
കൊച്ചി: പനിമാറി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉഷാറായിട്ടുണ്ട്. എന്നാൽ േകാച്ച് മിക്കേൽ സ്റ്റാറെയുടെ വെർട്ടിക്കൽ ഫുട്‌ബോൾ കളിക്കാർക്കുണ്ടാക്കുന്ന ‘തലവേദന’ മാറിയിട്ടില്ല. ഐ.എസ്.എൽ. സീസണിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ഫലം ആരോഗ്യകരമാകണേയെന്നാണ് ടീമിന്റെ പ്രാർഥന. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ആദ്യകളിയിൽ പഞ്ചാബ് എഫ്.സി.യോട് 2-1ന് തോറ്റ ബ്ലാസ്റ്റേഴ്‌സിന് ഈ കളി ജയിച്ചേ പറ്റൂ. ആദ്യകളിയിൽ ബെംഗളൂരു എഫ്.സി.യോട് ഒറ്റഗോളിന് തോറ്റാണ് ഈസ്റ്റ് ബംഗാൾ വരുന്നത്.
കിക്കോഫ് ആശയക്കുഴപ്പം മാറണേ!
ഇവാൻ വുകോമാനോവിച്ചിൽനിന്ന് കോച്ചിന്റെ കുപ്പായം ഏറ്റുവാങ്ങിയ സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേയുടെ കേളീശൈലിയുമായി കളിക്കാർ ഇണങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പഞ്ചാബിനെതിരായ കളി. സ്റ്റാറേയുടെ പ്രിയപ്പെട്ട വെർട്ടിക്കൽ ഗെയിമിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ ആശയക്കുഴപ്പം വ്യക്തമായിരുന്നു. മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ച്, ഫ്രഞ്ച് താരം അലക്സാണ്ടർ കോയെഫ് എന്നിവരെ പ്രതിരോധത്തിൽ ഒരുമിച്ചിറക്കുന്ന സ്റ്റാറേ നയം തുടരാനാണ് സാധ്യത. രണ്ടു വിദേശതാരങ്ങൾ പ്രതിരോധത്തിൽ വന്നാൽ, ശേഷിക്കുന്ന വിദേശക്വാട്ടയുടെ വിനിയോഗം നിർണായകമാകും. ക്യാപ്റ്റൻ ലൂണ തിരിച്ചെത്തുന്നതോടെ മിഡ്ഫീൽഡ് ഉഷാറാകുമെങ്കിലും മുന്നേറ്റത്തിൽ ഒരു വിദേശതാരത്തെ കുറയ്ക്കേണ്ടിവരും. കഴിഞ്ഞ കളിയിൽ ഘാന താരം ക്വാമി പെപ്രെയും മൊറോക്കോ താരം നോഹ സദൗയിയും മുന്നേറ്റത്തിൽ ഒരുമിച്ചുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി ഒരാൾ ആദ്യം ബെഞ്ചിലിരിക്കേണ്ടിവരും. അത് ക്വാമി പെപ്രെയാകാനാണ് സാധ്യത.
വിടില്ല, വെർട്ടിക്കൽ
ശനിയാഴ്ച പത്രസമ്മേളനത്തിൽ വെർട്ടിക്കൽ ഗെയിമിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘‘അതിനെന്താ കുഴപ്പം” എന്നായിരുന്നു സ്റ്റാറെയുടെ പ്രതികരണം.
വെർട്ടിക്കൽ ഗെയിമിലൂടെത്തന്നെ ബ്ലാസ്റ്റേഴ്‌സിനെ ട്രാക്കിലെത്തിക്കാനാണ് സ്റ്റാറെയുടെ ശ്രമമെന്ന് ഉറപ്പിക്കുന്ന മറുപടി. പ്രതിരോധത്തിൽ പ്രീതം കോട്ടാലും സന്ദീപ് സിങ്ങും സഹീഫും ആദ്യ ഇലവനിൽ വന്നാൽ അലക്സാണ്ടർ കോയെഫിനെ ലൂണയുടെ സഹായിയായി മിഡ്ഫീൽഡിലേക്ക് കയറിക്കളിപ്പിക്കാനാകും ശ്രമം. ഇതിനൊപ്പം മലയാളി താരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസറും മധ്യനിരയിൽ മികച്ച കളി കെട്ടഴിച്ചാൽ നോഹയിലേക്കുള്ള പന്തൊഴുക്ക് സുഗമമാകും. നോഹയ്ക്കൊപ്പം വിങ്ങിൽ മലയാളിതാരം കെ.പി. രാഹുലും ഫിനിഷറുടെ റോൾ ഏറ്റെടുത്താൽ സ്റ്റാറേയുടെ ഗെയിംപ്ലാൻ ഫലംകാണുമെന്നാണ് പ്രതീക്ഷ.
എതിരായി ഡയമാന്റകോസ്
ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ദിമിത്രിയോസ് ഡയമാന്റകോസ് ഇതാദ്യമായി എതിരാളിയുടെ വേഷത്തിലുള്ളത് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാൾ. ഡയമാന്റകോസിനൊപ്പം ബ്രസീൽ താരം ക്ലെയ്റ്റൺ സിൽവയും ഉൾപ്പെടുന്ന ബംഗാൾ മുന്നേറ്റത്തിന് മൂർച്ചയുണ്ട്. ഇന്ത്യൻ താരങ്ങളായ ജീക്‌സൺ സിങ്ങും നവോറം സിങ്ങും ഉൾപ്പെടുന്ന മധ്യനിരയും ബ്ലാസ്റ്റേഴ്‌സിനെ വെള്ളം കുടിപ്പിക്കാൻ പോന്നതാണ്. മലയാളിതാരങ്ങളായ പി.വി. വിഷ്ണുവും സി.കെ. അമനും അടങ്ങിയ യുവനിരയും ഈസ്റ്റ് ബംഗാളിന്റെ കളിക്ക് ഊർജമേറ്റുന്നു. മൂന്നുപോയന്റാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോച്ച് കാൾസ് ക്വാഡ്രറ്റ് പറയുന്നു.
Content Highlights: isl 2024-25 kerala blasters vs east bengal fc
Published: 22 Sept 2024, 09:26 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented