
'കുട്ടിക്കാലത്ത് എന്റെ ഭാഷയില്‍ എന്തെങ്കിലും സവിശേഷതയുള്ളതായി എനിക്ക് തോന്നിയില്ല. ഞാന്‍ അച്ഛനെ അത്താ(Atta) എന്നും അമ്മയെ അമാ(Ama) എന്നും വിളിച്ചു. മഴയെ എബി എന്നും സൂര്യനെ എഗുച്കി എന്നും വിളിക്കുന്നതു പോലെ'.
തന്റെ ഭാഷയായ ബാസ്‌ക് (Basque) നെപ്പറ്റി ലോകപ്രശസ്ത എഴുത്തുകാരനായ ബെര്‍നാര്‍ദോ ആച്ചഗ (Bernardo Atxaga യഥാര്‍ത്ഥ പേര് Joseba Irazu Garmendia) എഴുതിയ ഒരു ലേഖനം തുടങ്ങുന്നതിങ്ങനെയാണ്. ഏകദേശം നാലായിരത്തോളം വര്‍ഷത്തെ പഴക്കമുള്ള ഭാഷയാണ് ബാസ്‌ക്. പക്ഷേ തന്റെ ഭാഷയുടെ പൗരാണികതയോ അതിലെ മറ്റെങ്ങും കേള്‍ക്കാനാവാത്ത കഥകളോ മിത്തുകളോ അല്ല അതിനെ തനിക്ക് പ്രിയപ്പെട്ടതാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ആ ഭാഷയാണ് തങ്ങള്‍ക്ക് ഏറ്റവും നന്നായറിയാവുന്നത്. ആ ഭാഷയാണ് നിത്യജീവിതത്തില്‍ തങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമായിട്ടുള്ളത്.
ഭാഷയുടെ ഈ പ്രാഥമികതത്വം മറന്നു പോകുമ്പോള്‍ ഒരുവന് തന്റെ ഭാഷ അധമഭാഷയാണെന്ന് തോന്നിപ്പോകുന്നു. അവന്‍ മറ്റു ഭാഷകള്‍ തന്റേതിനേക്കാള്‍ മഹത്വമുള്ളതാണെന്ന് ചിന്തിച്ചുതുടങ്ങുന്നു.
സത്യത്തില്‍ ബാസ്‌ക്നെപ്പോലെ ഇല്ലാതാവലില്‍ നിന്നു രക്ഷപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റ ഭാഷകള്‍ അധികമുണ്ടാവില്ല. സ്‌പെയിനിന്റെ വടക്കും ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഭൂവിഭാഗമാണ് ബാസ്‌ക് പ്രദേശം. ഇവിടെയുള്ളവര്‍ സംസാരിക്കുന്ന ഭാഷയെ ബാസ്‌ക് അല്ലെങ്കില്‍ യുസ്‌കാര (Euskara) എന്നു വിളിക്കുന്നു.
ഒറ്റപ്പെട്ടഭാഷ (Language Isolate) എന്നാണ് ബാസ്‌ക് ഭാഷയെപ്പറ്റി പറയാറുള്ളത്. കാരണം നിലവിലുള്ള ഒരു ഭാഷയുമായും ഒരുവിധത്തിലുള്ള ബന്ധവും ഈ ഭാഷയ്ക്കില്ല. 1939 ല്‍ ജെനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ സ്‌പെയിനിന്റെ ഭരണം പിടിച്ചെടുത്തപ്പോള്‍ ബാസ്‌ക് ഭാഷ നിരോധിക്കപ്പെട്ടു. ആഭ്യന്തര യുദ്ധത്തില്‍ ബാസ്‌ക് പ്രദേശത്തുള്ളവര്‍ അദ്ദേഹത്തിനെതിരെ നിലകൊണ്ടതായിരുന്നു കാരണം.

ഏകാധിപത്യം ഒരു ഭാഷയെ ഇല്ലാതാക്കുന്നതെങ്ങനെയെന്ന് ആച്ചഗ കൃത്യമായി വിവരിക്കുന്നുണ്ട്. ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ആച്ചഗയെയും കൂട്ടുകാരെയും തടഞ്ഞു നിര്‍ത്തിയിട്ട് ഫാസിസത്തെയും നാസിസത്തെയും ഗൂര്‍ണിക്കയില്‍ ബോംബ് വര്‍ഷിച്ചതിനെപ്പറ്റിയും പറഞ്ഞു. അയാള്‍ തുടര്‍ന്നു;
''നിങ്ങള്‍ക്കറിയാമോ? താമസിയാതെ ഫാസിസ്റ്റുകള്‍ നമ്മളെയും തേടിവരും. നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഷ സംസാരിക്കാന്‍ പോലും കഴിയാതാവും'. കുട്ടിയായ ആച്ചഗയ്ക്ക് കാര്യത്തിന്റെ ഗൗരവം അപ്പോള്‍ മനസ്സിലായില്ലെങ്കിലും താമസിയാതെ ഫാസിസം അവന്റെയടുത്തുമെത്തി. സ്‌കൂളുകളില്‍ ബാസ്‌ക് ഭാഷ പഠിപ്പിക്കുന്നതു പോയിട്ട് പറയുന്നതു പോലും നിരോധിക്കപ്പെട്ടു. ബാസ്‌ക് സംസാരിച്ചതിന് സ്‌കൂളില്‍ നിന്ന് തനിക്ക് അടികിട്ടിയിരുന്നുവെന്ന് ആച്ചഗ ഓര്‍ക്കുന്നുണ്ട്.
ലോകത്തിലെ പല ഭാഷകളും സംസ്‌ക്കാരങ്ങളും ഇന്ന് ഏറെക്കുറെ സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. 'ഒറ്റ രാജ്യം, ഒറ്റ ഭാഷ' എന്ന മുദ്രാവാക്യത്തില്‍ ഇല്ലാതാകുന്നത് കുറേ ഭാഷകള്‍ മാത്രമല്ല, ഒരു സംസ്‌ക്കാരത്തിന്റെ വേരുകള്‍ കൂടിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ബാസ്‌ക് ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഇല്ലാതാകല്‍ ആദ്യമായി മനസ്സിലാക്കിയവരില്‍ ഒരാള്‍ ആച്ചഗയുടെ അച്ഛനായിരുന്നു. മക്കള്‍ ബാസ്‌ക് ഭാഷ പറയുന്നതു നിര്‍ത്തി കാസ്റ്റിലിയന്‍(സ്പാനിഷ് ) ഭാഷ മാത്രം സംസാരിക്കുന്നത് കേട്ട അദ്ദേഹം ഒരിക്കല്‍ വീട്ടില്‍ ഒരു മത്സരം നടത്തി. ബാസ്‌ക് ഭാഷ മാത്രം ഉപയോഗിച്ച് സംസാരിക്കുക എന്നതായിരുന്നു മത്സരം. ആശാരിപ്പണിക്കാരനായ അദ്ദേഹം അതിനുവേണ്ടി മരപ്പലകയില്‍ ഒരു പരസ്യവും തയ്യാറാക്കി: 'ദയവായി ബാസ്‌ക് ഭാഷ മാത്രം സംസാരിക്കൂ.' എന്നായിരുന്നു ആ പലകയില്‍ കൊത്തിവെച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം വീടിന്റെ തട്ടുമ്പുറത്തു നിന്ന് ആച്ചഗ ആ പലകക്കഷണം കണ്ടെടുത്തു. അപ്പോഴേക്കും ഫ്രാങ്കോയുടെ ഏകാധിപത്യം അവസാനിച്ചുകഴിഞ്ഞിരുന്നു. ബാസ്‌ക് ഭാഷയുടെ നിരോധനവും നീക്കം ചെയ്യപ്പെട്ടിരുന്നു. പക്ഷേ തന്റെ ഭാഷ ആരും ഉപയോഗിക്കുന്നില്ലെന്ന്, ആര്‍ക്കും അതാവശ്യമില്ലെന്ന് ആച്ചഗ വേദനയോടെ മനസ്സിലാക്കി.
ബാസ്‌ക് ഭാഷയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നെ. ആച്ചഗയും കൂടെ ഒരു കൂട്ടം എഴുത്തുകാരും ബാസ്‌ക് ഭാഷയില്‍ കഥകളും കവിതകളും നോവലുകളുമെഴുതി പ്രസിദ്ധീകരിച്ചു. വെറുതെ എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്തതുകൊണ്ടു മാത്രം ഒരു ഭാഷയുടെ നിലവാരം മെച്ചപ്പെടുകയില്ലെന്ന് ആച്ചഗക്ക് അറിയാമായിരുന്നു. തന്റെ ജന്മദേശത്തെ കഥകളും മിത്തുകളും അദ്ദേഹം കണ്ടെടുത്തു. അവ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം മനസ്സിലാക്കി. താരതമ്യങ്ങളില്ലാത്ത ആ കഥകള്‍ വെറുതെ എഴുതി വെച്ചാലൊന്നും കാര്യമില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം അവയെ മറ്റാരും ഉപയോഗിക്കാത്ത ഒരു സങ്കേതം (Craft) ഉപയോഗിച്ച് എഴുതി. അങ്ങനെയാണ് ഇന്ന് ലോകപ്രശസ്തമായ 'Obabakoak' അഥവാ 'ഒബബയിലെ ആളുകള്‍' എന്ന നോവല്‍ ഉണ്ടാകുന്നത്.
ഇന്ന് മാര്‍കേസിന്റെ മാക്കന്ദോയും റൂള്‍ഫോയുടെ കൊമാലയും പോലുള്ള ഒരു അത്ഭുതപ്രദേശമാണ് ഒബബ. ഒരു പുരാതനഭൂമി. ഫ്രോയ്ഡിന്റെ സ്പര്‍ശമേല്‍ക്കാത്ത ലോകത്തെ ഒരേയൊരു പ്രദേശമെന്നാണ് ആച്ചഗ തമാശയായി ഒബബയെപ്പറ്റി പറയുന്നത്.
ഇന്ന് ബാസ്‌ക് ഭാഷയിലെഴുതുന്ന ലോകപ്രശസ്തരായ ഒട്ടേറെ എഴുത്തുകാരുണ്ട്. അവരിലൊരാളാണ് ഉനയ് എലോറിയാഗ (Unai Elorriaga). അദ്ദേഹത്തിന്റെ 'ചെടികള്‍ കാപ്പി കുടിക്കാറില്ല.' (Plants Don't Drink Coffee) എന്ന നോവലില്‍ ഒരു കുട്ടി നീലത്തുമ്പിയെ പിടിക്കാന്‍ ചെല്ലുന്നതിന്റെ വിവരണമുണ്ട്. തുമ്പി അവന്റെ കൈയിന്റെ അടുത്തുവന്നിരിക്കുന്നു. പക്ഷേ അതിനെ പിടിക്കാന്‍ അവനു ധൈര്യമില്ല. നീലത്തുമ്പികള്‍ ദുര്‍ബലജീവികളാണ്. പരിക്കേല്‍പ്പിക്കാതെ അവയെ പിടിക്കാന്‍ അങ്ങേയറ്റം പ്രതിഭയുള്ളവര്‍ക്കേ കഴിയൂ.
ഈ നീലത്തുമ്പിയെപ്പോലെയാണ് ഭാഷ. വെറും പ്രസംഗങ്ങള്‍കൊണ്ടോ എഴുത്തുകൊണ്ടോ അതിനെ പിടികൂടാനാകില്ല. അങ്ങനെ ചെയ്താല്‍ അതിന്റെ നാശമായിരിക്കും ഉണ്ടാവുക. ഭാഷയെ പരിക്കേല്‍പ്പിക്കാതെ പിടികൂടാനും വീണ്ടും പറത്തി വിടാനും അസാധാരണമായ പ്രതിഭ കൂടിയേ തീരൂ.
ബെര്‍നാര്‍ദോ ആച്ചഗയുടെ 'ഒരു ബാസ്‌ക് പശുവിന്റെ ഓര്‍മ്മക്കുറിപ്പുകള്‍' (Memoirs of a Basque Cow) എന്ന നോവലിലെ പ്രധാന കഥാപാത്രമായ പശു ഇങ്ങനെ പറയുന്നു; 'എനിക്കൊരു ആന്തര ശബ്ദമുണ്ട് അതിന് പുല്ലിനെ പുല്ലെന്നോ വൈക്കോലിനെ വൈക്കോലെന്നോ വിളിക്കാനാവില്ല. അത് പുല്ലിനെ 'ഭൂമാതാവ് വളര്‍ത്തുന്ന ആരോഗ്യകരമായ ഭക്ഷണ'മെന്നും വൈക്കോലിനെ 'നല്ല ഭക്ഷണം കിട്ടാനില്ലാതെ വരുമ്പോള്‍ പകരമായി കഴിക്കേണ്ടി വരുന്ന ദോഷകരമായ ആഹാര'മെന്നുമാണ് വിളിക്കുക. ഇങ്ങനെ നീട്ടിപ്പരത്തി വിവരിക്കേണ്ടി വരുന്നത് മഹാമുഷിപ്പനാണെന്ന് പറയേണ്ടതില്ല'.
അതാണ് കാര്യം. ഭാഷതന്നെയാണ് സ്വാതന്ത്ര്യം! പുല്ലിനെ പുല്ലെന്ന് വിളിക്കാന്‍ കഴിയുമ്പോഴാണ് തമ്മള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാവുന്നത്. പുല്ലിനെ മറ്റു ഭാഷകളുപയോഗിച്ച് വിളിക്കേണ്ടി വരുമ്പോള്‍ പുല്ല് പച്ചയായിത്തന്നെ നില്‍ക്കും, നമ്മള്‍ പക്ഷേ അടിമകളായി മാറിക്കഴിഞ്ഞിരിക്കും.
Content Highlights: International Mother Language Day 2023, Bernardo Atxaga, Basque, Obabakoak book, Jayakrishnan
Published: 21 Feb 2023, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented