വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടിനാണ് കഴിഞ്ഞ ദിവസം സവായ് മാൻസിങ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 35 പന്തിൽ നൂറു റൺസ് തികച്ച രാജസ്ഥാൻ താരം വൈഭവ് സൂര്യവംശി റെക്കോഡുകൾ തിരുത്തിയെഴുതി. 38 പന്തിൽ 101 റൺസെടുത്താണ് വൈഭവ് പുറത്തായത്. അണ്ടർ 19 തലത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതാണ് താരത്തിന് ഐപിഎല്ലിലേക്കുള്ള വാതിൽ തുറന്നത്. എന്നാൽ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണും വൈഭവിന്റെ കരിയറിൽ നിർണായക ഇടപെടൽ നടത്തിയിട്ടുണ്ട്. രാജസ്ഥാൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് വൈഭവിന്റെ പേര് നിർദേശിച്ചത് ലക്ഷ്മണാണെന്ന് ഒരിക്കൽ വൈഭവിന്റെ പരിശീലകനായ മനോജ് ഓജ പറഞ്ഞിരുന്നു. മനോജിന്റെ വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
'ഒരു മത്സരത്തിൽ വൈഭവ് 36 റൺസിൽ റണ്ണൗട്ടായി. പിന്നാലെ അവൻ ഡ്രസ്സിങ് റൂമിൽ നിന്ന് കരയാൻ തുടങ്ങി. ഇത് ലക്ഷ്മൺ കണ്ടു. ഞങ്ങൾ റൺസ് മാത്രമല്ല നോക്കുന്നതെന്നും ദീർഘകാലം പ്രകടനം കാഴ്ചവെക്കാൻ പറ്റുമോയെന്നുമാണ് നോക്കുന്നതെന്നും ലക്ഷ്മൺ പറഞ്ഞു. ലക്ഷ്മൺ അവന്റെ കഴിവ് പെട്ടെന്നുതന്നെ കണ്ടെത്തി. ബിസിസിഐയുടെ പിന്തുണയുമുണ്ടായി.'- വൈഭവിന്റെ പരിശീലകനായ മനോജ് ഓജ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം ലക്ഷ്മണാണ് ഇപ്പോഴത്തെ രാജസ്ഥാൻ റോയൽസ് പരിശീലകനായ രാഹുൽ ദ്രാവിഡിന് വൈഭവിന്റെ പേര് നിർദേശിക്കുന്നത്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനായ ലക്ഷ്മൺ കഴിഞ്ഞ രണ്ടുവർഷത്തോളം വൈഭവിനെ നിരീക്ഷിച്ചുവന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം അണ്ടർ-19 ടെസ്റ്റ് മാച്ചിൽ ഓസ്ട്രേലിയക്കെതിരേ നടത്തിയ പ്രകടനമാണ് വൈഭവിന്റെ കരിയറിൽ വഴിത്തിരിവായത്. ഓസീസിനെതിരേ 58 പന്തിൽ സെഞ്ചുറി നേടിയതോടെ സൂര്യവംശിയെ രാജസ്ഥാൻ മാനേജ്‌മെന്റ് നോട്ടമിട്ടിരുന്നുവെന്ന് അടുത്തിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ വ്യക്തമാക്കിയിരുന്നു. 'ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരായ സൂര്യവംശിയുടെ ബാറ്റിങ് രാജസ്ഥാൻ ടീമിന്റെ തീരുമാനങ്ങളെടുക്കുന്ന മാനേജ്മെന്റിലെ പ്രധാനപ്പെട്ട ആളുകളെല്ലാം കണ്ടിരുന്നു. അന്ന് അവൻ കളിച്ച ഷോട്ടുകൾ ശ്രദ്ധിച്ചിരുന്നു. ഇത്തരം ആളുകളെ ഒപ്പം നിർത്തി അവർ ഏത് രീതിയിൽ മുന്നോട്ട് പോകുമെന്ന് കാണണമെന്ന് ഞങ്ങൾക്ക് തോന്നി', എ.ബി. ഡിവില്ലിയേഴ്‌സ് അവതരിപ്പിക്കുന്ന 360 ഷോയോട് സംസാരിക്കവെ സഞ്ജു അന്ന് പറഞ്ഞു.
ബിഹാറിനുവേണ്ടി 12 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധപിടിച്ചുപറ്റിയത്. 2024 നവംബറിൽ വിജയ്ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരേ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി. 14 വർഷവും 23 ദിവസവമുള്ളപ്പോഴാണ് ഇത്തവണ ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎലിലെ പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും നേടി. ഗുജറാത്തിനെതിരേ 35 പന്തിൽ സെഞ്ചുറി കുറിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞയാളായി.
ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സൂര്യവംശിയുടെ ജനനം. നാലാം വയസ്സിൽ കളിതുടങ്ങി. പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകൻ. ഒമ്പതാം വയസ്സിൽ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പിന്നീടുള്ള സൂര്യവംശിയുടെ വളർച്ച പ്രായത്തെ കവച്ചുവെക്കുന്നതായിരുന്നു. ഐപിഎൽ ടീമുമായി കരാറിലെത്തുന്ന പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.
Content Highlights: vvs laxman interventions vaibhav suryavanshi career
Published: 29 Apr 2025, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented