ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ സമയത്ത് തന്റെ മാതാപിതാക്കള്‍ പാക് അധീന കശ്മീരില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോയിന്‍ അലി. പാകിസ്താനിലെ മിര്‍പുരില്‍ വേരുകളുള്ള കുടുംബത്തിലാണ് മോയിന്റെ ജനനം. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പാകിസ്താനില്‍നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.
ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ സമയത്ത് പ്രദേശത്തുനിന്ന് പുറപ്പെട്ട ഏക വിമാനത്തില്‍ കയറിപ്പറ്റാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചുവെന്നും മോയില്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന മോയിന്‍ അലി സിന്ദൂര്‍ ഓപ്പറേഷന്റെ സമയത്ത് ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ഇന്ത്യയിലായിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ താത്കാലികമായി നിര്‍ത്തിയതോടെ മോയിന്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഒമ്പതു ദിവസത്തെ ഇടവേളയ്ക്കു ശേഷം ടൂര്‍ണമെന്റ് പുനരാരംഭിച്ചപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയിരുന്നില്ല.
''എന്റെ മാതാപിതാക്കള്‍ ആ സമയത്ത് കശ്മീരിലായിരുന്നു. പാകിസ്താനില്‍, ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം ഒരു മണിക്കൂര്‍ മാത്രം അകലെ. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. തുടര്‍ന്ന് അവര്‍ക്ക് അന്ന് അവിടെ നിന്ന് പുറപ്പെട്ട ഒരേയൊരു വിമാനത്തില്‍ കയറാന്‍ കഴിഞ്ഞു. അവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടത് വലിയ ആശ്വാസമായിരുന്നു'', ബിയേര്‍ഡ് ബിഫോര്‍ വിക്കറ്റ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെ മോയിന്‍ വെളിപ്പെടുത്തി.
ആ സമയം ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ചും ഉണ്ടായ ആശങ്കയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ശരിക്കും വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ വഷളായി. ഞങ്ങള്‍ ഒരു യുദ്ധത്തിന്റെ നടുവിലാണെന്ന് തോന്നി. പക്ഷേ, ഞങ്ങള്‍ ഒന്നും അങ്ങനെ വ്യക്തമായി കേട്ടില്ല (മിസൈല്‍ പതിക്കുന്നത് പോലെ). കുടുംബത്തിന്റെ സുരക്ഷയ്ക്കായി പെട്ടെന്നു തന്നെ രാജ്യത്തിന് പുറത്തുകടക്കാനുള്ള ഒരുതരം വെപ്രാളത്തിലായിപ്പോകും നിങ്ങള്‍'', മോയിന്‍ കൂട്ടിച്ചേര്‍ത്തു.
''എന്താണ് സംഭവിക്കുന്നതെന്നും കാര്യങ്ങള്‍ എങ്ങനെയാണെന്നും ആളുകള്‍ക്ക് കൃത്യമായി അറിയില്ലായിരുന്നു. ഞാന്‍ പലരോടും സംസാരിച്ചു. ചിലര്‍ 'യുദ്ധമുണ്ടാകില്ല, എല്ലാം ശരിയാകും. ഇതൊക്കെ മുമ്പും സംഭവിച്ചിട്ടുണ്ട്' എന്ന് പറഞ്ഞു. യുദ്ധമുണ്ടാകുമെന്ന് കരുതുന്നതായും ഇന്ത്യയുടെ പ്രതികാരം ഉണ്ടാകുമെന്നും ചിലര്‍ പറഞ്ഞു. വളരെയധികം നുണകള്‍ പ്രചരിക്കും. ആളുകളെ വിശ്വസിക്കാന്‍ പ്രയാസമാണ്. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയില്ല, അതാണ് ഭയപ്പെടുത്തുന്ന കാര്യം'', മോയിന്‍ വ്യക്തമാക്കി.
Content Highlights: Moeen Ali Reveals Family's Escape from Pakistan-Administered Kashmir During India's Operation Sindhu
Published: 19 May 2025, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented