തിങ്ങിനിറഞ്ഞ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വിരാട് കോലി കണ്ണീരണിഞ്ഞുകൊണ്ട് മുഖം പൊത്തിയിരുന്നു. 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചതിന്റെ ആശ്വാസത്തില്‍ ആ 18-ാം നമ്പറുകാരന്‍ വികാരനിര്‍ഭരനായി. നിര്‍ത്താതെ അലയടിച്ച ആരവങ്ങള്‍ക്ക് നടുവില്‍ ചെഞ്ചോപ്പണിഞ്ഞ ആര്‍സിബി താരങ്ങള്‍ ആനന്ദനൃത്തമാടി. എന്നാല്‍, അതിനിടയിലൂടെ ക്യാമറക്കണ്ണില്‍ ഏറെയൊന്നും തെളിയാതെ, ഒരാള്‍ തിരിഞ്ഞുനടക്കുന്നുണ്ടായിരുന്നു. ശശാങ്ക് സിങ്. കിരീടമോഹവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി അവസാനം വരെ പോരാടി. അവസാന രണ്ടോവറില്‍ 35 റണ്‍സാണ് ശശാങ്ക് അടിച്ചെടുത്തത്. പക്ഷേ, ടീമിനെ വിജയത്തിലെത്തിക്കാനായില്ല. തോറ്റെങ്കിലും കോലിയുടെ കിരീടത്തിളക്കത്തിനിടയിലും കയ്യടി നേടിയാണ് അയാള്‍ മടങ്ങുന്നത്.
തകര്‍പ്പന്‍ തുടക്കത്തിന് പിന്നാലെ ആര്‍സിബിയുടെ തിരിച്ചടിയില്‍ പഞ്ചാബ് പതറി നില്‍ക്കുമ്പോഴാണ് ശശാങ്ക് സിങ് ബാറ്റിങ്ങിനിറങ്ങുന്നത്. നായകന്‍ ശ്രേയസ്സ് അയ്യരേയും വെടിക്കെട്ടോടെ തിളങ്ങിയ ജോഷ് ഇംഗ്ലിസിനെയും നഷ്ടപ്പെട്ട പഞ്ചാബിനായി ശശാങ്ക് പോരാടി. നേഹല്‍ വധേരയും (15) സ്‌റ്റോയിനിസും (6) അസ്മത്തുള്ള ഒമര്‍സായിയും (1) നിരാശപ്പെടുത്തിയപ്പോള്‍ ശശാങ്ക് ഏറെക്കുറെ ഒറ്റയ്ക്കാണ് ടീമിനെ മുന്നോട്ടുനയിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോൾ മറ്റേയറ്റത്ത് ശശാങ്ക് ഒന്നാന്തരമായി നിലയുറപ്പിച്ച് പൊരുതി.
18 ഓവര്‍ അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149റണ്‍സായിരുന്നു പഞ്ചാബ് നേടിയിരുന്നത്. രണ്ടോവറില്‍ വേണ്ടിയിരുന്നത് 41 റണ്‍സ്. എന്നാല്‍ പോരാടാനുറച്ച് ശശാങ്ക് തകർത്താടി. പത്തൊമ്പതാം ഓവറില്‍ 13 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറില്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. ഹേസല്‍വുഡ് എറിഞ്ഞ ഓവറിലെ ആദ്യ രണ്ടുപന്തുകളിലും റണ്‍ കണ്ടെത്താനായില്ല. എന്നാല്‍, പിന്നീട് ശശാങ്ക് കത്തിക്കയറി. മൂന്ന് സിക്‌സറുകളും ഒരു ഫോറുമടക്കം 22 റണ്‍സ് നേടിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 31 പന്തിൽ നിന്ന് താരം 61 റൺസെടുത്തു. അവസാനപന്ത് അതിര്‍ത്തികടത്തിയ ശശാങ്ക് ആരാധകരുടെ കയ്യടി ഏറ്റുവാങ്ങിയാണ് മടങ്ങിയത്.
രണ്ടുവർഷം മുമ്പ് ദുബായില്‍ നടന്ന ഐപിഎല്‍ താരലേലത്തിനു പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ പേരായിരുന്നു ഛത്തീസ്ഗഡ് താരം ശശാങ്ക് സിങ്ങിന്റേത്. ആളുമാറി പഞ്ചാബ് അബദ്ധത്തില്‍ ടീമിലെടുത്തതായിരുന്നു ശശാങ്കിനെ. അന്ന് സംഭവിച്ച അബദ്ധം മനസിലാക്കി ലേലം പിന്‍വലിക്കണമെന്ന് ടീം ആവശ്യപ്പെട്ടെങ്കിലും ലേലം നടത്തിയ മല്ലിക സാഗര്‍ അത് സാധ്യമല്ലെന്ന് അറിയിച്ചതോടെ പഞ്ചാബിന് ടീമില്‍ ഉള്‍പ്പെടുത്തേണ്ടിവരികയായിരുന്നു താരത്തെ. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ ഈ സീസണിൽ ടീം നിലനിർത്തുകയായിരുന്നു.
ടീമിൽ ടീമില്‍ ആരെയൊക്കെ നിലനിര്‍ത്തണം എന്ന് തീരുമാനിച്ചപ്പോള്‍ ആദ്യത്തെ പേരുകാരനായി ശശാങ്ക്. വെറും രണ്ട് താരങ്ങളെ മാത്രമായിരുന്നു ഇത്തവണ പഞ്ചാബ് ടീമിൽ നിലനിർത്തിയത്. 5.5 കോടിക്കായിരുന്നു ശശാങ്കിനെ നിലനിർത്തിയത്. ടീം നിലനിര്‍ത്തിയ മറ്റൊരാൾ പ്രഭ്സിമ്രാൻ ആണ്. 4 കോടിക്കായിരുന്നു പ്രഭ്സിമ്രാനെ നിലനിർത്തിയത്.
2023-ൽ ദുബായില്‍ നടന്ന ലേലത്തില്‍ ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരന്‍ ഓള്‍റൗണ്ടര്‍ ശശാങ്ക് സിങ്ങിനെ ടീമിലെത്തിക്കാനായിരുന്നു പഞ്ചാബ് ടീം ഉടമകളുടെ പദ്ധതി. എന്നാല്‍ ലേല ഹാളില്‍ ശശാങ്ക് സിങ് എന്ന പേരുകേട്ടതോടെ പഞ്ചാബ് ഉടമ പ്രീതി സിന്റ മറ്റൊന്നും ആലോചിക്കാതെ ലേലം വിളിക്കുകയായിരുന്നു. മറ്റ് ടീമുകളൊന്നും വിളിക്കാതിരുന്നതോടെ ശശാങ്ക് അടിസ്ഥാനവിലയായ 20 ലക്ഷത്തിന് പഞ്ചാബിന്റെ ഭാഗമായി. പിന്നീടാണ് 32-കാരനായ ഛത്തീസ്ഗഡ് താരം ശശാങ്കിനെയാണ് തങ്ങള്‍ വിളിച്ചെടുത്തതെന്ന് ടീം ഉടമകളായ നെസ് വാഡിയയും പ്രീതി സിന്റയും തിരിച്ചറിയുന്നത്. ഇതോടെ സംഭവിച്ച അബദ്ധം ഇവര്‍ മല്ലിക സാഗറിനെ അറിയിച്ചു. എന്നാല്‍ ലേല നടപടികള്‍ പൂര്‍ത്തിയായെന്നും മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു മല്ലികയുടെ മറുപടി. ഇതോടെ താരത്തെ പഞ്ചാബിന് ടീം പട്ടികയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായില്ല. തുടർന്ന് ടീമിന്റെ ഭാഗമായ ശശാങ്ക് ടീമിന്റെ വിശ്വസ്തൻ കൂടിയായി മാറി.
Content Highlights: Shashank Singh performance ipl final punjab kings
Published: 04 Jun 2025, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented