തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം വെറുമൊരു മത്സരവേദിയല്ലെന്നും മലയാള സിനിമയ്ക്കും സംഗീതത്തിനും മികച്ച പ്രതിഭകളെ സമ്മാനിച്ച വലിയൊരു പാഠശാലയാണെന്നും നടൻ മോഹൻലാൽ. 64-ാമത് കലോത്സവത്തിന്റെ സമാപന വേദിയിൽ അതിഥിയായി എത്തിയ അദ്ദേഹം, കലാകാരൻ എന്ന നിലയിൽ വേദിയോട് തനിക്ക് വലിയ ആദരവാണുള്ളതെന്ന് വ്യക്തമാക്കി.

To advertise here,

മലയാള സിനിമയുടെയും സംഗീതത്തിന്റെയും ചരിത്രത്തിൽ കലോത്സവങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്തരിച്ച നടി അമ്പിളി അരവിന്ദൻ, മഞ്ജു വാര്യർ, നവ്യ നായർ, ജി. വേണുഗോപാൽ തുടങ്ങിയവർ കലോത്സവങ്ങളിലൂടെ വളർന്നുവന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും പുതിയ പ്രതിഭകളെ തേടി സംവിധായകർ കലോത്സവ വേദികളിൽ എത്താറുണ്ടെന്നും മോഹൻലാൽ നിരീക്ഷിച്ചു.

സാമൂഹികമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്ന കാലത്ത് കലോത്സവങ്ങൾക്കായിരുന്നു താരപ്രഭ ഉണ്ടായിരുന്നത്. തന്റെ സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം തിരുവനന്തപുരം മോഡൽ സ്കൂളും കോട്ടൺഹില്ലും തമ്മിലുള്ള മത്സരങ്ങളെക്കുറിച്ചും പരാമർശിച്ചു. കലോത്സവ ചരിത്രത്തിൽ 21 തവണ ഒന്നാം സ്ഥാനം നേടിയ കോഴിക്കോടിന്റെ നേട്ടം എടുത്തുപറഞ്ഞ അദ്ദേഹം തിരുവനന്തപുരവും തൃശ്ശൂരും നേടിയ വിജയങ്ങളും ഓർത്തെടുത്തു.

മത്സരമല്ല, പങ്കാളിത്തമാണ് പ്രധാനം

ജയപരാജയങ്ങൾക്കപ്പുറം കലോത്സവങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും കൂട്ടായ്മയുടെ പാഠങ്ങളും വളർത്തുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. തോൽവി എന്നത് വിജയത്തിലേക്കുള്ള പടവാണെന്ന് കുട്ടികൾ തിരിച്ചറിയണമെന്നും സമ്മാനങ്ങൾ ലഭിക്കാത്തവർ മോശം കലാകാരന്മാരാകുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇത്രയും വലിയ ഒരു സാംസ്കാരിക മാമാങ്കം ഒരുക്കുന്നതിനായി പണവും മനുഷ്യവിഭവശേഷിയും മാറ്റിവെക്കുന്ന സംസ്ഥാന സർക്കാരിനോടും വിദ്യാഭ്യാസ വകുപ്പിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തനിക്ക് പ്രിയപ്പെട്ട മന്ത്രി വി. ശിവൻകുട്ടിയുടെ ക്ഷണപ്രകാരമാണ് ചടങ്ങിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് സ്വർണക്കിരീടം കണ്ണൂർ നേടിയത്. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. 1028 പോയിന്റോടെയാണ് കണ്ണൂർ കിരീടം നേടിയത്. 1023- പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനവും 1017- പോയിന്റോടെ കോഴിക്കോടുമാണ് മൂന്നാം സ്ഥാനത്ത്.

അഞ്ച് പോയന്റ് വ്യത്യാസത്തിലാണ് കണ്ണൂർ തൃശ്ശൂരിനെ മറികടന്നത്. കഴിഞ്ഞ തവണ അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പിന്നിലാക്കി തൃശ്ശൂർ കിരീടം ഉറപ്പിക്കുകയായിരുന്നു. കണ്ണൂരായിരുന്നു അന്നു മൂന്നാമത്.