അഹമ്മദാബാദ്: ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുമെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്ററായ അമ്പാട്ടി റായുഡു. മുന്‍ ഇന്ത്യന്‍ ദേശീയ ടീം അംഗം കൂടിയായ റായുഡു ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനല്‍ മത്സരശേഷം ഐ.പി.എല്ലിനോട് വിടപറയും. സമൂഹമാധ്യമങ്ങളിലൂടെയാണ് റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2019 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെത്തുടര്‍ന്ന് റായുഡു ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചിരുന്നു. പിന്നീട് രണ്ടുവര്‍ഷത്തിനുശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം തീരുമാനം മാറ്റിയ റായുഡു ഐ.പി.എല്ലില്‍ തുടര്‍ന്നു. 38 കാരനായ റായുഡു ഈ സീസണില്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്ന് 139 റണ്‍സ് മാത്രമാണ് നേടിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തും മുന്‍പ് താരം മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ആകെ 203 മത്സരങ്ങള്‍ കളിച്ച റായുഡു 28.11 ശരാശരിയില്‍ 4329 റണ്‍സെടുത്തിട്ടുണ്ട്. ഒരു സെഞ്ചുറിയും 22 അര്‍ധസെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 2010 മാര്‍ച്ച് 13 ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലൂടെയാണ് റായുഡു ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. 14 സീസണില്‍ ഐ.പി.എല്‍ കളിച്ച റായുഡു അഞ്ച് കിരീടം നേടി. 11 പ്ലേ ഓഫുകളിലും എട്ട് ഫൈനലുകളിലും പാഡണിഞ്ഞു.
' മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് മികച്ച ടീമുകള്‍.. 204 മത്സരങ്ങള്‍ 14 സീസണുകള്‍, എട്ട് ഫൈനലുകള്‍, അഞ്ച് കിരീടങ്ങള്‍ ആറാം കിരീടം ഇന്ന് രാത്രി നേടുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ചൊരു യാത്രയായിരുന്നു ഇത്. ഇന്നത്തെ ഫൈനല്‍ മത്സരം എന്റെ ഐ.പി.എല്‍ കരിയറിലെ അവസാന മത്സരമാണ്. ഈ ടൂര്‍ണമെന്റില്‍ ഞാന്‍ ആസ്വദിച്ചാണ് കളിച്ചത്. എല്ലാവര്‍ക്കും നന്ദി. ഇനിയൊരു യു ടേണ്‍ ഇല്ല'- റായുഡു കുറിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനങ്ങള്‍ കളിച്ച താരം 1694 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഐ.പി.എല്ലില്‍ നിന്ന് വിരമിച്ചെങ്കിലും ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് പോലെയുള്ള മറ്റ് ടൂര്‍ണമെന്റുകളില്‍ താരം കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlights: Ambati Rayudu announces retirement from IPL after final CSK vs GT showdown
Published: 28 May 2023, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented