അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലേക്ക് മുന്നേറിയ മത്സരം. ഹര്‍ഷല്‍ പട്ടേലിന്റെ 19-ാം ഓവറിലെ ആദ്യ പന്ത് സിക്‌സർ പറത്തി ജോസ് ബട്ട്‌ലര്‍ രാജസ്ഥാനെ ഫൈനലിലെത്തിച്ചതിനു പിന്നാലെ ക്യാമറാ കണ്ണുകള്‍ നേരേചെന്നു തറച്ചത് ഗാലറിയിലെ ഒരു ബാനറിലേക്കായിരുന്നു. അതില്‍ അവരുടെ എക്കാലത്തെയും ഇതിഹാസം ഷെയ്ന്‍ വോണ്‍ ചെറു പുഞ്ചിരിയുമായി നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. 

To advertise here,

2008-ല്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ റോയല്‍സ് സംഘം പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കുമ്പോള്‍ ആ ടീമിനെ നയിച്ചത് വോണായിരുന്നു. അന്ന് വോണ്‍ കപ്പുയര്‍ത്തിയ ശേഷം പിന്നീടൊരു ഐപിഎല്‍ ഫൈനലിനായി റോയല്‍സിന് കാത്തിരിക്കേണ്ടി വന്നത് നീണ്ട 14 വര്‍ഷങ്ങളാണ്. അതും വോണ്‍ ഈ ലോകത്തോട് വിടപറഞ്ഞ് രണ്ടു മാസങ്ങള്‍ക്ക് ശേഷം.

ആര്‍സിബിയെ തോല്‍പ്പിച്ച മത്സരത്തിന് ശേഷം റോയല്‍സ് ക്യാമ്പില്‍ നിറഞ്ഞതും വോണിന്റെ ഓര്‍മകളായിരുന്നു. റോയല്‍സിന് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയ മാച്ച് വിന്നിങ് ഇന്നിങ്‌സിന് ശേഷം ''അദ്ദേഹം (വോണ്‍) മുകളിലിരുന്ന് ഇപ്പോള്‍ ഞങ്ങളെ അഭിമാനത്തോടെ നോക്കുന്നുണ്ടാകും'', എന്നായിരുന്നു ജോസ് ബട്ട്‌ലറുടെ പ്രതികരണം. 

റോയല്‍സിനെ തങ്ങളുടെ ഏക ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച വോണിന്റെ വേര്‍പാടിന് ശേഷമുള്ള ആദ്യ ഐപിഎല്‍ ടൂര്‍ണമെന്റായിരുന്നു ഇത്തവണത്തേത്. അതിനാല്‍ തന്നെ റോയല്‍സിന്റെ ആദ്യ മത്സരം മുതല്‍ ഗാലറിയില്‍ വോണി ബാനറുകള്‍ നിറഞ്ഞിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഫൈനലിന് റോയല്‍സ് പാഡ് കെട്ടുമ്പോള്‍ അവരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നതും വോണായിരിക്കും. കിരീട നേട്ടത്തിലൂടെ തങ്ങളുടെ ഇതിഹാസതാരത്തിന് ആദരമര്‍പ്പിക്കാന്‍ തന്നെയാകും സഞ്ജുവും സംഘവും ഫൈനലില്‍ പാഡ് കെട്ടിയിറങ്ങുക.