ലഖ്‌നൗ: ഐപിഎല്‍ മത്സരത്തിനിടെയുണ്ടായ മോശം സംഭവവികാസങ്ങള്‍ക്ക് ശേഷവും വിരാട് കോലിയെ വിടാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നവീന്‍ ഉള്‍ ഹഖ്.

To advertise here,

ഇന്‍സ്റ്റാഗ്രാമില്‍ സൂപ്പര്‍ ജയന്റ്‌സ് ഉപദേശകന്‍ ഗൗതം ഗംഭീറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവീന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കോലിയെ പരോക്ഷമായി ലക്ഷ്യം വെയ്ക്കുന്നതാണ് നവീന്റെ പുതിയ പോസ്‌റ്റെന്നാണ് ആരാധകരുടെ പ്രതികരണം. ഈ പോസ്റ്റിന് താഴെ ഗംഭീര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.

'നിങ്ങളോട് ആളുകള്‍ എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ ആ രീതിയില്‍ നിങ്ങള്‍ ആളുകളോട് പെരുമാറുക. നിങ്ങളോട്  ആളുകള്‍ എങ്ങനെ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അതേ രീതിയില്‍ നിങ്ങള്‍ ആളുകളോട് സംസാരിക്കുക', എന്നാണ് നവീന്‍ ഗംഭീറിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. 'നിങ്ങള്‍ ആരായിരിക്കുന്നുവോ അങ്ങനെ തന്നെ തുടരുക. ഒരിക്കലും മാറരുത്', എന്നാണ് ഇതിന് താഴെ ഗംഭീറിന്റെ കമന്റ്.

മേയ് ഒന്നിന് നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരമാണ് ഏറെ വിവാദമായ സംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഗൗതം ഗംഭീറുമായും നവീന്‍ ഉള്‍ ഹഖുമായും ആര്‍സിബി താരം വിരാട് കോലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും നവീന് 50 ശതമാനവും പിഴശിക്ഷയും ലഭിച്ചിരുന്നു.

ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരശേഷം ഇരുടീമിലെയും താരങ്ങള്‍ കൈകൊടുക്കുന്നതിനിടെയാണ് കോലിയും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായത്. താരങ്ങള്‍ തമ്മിലുള്ള പ്രകോപനം നേരത്തേ തന്നെയുണ്ടായിരുന്നു. ലഖ്‌നൗ ഇന്നിങ്‌സിലെ 17-ാം ഓവറിനിടെ, വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും തമ്മില്‍ സംസാരമുണ്ടായി. നവീന്‍ ഉള്‍ ഹഖിനോട് കോലി തന്റെ ഷൂവില്‍തൊട്ട് എന്തോ പറഞ്ഞു. പിന്നാലെ നവീനിനെ കോലി അധിക്ഷേപിക്കുന്നുവെന്ന് ലഖ്നൗ ബൗളര്‍ അമിത് മിശ്ര അമ്പയറോട് പരാതിപ്പെട്ടിരുന്നു. മത്സരം കഴിഞ്ഞശേഷം താരങ്ങള്‍ കൈകൊടുക്കുന്നതിനിടെയും നവീനും കോലിയും സംസാരിക്കുന്നുണ്ട്. പിന്നീട്, ലഖ്‌നൗ ഓപ്പണര്‍ കൈല്‍ മെയേഴ്‌സും കോലിയോട് സംസാരിക്കാനായി അടുത്തെത്തി. ഞങ്ങളെ അധിക്ഷേപിക്കുന്നത് എന്തിനാണെന്ന് മെയേഴ്സ് ചോദിച്ചെന്നാണ് വിവരം. ലഖ്നൗ താരങ്ങള്‍ തന്നെ തുറിച്ചുനോക്കിയതായി കോലി ആരോപിക്കുന്നു.

ഇതിനിടെ പ്രശ്‌നം പരിഹരിക്കാനാണ് ഗൗതം ഗംഭീര്‍ ഇടപെട്ടത്. പിന്നീട് വാക്തര്‍ക്കം ഇവര്‍ തമ്മിലായി. ലഖ്നൗ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ കോലിയുമായി സംസാരിക്കാന്‍ നവീന്‍ ഉള്‍ ഹഖിനെ ക്ഷണിക്കുന്നതും അദ്ദേഹം അത് അവഗണിച്ചു പോകുന്നതും കാണാം.