ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരം അവസാന പന്ത് വരെ ആവേശം നിറഞ്ഞതായിരുന്നു. മത്സരഫലം മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ ലഖ്‌നൗ ഒരു വിക്കറ്റിന്റെ നാടകീയ വിജയം സ്വന്തമാക്കി. തകര്‍ത്തടിച്ച പുരാന്റെയും(19 പന്തില്‍ 62 റണ്‍സ്) സ്റ്റോയിനിസിന്റെയും(30 പന്തില്‍ 65 റണ്‍സ്) വെടിക്കെട്ടാണ് തോറ്റ കളിയില്‍ നിന്ന് ലഖ്‌നൗ വിജയത്തിലേക്ക് തിരിച്ചെത്തിയത്.

To advertise here,

നാല് വിക്കറ്റ് ശേഷിക്കെ എട്ട് പന്തില്‍ ഏഴ് റണ്‍സ് വേണ്ടിയപ്പോള്‍ ആയുഷ് ബദോനിയുടെ ഔട്ടും കളിയിലെ അവിസ്മരണീയ നിമിഷമായിരുന്നു. പാര്‍ണലിന്റെ പന്ത് സ്‌കൂപ്പ് ചെയ്ത ബദോനി സിക്‌സര്‍ നേടി. ടീം ആഹ്ലാദത്തിലായി. എന്നാല്‍ ഷോട്ട് പായിച്ച ശേഷം ബാറ്റ് സ്റ്റമ്പില്‍ തട്ടി ബെയില്‍ വീണു. സിക്‌സടിച്ച ഷോട്ടില്‍ ബദോനി ഹിറ്റ് വിക്കറ്റായി.

അവസാന ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സായിരുന്നു ലഖ്‌നൗവിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ പന്തും അത് എറിഞ്ഞ ബാംഗ്ലൂര്‍ പേസ് ബൗളര്‍ ഹര്‍ഷട്ടല്‍ പട്ടേലും ആയിരുന്നു മത്സരത്തിലെ ഏറ്റവും നാടകീയ നിമിഷങ്ങള്‍ സമ്മാനിച്ചത്. മത്സരം സമനിലയിലേക്കും തുടര്‍ന്ന് സൂപ്പര്‍ ഓവറിലുമെത്താനുള്ള സുവര്‍ണാവസരം താരം പാഴാക്കുകയായിരുന്നു.

മത്സരത്തില്‍ താന്‍ ആദ്യം എറിഞ്ഞ മൂന്ന് ഓവറിലും റണ്‍സ് വാരിക്കോരി നല്‍കിയ ഹര്‍ഷല്‍ തന്റെ നാലാം ഓവര്‍ മനോഹരമായാണ് ചെയ്തത്. ആദ്യ അഞ്ച് പന്തുകളില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം രണ്ട് വിക്കറ്റും വീഴ്ത്തി. ഇതോടെ മത്സരം ബംഗ്ലൂര്‍ വിജയിക്കുമെന്ന തോന്നലുണ്ടായി. 

അവസാന പന്തില്‍ വിജയറണ്‍ നേടാനായിരുന്നു ലഖ്‌നൗവിന്റെ ശ്രമം. പുതുതായി ക്രീസിലെത്തിയ ആവേശ്‌ ഖാനായിരുന്നു സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്നത്. മറുവശത്ത് രവി ബിഷ്‌ണോയിയുമായിരുന്നു. ബിഷ്‌ണോയ് ക്രീസിന് പുറത്തേക്ക് ഇറങ്ങിനില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട ഹര്‍ഷല്‍ മങ്കാദിങ്ങിന് ശ്രമിച്ചു. എന്നാല്‍ താരത്തിന്റെ അവസരങ്ങളെല്ലാം പിഴച്ചു.

ബൗളിങ് ആക്ഷന്‍ കാണിച്ചശേഷം ഹര്‍ഷല്‍ കൈകൊണ്ട് സ്റ്റമ്പ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ അത് പരാജയപ്പെട്ടു. തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ സ്റ്റമ്പിലേക്ക് ത്രോ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ബൗളിങ് ആക്ഷന് ശേഷം നോണ്‍ സ്‌ട്രൈക്കറെ സ്റ്റമ്പ് ചെയ്താല്‍ അത് അനുവദിക്കില്ലെന്നാണ് നിയമം. ആക്ഷന് മുമ്പ് റണ്ണപ്പിനിടെ ബിഷ്‌ണോയിയെ ഹര്‍ഷല്‍ റണ്ണൗട്ട് ആക്കണമായിരുന്നു.

ഇത് പരാജയപ്പെട്ടതോടെ ഹര്‍ഷലിന് അവസാന പന്ത് എറിയേണ്ടി വന്നു. പന്ത് കണക്റ്റ് ചെയ്യാന്‍ ആവേശ് ഖാന് ആയില്ലെങ്കിലും ഒരുവിധത്തില്‍ ഓടി ഒരു റണ്‍ പൂര്‍ത്തിയാക്കി. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ കൈയില്‍ നിന്ന് പന്ത് വഴുതിയതോടെയാണ് ആവേശിനും ബിഷ്‌ണോയിക്കും വിജയറണ്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഹെല്‍മെറ്റ് ശക്തിയില്‍ ഗ്രൗണ്ടിലേക്ക് എറിഞ്ഞ ആവേശ് വിജയം ആഘോഷിക്കുകയും ചെയ്തു. 

മത്സരശേഷം ഹര്‍ഷല്‍ പട്ടേലിന്റെ പാളിപ്പോയ മങ്കാദിങ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. അശ്വിന്‍ ആകാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയാകും എന്നായിരുന്നു പലരുടേയും കമന്റ്. നിങ്ങളുടെ ടെകിന്ക്ക് ശരിയല്ലെന്നും ഇത് എല്ലാവരേയും കൊണ്ട് സാധിക്കുന്ന കാര്യമല്ലെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. 

പേസ് ബൗളര്‍മാര്‍ക്ക് നോണ്‍ സ്‌ട്രൈക്കറെ റണ്‍ഔട്ടാക്കുന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. സ്പിന്നര്‍മാരുടെ റണ്ണപ്പിലേ അത് സാധിക്കൂവെന്നും ആരാധകര്‍ പറയുന്നു.