തലമുറകളുടെ ജീവിതവ്യഥ കലയായി മാറുമ്പോൾ സംഗീതം കാടിന്റെയും ആഭരണങ്ങൾ പ്രകൃതിയുടെയും. ഗോത്രകലകൾ ജനിക്കുന്നതും ജീവിക്കുന്നതും പ്രകൃതിയുടെ മടിത്തട്ടിലാണെന്ന് വ്യക്തമാക്കുന്നതാണ് പളിയനൃത്തത്തിന്റെ കാഴ്ചയും കേൾവിയും. തലയിൽ ചൂടുന്ന പക്ഷിത്തൂവൽ മുതൽ കാലിലെ തളവരെ അടിമുടി വ്യത്യസ്തമാണ് ആഭരണങ്ങൾ. മുളയിൽനിന്നും മൃഗത്തോലിൽ നിർമിച്ച നഗാരത്തിൽനിന്നും പശ്ചാത്തല സംഗീതം ഉയരും.

To advertise here,

ഇടുക്കിയുടെ മലയോരത്തുനിന്നാണ് പളിയ നൃത്തച്ചുവടുകളുടെ വരവ്. കുമളിഭാഗത്തെ പളിയർ എന്ന ആദിവാസി ജനവിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപം. കുലദേവതയോടുള്ള ആരാധനയാണ് ഇതിവൃത്തം. കുലദേവതയായ മാരിയമ്മയുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന കലാരൂപമാണിത്. എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കാനായി അവതരിപ്പിക്കുന്ന കലാരൂപം. മഴയ്ക്കുവേണ്ടിയും രോഗശമനത്തിനായുമൊക്കെ അമ്മയുടെ മുന്നിൽ ആടും. മരത്തോലിൽ നിർമിച്ചതാണ് അരയിൽ കെട്ടുന്ന തുണിയായ അരാട്ടി. മരത്തോൽ എടുത്തുചതച്ച് മൃദുവാക്കി മുണ്ടുപോലെയാണ് ഇത് അരയിൽ ധരിക്കുന്നത്. ഇഞ്ച ചതച്ചാണ് ഇതു തയ്യാറാക്കുന്നത്. ചണച്ചാക്കിനു പുറത്ത് ഇഞ്ച തയ്ച്ച് ചേർത്താൽ അരാട്ടി റെഡി.

കഴുത്തിലണിയുന്ന മുടെചുളു, കുറിക്കല്ലെ എന്നിവയെല്ലാം മുളയുടെ നിർമിതികളാണ്. അരാട്ടിക്ക് പുറത്തായി വിവിധതരത്തിലുള്ള അരപ്പട്ട കെട്ടാറുണ്ട്. അതും മുളയും ഈറ്റയിലുമാണ് നിർമിക്കുന്നത്. മുത്തു കോർക്കുന്നതു പോലെ ഇവ കോർത്തിടും. കാലിൽ തളയും നൂലും കെട്ടും. മുഖത്ത് ചായം പൂശുകയും മുടി കൊണ്ടകെട്ടുകയും ചെയ്യുന്നത് പ്രധാനമാണ്. സംഗീത ഉപകരണത്തിൽ മുളഞ്ചെണ്ടയാണു പ്രധാനം. കല്ലൻമുള മുറിച്ചെടുത്ത് അവയിൽ ഇടയ്ക്ക് ചെത്തിമിനുക്കിയാണ് ചെണ്ട നിർമാണം. നാടോടിസംഗീതത്തിലെ പ്രധാന താളവാദ്യമായ നഗാരം പളിയനൃത്തത്തിലും ഉപയോഗിക്കുന്നുണ്ട്. മൃഗങ്ങളുടെ തുകൽ കൊണ്ടാണ് ഡ്രമ്മിനു സമാനമായ നഗാരം നിർമിച്ചിരിക്കുന്നത്. ഇതിനോപ്പം താളമിടാൻ ജാൽറയാണ് ഉപയോഗിക്കുന്നത്. പുരാതനമായ കൊട്ടുവാദ്യമായ തുടിയാണ് മുഴങ്ങുന്ന ശബ്ദത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. ഇതോക്കെ കണ്ടെത്തുന്നത് പരിശീലകരെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതിനായി പലരും പളിയസമുദായാംഗങ്ങളെ തന്നെയാണ് സമീപിക്കുന്നത്.