ചെന്നൈ: ഐപിഎല്‍ 16-ാം സീസണ്‍ അവസാനിക്കാറായതോടെ എല്ലാ കണ്ണുകളും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ്‌ ധോനിയിലാണ്. ഫൈനലിലെത്തിയ ചെന്നൈ കിരീടം നേടിയാല്‍ ധോനി വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ചെന്നൈയുടെ 10-ാം ഫൈനലാണിത്, ഇതുവരെ കളിച്ച ഒമ്പതു ഫൈനലുകളില്‍ ചെന്നൈ നാലുതവണ കിരീടം നേടി. എല്ലാം ധോനിയുടെ കീഴില്‍.

To advertise here,

ഇതോടെ അടുത്ത സീസണില്‍ ധോനി കളിക്കുമോ അതോ ഇത്തവണ വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്പ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ ചോദിച്ചപ്പോള്‍ അക്കാര്യം തീരുമാനിക്കാന്‍ ഇനിയും 8-9 മാസങ്ങളുണ്ടെന്നായിരുന്നു ധോനിയുടെ മറുപടി.

ഇപ്പോഴിതാ അടുത്ത സീസണില്‍ ധോനി ഉറപ്പായും ചെന്നൈക്കായി കളിക്കാന്‍ ഉണ്ടാകുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ ബൗളിങ് കോച്ചും ധോനിയുടെ സഹതാരവുമായിരുന്ന ഡ്വെയ്ന്‍ ബ്രാവോ. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

''100 ശതമാനം. പ്രത്യേകിച്ചും ഇംപാക്റ്റ് പ്ലെയര്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍. അത് അദ്ദേഹത്തിന്റെ കരിയര്‍ നീട്ടും. ധോനി ഐപിഎല്ലിന്റെ 2024 പതിപ്പില്‍ കളിക്കാരനായി തന്നെ തിരിച്ചുവരും.'' - ബ്രാവോ വ്യക്തമാക്കി.

ജൂലായ് ഏഴിന് ധോനിക്ക് 42 വയസ്സ് തികയും. ഈ പ്രായത്തിലും മത്സര ക്രിക്കറ്റില്‍ കളിക്കുകയെന്നത് അത്ര എളുപ്പമല്ല. ഈ സീസണില്‍ മിക്ക മത്സരങ്ങളിലും ഏഴാമതോ എട്ടാമതോ ആയാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. ഗ്രൗണ്ടില്‍ 'അധികം ഓടിക്കരുതെന്ന്' ധോനിതന്നെ തമാശയായി പറയുകയും ചെയ്തിരുന്നു.