ജയ്പുര്‍: തങ്ങള്‍ക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍സിഎ) അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിക്കെതിരേ രാജസ്ഥാന്‍ റോയല്‍സ് ടീം. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടേറ്റ രണ്ടു റണ്‍സ് തോല്‍വിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എ കൂടിയായ ജയ്ദീപ് ബിഹാനി ഒത്തുകളി ആരോപണം ഉന്നയിച്ചത്.

To advertise here,

ബിഹാനിക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്, രാജസ്ഥാന്‍ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി. ബിഹാനിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് രാജസ്ഥാന്‍ ടീമിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ദീപ് റോയ് പ്രതികരിച്ചു.

ടീമിന്റെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിക്കുക മാത്രമല്ല, ഐപിഎല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അഡ്‌ഹോക് കമ്മിറ്റിയെ മാറ്റി നിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ്, രാജസ്ഥാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും ബിഹാനി ആരോപിച്ചിരുന്നു.

ഇതിനെയെല്ലാം ശക്തമായ ഭാഷയിലാണ് റോയല്‍സ് എതിര്‍ത്തത്. അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനറുടെ ഇത്തരം പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നവ മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സിന്റെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കോട്ടം വരുത്തുന്നതാണെന്നും ഫ്രാഞ്ചൈസി മാനേജ്‌മെന്റ് വ്യക്തമാക്കി. ബിസിസിഐയുടെ നിലവിലെ ക്രമീകരണങ്ങള്‍ അനുസരിച്ച്, ഈ സീസണില്‍ ജയ്പുരില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനുള്ള ഔദ്യോഗിക അവകാശം രാജസ്ഥാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ്. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരം കൗണ്‍സിലുമായും ബിസിസിഐയുമായും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റോയല്‍സ് മാനേജ്‌മെന്റ് വ്യക്തമാക്കി. 

ഐപിഎല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ നിന്ന് അഡ്ഹോക് കമ്മിറ്റിയെ ഒഴിവാക്കിയതാണ് ഒത്തുകളി സംശയിക്കാനുള്ള പ്രധാന കാരണമായി ബിഹാനി ചൂണ്ടിക്കാണിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ ആ മത്സരം തോറ്റതെന്നും ബിഹാനി ആരോപിക്കുന്നു.