മുംബൈ: സഹോദരി അര്‍ച്ചിത പട്ടേലിനെ കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഐപിഎല്‍ ടീം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. ഏറെക്കാലമായി രോഗബാധിതയായിരുന്ന അര്‍ച്ചിത ഈ മാസം ഒമ്പതിനാണ് അന്തരിച്ചത്. സഹോദരിയുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെ ബയോബബ്ള്‍ വിട്ട് ഏതാനും ദിവസം ഹര്‍ഷല്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചിരുന്നു.

To advertise here,

ഏപ്രില്‍ 12-ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഹര്‍ഷല്‍ ടീമിലുണ്ടായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച്ച ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ താരം ഐപിഎല്ലില്‍ തിരിച്ചെത്തി. ഈ മത്സരത്തിന് ശേഷമാണ് ഹര്‍ഷല്‍ സോഷ്യല്‍ മീഡിയയില്‍ സഹോദരിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. 

'ചേച്ചീ..ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും സ്‌നേഹസമ്പന്നയും സന്തോഷവതിയുമായ വ്യക്തി താങ്കളായിരുന്നു. അവസാന ശ്വാസം വരെ ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ പോലും പുഞ്ചിരിയോടെയാണ് നീ നേരിട്ടത്. ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തന്റെ കാര്യത്തില്‍ വേവലാതി വേണ്ടെന്നുമാണ് നീ എന്നോട് പറഞ്ഞത്. ചേച്ചിയുടെ ആ വാക്കുകള്‍കൊണ്ടു മാത്രമാണ് കഴിഞ്ഞ ദിവസം ഞാന്‍ വീണ്ടും കളത്തിലേക്ക് മടങ്ങിയെത്തിയത്. 

ചേച്ചിയെ ഓര്‍ക്കാനും ആദരവ് പ്രകടിപ്പിക്കാനും എനിക്കു ഇത്രമാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. എന്നെക്കുറിച്ചോര്‍ത്ത് ചേച്ചി അഭിമാനിച്ചിരുന്ന കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യും. ജീവിതത്തിലെ എല്ലാ നിമിഷത്തിലും ചേച്ചി ബാക്കിയാക്കിയ ശൂന്യത എന്നെ പിന്തുടരും. ഒരുപാട് സ്‌നേഹം.' ഹര്‍ഷല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.