുപുരയിൽ രുചിക്കൂട്ട് ഒരുക്കിയ ഓർമകളിലാണ് നെല്ലങ്കര സ്വദേശി സുരേഷ്ബാബു. 1999-ൽ പാലക്കാട്ട്‌ നടന്ന സ്‌കൂൾ കലോത്സവത്തിൽ ഊട്ടുപുരയുടെ സാരഥി സുരേഷ്ബാബു ആയിരുന്നു. ഒരുവർഷംതന്നെ വിദ്യാഭ്യാസവകുപ്പ് നടത്തിയ മൂന്ന്‌ പ്രധാന മേളകളിൽ ഊട്ടുപുര കൈകാര്യംചെയ്തു.

To advertise here,

1999-ൽ തൃശ്ശൂരിൽ നടന്ന സ്‌കൂൾ കായികമേള, എറണാകുളത്ത് നടന്ന ശാസ്ത്രമേള, പാലക്കാട്ട്‌ നടന്ന സംസ്ഥാന കലോത്സവം എന്നിവിടങ്ങളിലെ ഊട്ടുപുരയുടെ അമരക്കാരനായിരുന്നു. റവന്യൂ-ജില്ലാ-സംസ്ഥാനതലത്തിൽ നൂറിലധികം മേളകളിൽ ഊട്ടുപുരയുടെ അമരക്കാരനായി.

ഓരോ കലോത്സവകാലം എത്തുമ്പോഴും കുട്ടികളേക്കാൾ ആവേശം ഇപ്പോഴുമുണ്ടെന്ന് സുരേഷ്ബാബു പറയുന്നു. 28 വയസ്സിലാണ് ആദ്യമായി സ്‌കൂൾമേളകളുടെ ഊട്ടുപുര സാരഥ്യം ഏറ്റെടുക്കാനെത്തിയത്. മേളകൾക്കെത്തുന്ന കുട്ടികൾ ഭക്ഷണം കഴിച്ചശേഷം നല്ല അഭിപ്രായം പറയുമ്പോൾ കിട്ടുന്ന സംതൃപ്തി വിലമതിക്കാനാകാത്തതാണെന്നു സുരേഷ്ബാബു കൂട്ടിച്ചേർത്തു. നിലവിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കാന്റീൻ ഏറ്റെടുത്ത് നടത്തുകയാണ്.

സുജിതയാണ് ഭാര്യ. മോഹിനിയാട്ടത്തിൽ ബിരുദാനന്തരബിരുദം നേടിയ മകൾ അശ്വതിയും തഞ്ചാവൂർ ത്യാഗരാജ സംഗീത കോളേജിൽ തകിലിൽ ഒന്നാംറാങ്കോടെ ജയിച്ച മകൻ അശ്വിനും അച്ഛനു പൂർണപിന്തുണ നൽകുന്നു. മാളയിൽ നടന്ന സ്‌കൂൾ കലോത്സവത്തിൽ മകൻ തകിൽ വായിക്കുമ്പോൾ പാചകപ്പുരയിൽ ഭക്ഷണം തയ്യാറാക്കിയ ഓർമ ഏറെ പ്രിയപ്പെട്ടതാണെന്ന് പറയുന്നു, അച്ഛനും മകനും.