മുംബൈ: ഒരു എംഎ ബിരുദധാരിയായ മലയാളി. കേരള സീനിയര്‍ ടീമില്‍ പോലും ഇടം നേടിയിട്ടില്ലാത്ത വിഘ്‌നേഷ് പുത്തൂര്‍ എന്ന ഈ  പെരിന്തല്‍മണ്ണക്കാരനെ ഇറക്കി ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ഒരു പരീക്ഷണത്തിന് തയ്യാറാവുന്നു. അതും സാക്ഷാല്‍ രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി. മറുപുറത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സാണെന്നതുകൂടി ഓര്‍ക്കണം. പക്ഷേ, ഗ്രൗണ്ടിലെത്തിയ വിഘ്‌നേഷ് അരങ്ങേറ്റത്തിന്റെ തെല്ലു പതർച്ചയില്ലാതെ ശരിക്കും ഇംപാക്ട് കാണിച്ചു. ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിച്ച ഇരുപത്തിനാലുകാരന്‍ നാലോവറില്‍ 32 റണ്‍സ് വഴങ്ങി ചെന്നൈയുടെ പ്രബലരായ മൂന്നുപേരെ പുറത്താക്കി. ടോപ് സ്‌കോറര്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, ഓള്‍റൗണ്ടര്‍ ശിവം ദുബെ, ദീപക് ഹൂഡ എന്നിവരാണ് വിഘ്‌നേഷിന് മുന്‍പില്‍ വീണത്.

To advertise here,

മത്സരത്തിനിടെ മഹേന്ദ്ര സിങ് ധോനിയും മത്സരാനന്തരം മറ്റു പലരും വിഘ്‌നേഷിനെ പ്രശംസകൊണ്ട് മൂടി. ഡ്രസ്സിങ് റൂമില്‍ മുംബൈ ടീം ഉടമ നിത അംബാനിയും വിഘ്‌നേഷിന് പ്രത്യേകമായി ആദരം നല്‍കി. ഇതിന്റെ ദൃശ്യങ്ങൾ നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളില്‍.  മുംബൈ കളിക്കാര്‍ക്കിടയില്‍നിന്ന് വിഘ്‌നേഷിനെ പ്രത്യേകമായി വിളിച്ച് ആദരിക്കുകയായിരുന്നു. 

വിഘ്‌നേഷ് എവിടെ എന്നു ചോദിച്ച് അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ജഴ്‌സിയില്‍ പ്രത്യേകമായ ഒരു പിന്‍ പതിപ്പിക്കുകയായിരുന്നു നിത. മത്സരത്തിലെ മുംബൈയുടെ ഏറ്റവും മികച്ച ബൗളർക്കുള്ള പുരസ്കാരം നൽകുകയാണെന്ന് പ്രഖ്യാപിച്ചാണ് പിൻ പതിപ്പിച്ചത്. തിരിച്ച് വിഘ്‌നേഷ്, തനിക്ക് കളിക്കാന്‍ അവസരം തന്നതിന് മുംബൈക്ക് നന്ദി പറഞ്ഞു. മത്സരത്തിലുടനീളം സമ്മര്‍ദം തരാതെ കാത്തുനിര്‍ത്തിയ സൂര്യകുമാര്‍ യാദവിനും വിഘ്‌നേഷ് നന്ദിയറിയിച്ചു.

'എനിക്ക് കളിക്കാന്‍ അവസരം തന്നെ മുംബൈ ഫ്രാഞ്ചൈസിക്ക് നന്ദിയറിയിക്കുന്നു. ഈ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചതല്ല. വളരെ സന്തോഷം. നമുക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. ടീമിന് വളരെ നന്ദി' - വിഘ്‌നേഷ് പറഞ്ഞു.