18-ാം സീസൺ ഐപിഎല്ലിൽ കളിക്കാനിറങ്ങുമ്പോള്‍ ഒരു ലക്ഷ്യം മാത്രമേ വിരാട് കോലിയെന്ന ഇതിഹാസതാരത്തിന് ഉണ്ടായിരുന്നുള്ളൂ. ഒരു ഐപിഎല്‍ കിരീടം സ്വന്തമാക്കുക. ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമടക്കം ഷെല്‍ഫിലെത്തിച്ച കോലിക്ക് ഐപിഎല്‍ ട്രോഫിയുടെ അഭാവം എന്നും പൊള്ളുന്ന അനുഭവമായിരുന്നു. 18 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പ്. ഒടുക്കം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ കിരീടത്തില്‍ കോലി മുത്തം ചാര്‍ത്തി. കണ്ണീരണിഞ്ഞ് കോലി മൈതാനത്ത് മുഖം പൊത്തിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ആര്‍സിബി ടീമിന്റെ ടോപ് സ്‌കോററും കോലിയായിരുന്നു. ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെ പതിയെ സ്‌കോറുയര്‍ത്തുന്ന സൂപ്പര്‍ താരത്തെയാണ് സ്‌റ്റേഡിയത്തില്‍ കണ്ടത്. കോലി ഇതിനിടയിൽ ഒരു റെക്കോഡും കുറിച്ചു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫോറുകളടിച്ച താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. മുന്‍ താരം ശിഖര്‍ ധവാന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. ഫൈനലിലെ നാലാം ഓവറില്‍ ബൗണ്ടറി നേടിയാണ് കോലി ഈ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ ആകെ മൂന്നുഫോറുകള്‍ ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. ഒടുക്കം ആർസിബി 190 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 184 റൺസെടുക്കാനേ ആയുള്ളൂ. പഞ്ചാബിനെ ആറുറൺസിന് കീഴടക്കി കോലിയും സംഘവും കിരീടം സ്വന്തമാക്കി.
18 വര്‍ഷമായി ഐപിഎല്ലില്‍ കളിച്ച കോലി 18 സീസണിലും ബെംഗളൂരുവിനായി കളിച്ചു. ഇതിന് മുമ്പ് കളിച്ച മൂന്ന് ഐപിഎല്‍ ഫൈനലുകളിലും തോല്‍ക്കാനായിരുന്നു വിധി. മാത്രമല്ല ആര്‍സിബിയെ പോലെ താരലേലത്തില്‍ ഇത്രയധികം കോടികള്‍ വാരിയെറിഞ്ഞ് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച മറ്റൊരു ഫ്രാഞ്ചൈസിയില്ല. ക്രിസ് ഗെയ്ലും എ ബി ഡിവില്ലിയേഴ്സും യുവ്രാജ് സിങ്ങും ഗ്ലെന്‍ മാക്സ്വെല്ലും ജാക്ക് കാലിസും ഫാഫ് ഡുപ്ലെസിയും കെവിന്‍ പീറ്റേഴ്സണും ആരോണ്‍ ഫിഞ്ചും ഷെയ്ന്‍ വാട്ട്സണും ബ്രെണ്ടന്‍ മക്കല്ലവുമെല്ലാം ആര്‍സിബി ജേഴ്സിയില്‍ കളിച്ചിട്ടുണ്ട്. ബൗളര്‍മാരുടെ കണക്കെടുത്താല്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഡെയ്ല്‍ സ്‌റ്റെയ്‌നും സഹീര്‍ ഖാനും മുത്തയ്യ മുരളീധരനും ഭുവനേശ്വര്‍ കുമാറും മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചെഹലുമെല്ലാം ആര്‍സിബിക്കായി വിവിധ സീസണുകളില്‍ പന്തെറിഞ്ഞിട്ടുണ്ട്. അതായത് ടി20 ക്രിക്കറ്റിലെ വമ്പന്‍ പേരുകളെയെല്ലാം അവര്‍ കളിത്തിലിറക്കിയിട്ടുണ്ട്. എന്നിട്ടും കിരീടം ഷെൽഫിലെത്തിക്കാനായില്ല.
കോലി തന്നെയാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ വലിയ റണ്‍വേട്ടക്കാരന്‍. അന്താരാഷ്ട്ര ടി20-യില്‍ ഒരു സെഞ്ചുറി മാത്രമാണ് കോലിയുടെ പേരിലുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ എട്ടു സെഞ്ചുറികള്‍ അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ഒരു സീസണില്‍ 973 റണ്‍സെന്ന റെക്കോഡും കോലിക്ക് മാത്രം സ്വന്തമാണ്. ഓരോ മത്സരത്തിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തന്റെ 100 ശതമാനവും പുറത്തെടുക്കുന്ന താരം കാത്തിരുന്നതത്രയും ആ കപ്പിനായിരുന്നു.
ആര്‍സിബിയെ സംബന്ധിച്ച് 2016-ലെ ഐപിഎല്‍ സീസണ്‍ സ്വപ്‌ന സമാനമായിരുന്നു. കോലി 973 റണ്‍സടിച്ച് റെക്കോഡിട്ട സീസണില്‍ ഡിവില്ലിയേഴ്‌സും തകര്‍പ്പന്‍ ഫോമിലായിരുന്നു. ക്രിസ് ഗെയിലും കെ.എല്‍ രാഹുലും ഷെയ്ന്‍ വാട്ട്‌സണുമെല്ലാം കളിക്കാന്‍ ഉണ്ടായിരുന്നിട്ടും ജയിച്ചെന്ന ഘട്ടത്തില്‍ നിന്നാണ് ആ വര്‍ഷം ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആര്‍സിബി കളി കൈവിടുന്നത്. പല സീസണുകളിലും ഇത്തരത്തില്‍ വലിയ താരനിരയുമായി ഇറങ്ങിയ ടീമിന് നിരാശ തന്നെയായിരുന്നു അവസാനം ബാക്കി.
ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ആര്‍സിബി പുറത്തെടുക്കുന്ന മികവ് തന്നെയാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. ഒമ്പത് സീസണിനിടെ ആദ്യമായാണ് അവര്‍ പോയന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യുന്നത്. ഇത്തവണത്തെ ആര്‍സിബി ഒരു വണ്‍മാന്‍ ഷോ അല്ല. ടീം ഒന്നടങ്കം മികച്ച പ്രകടനം കാഴ്ചവെച്ചു.
ഫിള്‍ സാള്‍ട്ടും ക്യാപ്റ്റന്‍ രജത് പടിദാറും ജിതേഷ് ശര്‍മയും ടിം ഡേവിഡുമെല്ലാം നിര്‍ണായകമായ സംഭാവനകള്‍ നല്‍കി. കഴിഞ്ഞ കുറേക്കാലമായി പഴികേട്ട ആര്‍സിബിയുടെ മധ്യനിര ഇത്തവണ മികവ് കാട്ടി. ജോഷ് ഹേസല്‍വുഡ് നയിക്കുന്ന ബൗളിങ് നിരയില്‍ ന്യൂബോളിലും ഡെത്ത് ഓവറുകളിലും മികവ് കാട്ടുന്ന ഭുവനേശ്വര്‍ കുമാറും നിര്‍ണായക സമയത്ത് ബ്രേക്ക് ത്രൂ സമ്മാനിക്കുന്ന യാഷ് ദയാലും മികച്ചുനിന്നു, സ്പിന്നര്‍മാരായി ക്രുണാല്‍ പാണ്ഡ്യയേയും യുവതാരം സുയാഷ് ശര്‍മയേയും മാത്രം തിരഞ്ഞെടുത്ത് ലേലത്തില്‍ ആര്‍സിബി ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ സ്പിന്‍ കൂട്ടുകെട്ടാണ് നിരവധി മത്സരങ്ങളില്‍ കളിയുടെ ഗതി ആര്‍സിബിക്ക് അനുകൂലമാക്കിയത്. ഫൈനലിലും ക്രുണാലിന്റെ മികവുകണ്ടു. അങ്ങനെ തകർപ്പൻ പ്രകടനം സീസണിലുടനീളം കാഴ്ചവെച്ചാണ് കോലിയും സംഘവും കപ്പിൽ മുത്തമിടുന്നത്.
Content Highlights: ipl champions 2025 rcb virat kohli
Published: 04 Jun 2025, 12:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented