ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍നിന്ന് ഇതിനകം മൂന്ന് ടീമുകള്‍ പ്ലേഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം പുറത്തായി. പിന്നാലെ രാജസ്ഥാനും, കഴിഞ്ഞദിവസത്തെ കളി മഴ മുടക്കിയതോടെ ഹൈദരാബാദും പുറത്തായി. സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇനി ഏതെല്ലാം ടീമുകള്‍ പ്ലേഓഫ് കടക്കുമെന്നതാണ് ചോദ്യം. ശേഷിച്ച ഏഴ് ടീമുകള്‍ക്കും മുന്നില്‍ പ്ലേഓഫ് സാധ്യതകളുണ്ട്. പോയിന്റ് പട്ടികയില്‍ എറ്റവും മുന്നിലുള്ള ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചു എന്നുപറയാം. ഓരോ ടീമിന്റെയും സാധ്യതകള്‍ പരിശോധിക്കാം:

To advertise here,

ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്: ബെംഗളൂരു ഇനി പ്ലേഓഫിലെത്താതിരിക്കാന്‍ വലിയ അദ്ഭുതങ്ങള്‍ സംഭവിക്കണം. സീസണിലെ ഏറ്റവും ഫേവറിറ്റുകളാണവര്‍. 11 മത്സരങ്ങളില്‍നിന്ന് 16 പോയിന്റുള്ള ടീമിന് ഒരു ജയംകൂടി നേടിയാല്‍ അവസാന നാലില്‍ ഇടം ഉറപ്പിക്കാം. രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നും ഉറപ്പിക്കാം. 

പഞ്ചാബ് കിങ്‌സ്: ലഖ്‌നൗവിനെതിരേ ഞായറാഴ്ച നടക്കുന്ന മത്സരം ജയിച്ച് പ്ലേഓഫ് സാധ്യത സജീവമാക്കുകയായിരിക്കും പഞ്ചാബിന്റെ ലക്ഷ്യം. ടീമിന് ഇനി മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നു. രണ്ടെണ്ണം ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പ്. ഒരു മത്സരം മാത്രം ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റും മറ്റു ടീമുകളുടെ മത്സരഫലവും നിര്‍ണായകമാകും. 

മുംബൈ ഇന്ത്യന്‍സ്: തുടക്കം പാളിയെങ്കിലും പിന്നീട് മുംബൈയുടെ കുതിപ്പായിരുന്നു സീസണില്‍ കണ്ടത്. തുടര്‍ച്ചയായ ആറ് വിജയങ്ങള്‍ ടീമിനെ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിച്ചു. 11 മത്സരങ്ങളില്‍നിന്നായി 14 പോയിന്റാണ് ടീമിനുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളല്‍ രണ്ടെണ്ണം ജയിച്ചാല്‍ ഹാര്‍ദിക്കിനും സംഘത്തിനും പ്ലേഓഫ് ഉറപ്പിക്കാം. 

ഗുജറാത്ത് ടൈറ്റന്‍സ്: പത്തു മത്സരങ്ങളില്‍നിന്ന് 14 പോയിന്റാണ് ശുഭ്മാന്‍ ഗില്ലിനും സംഘത്തിനുമുള്ളത്. ഇനിയുള്ള നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ അവസാന നാലില്‍ ഇടംപിടിക്കാം. ഐപിഎലില്‍ രണ്ടാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. 

ഡല്‍ഹി ക്യാപിറ്റല്‍സ്: തിങ്കളാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരം മഴമൂലം ഉപേക്ഷിച്ചത് ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹൈദരാബാദിനും ഡല്‍ഹിക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ജയം അനിവാര്യമായിരുന്ന ഹൈദരാബാദ് പുറത്താവുകയും ചെയ്തു. നിലവില്‍ 11 മത്സരങ്ങളില്‍ ആറു ജയവുമായി അഞ്ചാമതാണ് ഡല്‍ഹി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പിക്കാം. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാര്‍ നിലവില്‍ ആറാമതാണുള്ളത്. ശേഷിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാലേ സാധ്യതയുള്ളൂ. അതുതന്നെ നെറ്റ് റണ്‍റേറ്റും ബാക്കി ടീമുകളുടെ മത്സരഗതിയും അനുസരിച്ചിരിക്കും.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: 11 മത്സരങ്ങളില്‍ അഞ്ച് വിജയവുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്. ശേഷിച്ച മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ത്തന്നെയും 16 പോയിന്റാണ് നേടാനാവുക. മൂന്ന് മത്സരങ്ങള്‍ നിര്‍ബന്ധമായി ജയിക്കുകയും മറ്റു ടീമുകളുടെ മത്സരഫലങ്ങള്‍ക്കൂടി അനകൂലമാകുകയും ചെയ്താല്‍ ലഖ്‌നൗവിനും സാധ്യതയുണ്ടെന്ന് പറയാം.