അഹമ്മദാബാദ്: 16-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലിലൂടെ വമ്പന്‍ റെക്കോഡ് ഭേദിക്കാനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കുന്തമുന ശുഭ്മാന്‍ ഗില്‍. 2016-ല്‍ വിരാട് കോലി സ്ഥാപിച്ച ഒരു സീസണിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് ഗില്‍ ലക്ഷ്യം വെയ്ക്കുന്നത്. 

To advertise here,

നിലവില്‍ 851 റണ്‍സെടുത്ത് അസാമാന്യമായ ഫോമില്‍ കളിക്കുകയാണ് ഗില്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ 123 റണ്‍സ് കൂടി നേടിയാല്‍ വിരാട് കോലി സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാകും. 2016-ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി കോലി 973 റണ്‍സാണ് അടിച്ചുകൂട്ടിയത്. 

ഐ.പി.എല്ലില്‍ ഒരു സീസണില്‍ 800 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ മാത്രം താരം എന്ന റെക്കോഡ് ഗില്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. വിരാട് കോലി, ജോസ് ബട്‌ലര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഈ റെക്കോഡ് മുന്‍പ് സ്വന്തമാക്കിയവര്‍. 13 റണ്‍സ് കൂടി നേടിയാല്‍ ഗില്ലിന് ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ ബാറ്റര്‍ എന്ന റെക്കോഡ് സ്വന്തമാക്കാം. 

ട്വന്റി 20-യില്‍ നാല് ഇന്നിങ്സിനിടെ മൂന്നാം സെഞ്ചുറി. ഈവര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും സെഞ്ചുറി. ഓരോ മത്സരം പിന്നിടുമ്പോഴും ശുഭ്മാന്‍ ഗില്ലിന്റെ പക്വതയും പാകതയും കൂടിക്കൂടിവരുന്നു, എതിരാളികള്‍ക്കുള്ള ബഹുമാനവും. വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ 60 പന്തില്‍ 129 റണ്‍സുമായി അടിച്ചുതകര്‍ത്ത ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്സ്, മുംബൈ ഇന്ത്യന്‍സിന്റെ ഫൈനല്‍ സ്വപ്നങ്ങളും തകര്‍ത്തു. ഗില്ലിന്റെ കരുത്തില്‍ 20 ഓവറില്‍ 233 റണ്‍സ് സ്‌കോര്‍ചെയ്ത ഗുജറാത്ത്, 62 റണ്‍സ് ജയത്തോടെ ഫൈനലിലേക്ക് കുതിച്ചു.

ഈയിടെ ഹൈദരാബാദിനെതിരേ 101, ബാംഗ്ലൂരിനെതിരേ 104 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത 23-കാരന്‍ രണ്ടാഴ്ചയ്ക്കിടെയാണ് മൂന്നു സെഞ്ചുറിയും നേടിയത്. വെള്ളിയാഴ്ച 30 റണ്‍സില്‍നില്‍ക്കെ ക്രിസ് ജോര്‍ദാന്റെ പന്തില്‍ ഗില്ലിന്റെ ക്യാച്ചെടുക്കാനുള്ള അവസരം ടിം ഡേവിഡ് കൈവിട്ടിരുന്നു. പിന്നെ തിരിഞ്ഞുനോക്കിയില്ല. ഏഴു ഫോറും 10 സിക്സും ഉള്‍പ്പെടെയാണ് 129 റണ്‍സിലെത്തിയത്.