അഹമ്മദാബാദ്: ഐ.പി.എല്‍ ഫൈനലിന് വേദിയാകുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് ചോര്‍ച്ച. ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തില്‍ ശക്തമായ മഴയുണ്ടായി. ഇതേത്തുടര്‍ന്ന് സ്‌റ്റേഡിയം ചോര്‍ന്നൊലിച്ചു. 

To advertise here,

സ്‌റ്റേഡിയത്തിലുണ്ടായ ചോര്‍ച്ചയുടെ വീഡിയോ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഈ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാനാവാതെ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ചു. 

ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ നരേന്ദ്രമോദി സ്‌റ്റേഡിയം ഈയിടെയാണ് വിപുലീകരിച്ചത്. എന്നിട്ടും നല്ലൊരു മഴപെയ്താല്‍ എന്തുകൊണ്ടാണ് ചോരുന്നത് എന്ന് ആരാധകര്‍ ചോദിക്കുന്നു. വരാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നാണ് നരേന്ദ്രമോദി സ്‌റ്റേഡിയം. ലോകകപ്പ് ഫൈനല്‍ മത്സരവും ഇവിടെയായിരിക്കും നടക്കുക. 1.32 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാനാകും എന്നതാണ് ഈ സ്റ്റേഡിയത്തിന്റെ പ്രത്യേകത.