താരലേലത്തില്‍ 10.75 കോടിക്കാണ് ഇടങ്കയ്യന്‍ പേസര്‍ ടി. നടരാജനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് റാഞ്ചിയത്. വന്‍ തുകയ്ക്ക് ടീമിലെത്തിച്ചിട്ടും താരം സീസണില്‍ ഇതുവരെ ഒരു മത്സരവും ഡല്‍ഹിക്കായി കളിച്ചില്ല. നടരാജന്റെ അഭാവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഡല്‍ഹി മെന്റര്‍ കെവിന്‍ പിറ്റേഴ്‌സണ്‍. ഇംപാക്ട് പ്ലെയറടക്കം 12 പേരെ മാത്രമേ തങ്ങള്‍ക്ക് കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പിറ്റേഴ്‌സണ്‍ പ്രതികരിച്ചു.

To advertise here,

'ഞങ്ങൾക്ക് 12 കളിക്കാരെ മാത്രമേ കളിപ്പിക്കാൻ കഴിയൂ, അതിലൊരാൾ ഇംപാക്ട് പ്ലെയർ ആയിരിക്കും. നിലവിൽ അവൻ എവിടെയാണ് യോജിക്കുന്നത് എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമെങ്കിൽ, അത് ഞങ്ങളെ സഹായിക്കും. 13-14 പേരെ കളിപ്പിക്കാൻ നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമെങ്കിൽ, അതും സഹായകമാകും.'- പിറ്റേഴ്സൺ പറഞ്ഞു.

ഞങ്ങളുടെ മറ്റെല്ലാ കളിക്കാരെയും പോലെ, ആവശ്യപ്പെട്ടതെല്ലാം നടരാജൻ ചെയ്യുന്നുണ്ട്. ഞങ്ങളുടെ ടീമിൽ ഏറ്റവും ആകർഷകമായ കാര്യം കളിക്കാത്ത താരങ്ങളുടെ മികവാണ്. അവർക്ക് തങ്ങളുടെ അവസരം തൊട്ടടുത്തുണ്ട് എന്നറിയാം.- പിറ്റേഴ്സൺ കൂട്ടിച്ചേർത്തു. നെറ്റ്‌സില്‍ നടരാജന്‍ നന്നായി പന്തെറിയുന്നുണ്ടെന്നും അടുത്തുതന്നെ കളിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയും പിറ്റേഴ്‌സണ്‍ നല്‍കി. 

ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയന്റോടെ നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹി. ആറ് ജയവും മൂന്ന് തോല്‍വിയുമാണ് ടീമിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെടുത്തിയത്. പ്ലെ ഓഫ് പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന ടീമിന് വരുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്.