ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് 2023 ഐ.പി.എല്ലിലെ ശേഷിച്ച മത്സരങ്ങള്‍ നഷ്ടമാകും. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പേശിവലിവ് അനുഭവപ്പെട്ട സുന്ദര്‍ ചികിത്സയ്ക്ക് വേണ്ടി ക്യാമ്പ് വിട്ടു. 

To advertise here,

സുന്ദറിന്റെ പരിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം തന്നെയാണ് പുറത്തുവിട്ടത്. സണ്‍റൈസേഴ്‌സിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സുന്ദര്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന സുന്ദര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

ഈ സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങള്‍ കളിച്ച താരം 60 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കി. 2022 ഐ.പി.എല്‍ താരലേലത്തിലൂടെ 8.25 കോടി രൂപയ്ക്കാണ് സുന്ദറിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 

സുന്ദറിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ മാത്രമുള്ള സണ്‍റൈസേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേ ഓഫിലേക്ക് കടക്കാനാകൂ. സുന്ദറിന്റെ പകരക്കാരനെ സണ്‍റൈസേഴ്‌സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.