അന്താരാഷ്ട്ര മാതൃഭാഷാദിനമായ ഫെബ്രുവരി 21 ചൊവ്വാഴ്ച മാതൃഭൂമി ദിനപത്രത്തില്‍ 'മലയാളത്തിന്റെ ദുരവസ്ഥ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച, ഐക്യമലയാള പ്രസ്ഥാനം കണ്‍വീനറായ ആര്‍. നന്ദകുമാറിന്റെ ലേഖനം വായിക്കാം...
കേരളമൊഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും മാതൃഭാഷയില്‍ ഭരണനിര്‍വഹണം എന്ന തത്ത്വം 1969 ആയപ്പോഴേക്കും പാലിച്ചുകഴിഞ്ഞു. കേരളം നാളിതുവരെ ആ ജനാധിപത്യക്രിയ പൂര്‍ത്തീകരിച്ചിട്ടില്ല. 1969-ല്‍ നമ്മളും ഉണ്ടാക്കി ഔദ്യോഗികഭാഷാനിയമം. സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷ ഇംഗ്ലീഷും മലയാളവും ആയിരിക്കും എന്നായിരുന്നു ആ നിയമം.
1973-ല്‍ അതിന് ഭേദഗതി വരുത്തി. കേരളത്തിന്റെ ഔദ്യോഗികഭാഷ ഇംഗ്ലീഷോ മലയാളമോ ആയിരിക്കും എന്നായിരുന്നു ആ ഭേദഗതി. എന്നു വെച്ചാല്‍ ഉദ്യോഗസ്ഥരുടെ സൗകര്യംപോലെ എന്നര്‍ഥം. സ്വാഭിമാനമില്ലാത്ത ഈ നിയമനിര്‍മാണങ്ങളിലൂടെ സംഭവിച്ച തെറ്റുതിരുത്തി സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷ 97.46 ശതമാനം കേരളീയരുടെയും മാതൃഭാഷയായ മലയാളമായിരിക്കും എന്നു നിര്‍വചിക്കാനുള്ള പരിശ്രമമായിരുന്നു 2015-ലെ മലയാളഭാഷ-വ്യാപനവും പരിപോഷണവും എന്ന ബില്‍.
2015 ഡിസംബര്‍ 17-ന് 13-ാം കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ ഈ ബില്‍ അതു തയ്യാറാക്കിയ നിയമവകുപ്പുതന്നെ പ്രസിഡന്റിന്റെ അനുമതിക്കായി അയച്ചുകൊടുത്തു. എട്ടുവര്‍ഷമായി അനുമതി ലഭിച്ചിട്ടില്ല. ഇപ്പോഴറിയുന്നത് കേന്ദ്ര നിയമങ്ങളുമായി വൈരുധ്യവും സംഘര്‍ഷവുമുള്ളതിനാല്‍ ബില്‍ പിന്‍വലിക്കാനുള്ള നിര്‍ദേശം കേന്ദ്രത്തില്‍നിന്നു വരുമെന്നാണ്. നമ്മുടെ മാതൃഭാഷയെ സംബന്ധിച്ച ബില്‍ സംസ്ഥാനത്തിന്റെമാത്രം കാര്യമാണ്. ഇത് തയ്യാറാക്കുന്നതിലും പിന്തുടരുന്നതിലും സംസ്ഥാന നിയമവകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. കണ്‍കറന്റ് പട്ടികയിലെ വിഷയമായ ഈ ബില്ലില്‍ രാഷ്ട്രപതിക്കയക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഈ ബില്‍ നിയമമാകരുത് എന്ന നിഗൂഢ നിര്‍ബന്ധബുദ്ധി നിയമവകുപ്പിനുണ്ടായിരുന്നിരിക്കണം. ഡല്‍ഹിയില്‍ സര്‍ക്കാരിന് പി.ആര്‍.ഒ.മാരുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നുംകൂടി ഈ അനുഭവം വൃക്തമാക്കുന്നു.
ഭാഷാനിയമം ചട്ടം അനുച്ഛേദം 7 അനുസരിച്ച് പത്താംതരത്തിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മലയാളത്തിന് മികച്ചവിജയം നേടുന്ന അഞ്ചുശതമാനം വിദ്യാര്‍ഥികള്‍ക്ക് സാഹിത്യത്തിലെ മികച്ച കൃതികള്‍ വാങ്ങി വായിക്കാനും സാഹിത്യത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച അവബോധം വളര്‍ത്താനുംവേണ്ടി ഒരു സ്‌കോളര്‍ഷിപ്പ് നല്‍കേണ്ടതാണെന്ന് അനുശാസിക്കുന്നു. നാലുവര്‍ഷം കഴിഞ്ഞിട്ടും വിദ്യാഭ്യാസവകുപ്പോ ഡയറക്ടറോ ഇക്കാര്യം അറിഞ്ഞമട്ടില്ല. ദോഷംപറയരുത്. ഉറുദു, അറബിക്, സംസ്‌കൃതം എന്നീ ഭാഷകള്‍ക്കൊക്കെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.
2011-ല്‍ ഇറക്കിയ ഒന്നാംഭാഷാ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള പിരീഡുകള്‍ മലയാളത്തിനു നല്‍കുന്നില്ല. പരീക്ഷകള്‍ എങ്ങനെ നടത്തണമെന്നു നിശ്ചയിക്കേണ്ടത് അധ്യാപകരാണ്. കേരളത്തില്‍ അതിപ്പോള്‍ നിശ്ചയിക്കുന്നത് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ്. പരീക്ഷാ ടൈംടേബിള്‍ പോലും മാറ്റിമറിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങിയകാലം മുതല്‍ക്ക് മലയാളമാണ് ആദ്യദിവസം നടത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്ക് സര്‍ഗാത്മകമായി, പേടികൂടാതെ പരീക്ഷയെ സമീപിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു തോന്നിയ മാതിരി പരിഷ്‌കരിച്ച് പുറത്തിറക്കിയിരിക്കുന്നു. ഈ സ്വേച്ഛാഭരണത്തിന് മന്ത്രിയുടെ സമ്മതമുണ്ടോ എന്നാണ് അറിയേണ്ട കാര്യം. 2018-ല്‍ ഭാഷാനിയമത്തിന് ചട്ടങ്ങളുണ്ടായി കൃത്യം ഒരാഴ്ച തികഞ്ഞപ്പോള്‍ എല്‍.പി.-യു.പി. അധ്യാപകതസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ മലയാളം പഠിച്ചിരിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞുകൊണ്ട് ഡയറക്ടറേറ്റ് ഒരു ഉത്തരവിറക്കി. പല്ലും ചൊല്ലും ഉറയ്ക്കാത്ത കുഞ്ഞുങ്ങളെ പഠിപ്പിക്കാനെത്തുന്നവര്‍ക്ക് മലയാളം അറിയണമെന്നു നിര്‍ബന്ധമില്ല.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മാതൃഭാഷയ്ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് അവകാശവാദം. അക്ഷരമാല പാഠപുസ്തകത്തിലുള്‍പ്പെടുത്തിയത്രേ. അത് തെറ്റു തിരുത്തിയതല്ലേ? പുതിയ കാര്യമല്ലല്ലോ? പക്ഷേ, അതു പഠിപ്പിക്കാന്‍ അധ്യാപകരുണ്ടോ? അടുത്തവാദം ലിപി പരിഷ്‌കരിച്ചെന്നാണ്. ലിപി മാനകീകരണം വേണ്ടതുതന്നെ. അത് ഭാഷയുടെ അംഗാസൂത്രണമാണ്. കോര്‍പ്പസ് പ്ലാനിങ്. ആദ്യം ഭാഷയുടെ പദവി ആസൂത്രണമാണ് നടക്കേണ്ടത്. പിന്നെ മതി അംഗാസൂത്രണം. ആ ആസൂത്രണവും പൂര്‍ണമാണോ? തമിഴര്‍ക്ക് അവരുടെ അക്ഷരങ്ങള്‍ ഉയിരും മെയ്യുമാണ്. 'ക' എന്ന ഒരൊറ്റ അക്ഷരമെഴുതി മുകളിലിടുന്ന കുത്തുകള്‍ക്കനുസരിച്ച് ഉച്ചാരണഭേദം വരുത്തുന്ന തമിഴ് രീതി എത്ര സൗകര്യപ്രദമാണ്? ഇതെല്ലാം കാട്ടിക്കൂട്ടലാണോ? അവരുടെ ഭാഷാസൂത്രണം പഠിക്കാന്‍പോലും ആരും മുതിര്‍ന്നില്ല.
കവി വി. മധുസൂദനന്‍ നായരുടെ 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യത്തിലെ വരികളാണ് ഓര്‍മ വരുന്നത്.
'തന്മൊഴിത്തായ്വേരു വെട്ടി, നാവും വിറ്റു
തന്‍ തറ തോണ്ടി, ത്തികഞ്ഞെന്നു ഭാവിച്ചു
പൊയ്ക്കാലു വെച്ചു നടക്കവേ, യക്കരേ-
യ്ക്കക്കരെയെത്തിക്കഴിഞ്ഞെന്ന തോന്നലായ്,
സ്വപ്നങ്ങള്‍ പോലും കടംകൊണ്ട പൊങ്ങച്ച-
മിക്കരെത്തന്നെത്തളഞ്ഞു നില്‍പ്പെങ്കിലും'.
Content Highlights: International Mother Language Day 2023,R. Nandakumar, Malayalam Language
Published: 21 Feb 2023, 10:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented