
ലോകമാതൃഭാഷാദിനത്തില്‍ ഞാനിരുന്നാലോചിച്ചത് എന്റെ ഭാഷയ്ക്കുവേണ്ടി ഞാന്‍ എന്തുചെയ്തു എന്നുള്ളതാണ്. എന്റെ മാധ്യമം സിനിമയായിരുന്നു. ഗാനരചനയായിട്ടും തിരക്കഥയായിട്ടും സംവിധാനമായിട്ടും നിര്‍മാണമായിട്ടും സിനിമയുടെ പലമേഖലകളിലും ഞാന്‍ വിഹരിച്ചുവെങ്കിലും ഗാനരചയിതാവ് എന്ന നിലയില്‍ എന്റെ ഭാഷയ്ക്ക് ചെറുതല്ലാത്ത സംഭാവനകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്. മാതൃഭാഷയെക്കുറിച്ചുപറയുമ്പോള്‍ ചില പാട്ടുകളാണ് ആദ്യം ഓര്‍മയില്‍ വരുന്നത്.
കേരളം..കേരളം..
കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എന്‍ കേരളം... (മിനിമോള്‍)
*******
മലയാളഭാഷ തന്‍ മാദക ഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിന്‍
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു..........(പ്രേതങ്ങളുടെ താഴ്‌വര)
************
മലയാളിപ്പെണ്ണേ നിന്റെ മനസ്സ്
മലര്‍ മേഘത്തിര നീന്തും നഭസ്
ശാക്തേയസാരം നിന്‍ മഹസ്
ശാശ്വതം നിന്‍ രാഗ തപസ്സ് (ബന്ധുക്കള്‍ ശത്രുക്കള്‍)
**************
മലരമ്പനെഴുതിയ മലയാളകവിതേ
മാലേയ കുളിര്‍ താവും മായാശില്പമേ
കവിതേ ...കവിതേ....കന്യകേ...(മന്ത്രകോടി)
****************
പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു
കളി വഞ്ചിപ്പാട്ടുകളെന്‍ ചുണ്ടില്‍ വിരിഞ്ഞു (പഞ്ചവടി)
************
തെന്നലില്‍ ചുണ്ടില്‍ തോടിരാഗം
തെങ്ങോലക്കാറ്റില്‍ ആദിതാളം .....(നഗരം സാഗരം)
'സാഗരസംഗമം' എന്ന സിനിമയിലെ പാട്ടുകള്‍ തെലുങ്കില്‍ നിന്നും ഡബ് ചെയ്തതാണ്. ഇളയരാജയുടെ സംഗീതം അതേപടി എടുത്തിട്ട് മലയാളത്തിലാക്കിയതാണ്. അതില്‍ പൂന്താനക്കവിതകള്‍ പൂനോവായി പൂത്തവനേ....എന്ന വരികളില്‍ ഞാന്‍ മലയാളം കൊണ്ടുവന്നു. തെലുങ്കുപടം തമിഴിലും മലയാളത്തിലും മൊഴിമാറ്റിയപ്പോള്‍ പാട്ടുകളും അതിനനുസരിച്ച് മാറ്റുകയായിരുന്നു.
വാര്‍മേഘവര്‍ണ്ണന്റെ മാറില്‍
മാലകള്‍ ഗോപികമാര്‍
പൂമാലകള്‍ കാമിനിമാര്‍
എന്ന പാട്ടിന്റെ ചരണത്തിനകത്താണ് പൂന്താനത്തെ കൊണ്ടുവന്നിരിക്കുന്നത്.
ചേലകള്‍ കവര്‍ന്നു ചേലില്‍
ദേഹ ദാഹം തീര്‍ത്തവനേ
പൂന്താനക്കവിതകളില്‍
പൂമണമായ് പൂത്തവനേ
രാമന്‍ സോദരനേ
മമ മായാമാധവനേ
പടത്തിന്റെ മൂലഭാഷ ഏതുമായിക്കൊള്ളട്ടെ, മലയാളത്തിലേക്കു വരുമ്പോള്‍ എന്റെ മാതൃഭാഷാസംസ്‌കാരത്തിനനുസരിച്ച് ഞാന്‍ വരികളെ ഒരുക്കുമായിരുന്നു.
കഴിയുന്നത്ര ശുദ്ധമായ മലയാളം ഉപയോഗിക്കുക, ലളിതമായ പദങ്ങള്‍ കൊണ്ടുവരിക എന്നതായിരുന്നു എന്റെ ഗാനമെഴുത്തുരീതി. പക്ഷേ ചിലയിടങ്ങളില്‍ മലയാളത്തേക്കാള്‍ അഭികാമ്യം സംസ്‌കൃതമായിത്തോന്നും. അപ്പോള്‍ സംസ്‌കൃതപദങ്ങള്‍ ഉപയോഗിക്കാതെ തരമില്ല. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതമാണെങ്കില്‍, വരികള്‍ക്ക് ക്ലാസിക് ഭാവം കൊണ്ടുവരണമെങ്കില്‍ പലപ്പോഴും സംസ്‌കൃതത്തെ ആശ്രയിക്കേണ്ടി വരാറുണ്ടായിരുന്നു. ചിട്ടപ്പെടുത്തുന്നത് ക്ലാസിക് ആണെങ്കില്‍ വരികളും ക്ലാസിക് ആയിരിക്കണം. അര്‍ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെന്‍ സ്വപ്‌നബിന്ദു എന്നു പറയുമ്പോള്‍ അര്‍ധനിമീലിതം എന്നത് സംസ്‌കൃതമാണ്. മിഴി മലയാളമാണ്. അതുപോലെ സത്യവാന്‍ സാവിത്രയിലെ നീലാംബുജങ്ങള്‍ വിടര്‍ന്നു/നീലാരവിന്ദായതാക്ഷിയെ തേടി/ നീലാംബുജങ്ങള്‍ വിടര്‍ന്നു/ നിറമാല വാനില്‍ തെളിഞ്ഞൂ എന്നു തുടങ്ങുന്ന ഗാനം ഐതിഹ്യത്തെ ആധാരമാക്കിയുള്ളതാണ്. നീലാരവിന്ദായതാക്ഷി എന്നത് സംസ്‌കൃതമാണ്. കഥ മിത്തോളജിയാകുമ്പോള്‍ ക്ലാസിക് പദങ്ങള്‍ കൊണ്ടുവരാതെ പറ്റില്ല.
ലങ്കാദഹനം എന്ന സിനിമയ്ക്കുവേണ്ടി
സ്വര്‍ഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ
ഇഷ്ടദേവതേ സരസ്വതീ
ഇഷ്ടദേവതേ സരസ്വതീ...എന്നെഴുതുന്ന അതേ ലാഘവത്തോടുകൂടെയാണ് ജയിക്കാനായി ജയിച്ചവന്‍ എന്ന പടത്തിലെ
ചാലക്കമ്പോളത്തില്‍ വെച്ചു നിന്നെ കണ്ടപ്പോള്‍
നാലണയ്ക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍
നാലായിരം പവനുരുകും നിന്റെ മേനിയില്‍ ഒരു
നല്ല കസവു നേരിയതാകാന്‍ ഞാന്‍ കൊതിച്ചു പോയ്
ഞാന്‍ കൊതിച്ചു പോയ്.. ഞാന്‍ കൊതിച്ചു പോയ്...എന്ന ഗ്രാമ്യമായ പാട്ട് എഴുതിയിരിക്കുന്നത്. സിനിമയില്‍ മാതൃഭാഷയിലെ ഈ രണ്ടു സമീപനങ്ങളും ഒരു പാട്ടെഴുത്തുകാരന്‍ ശീലിച്ചിരിക്കണം. ഐതിഹ്യങ്ങളില്‍ നിന്നുള്ള കഥകളാണ് സിനിമയ്ക്കാധാരമെങ്കില്‍ മലയാളത്തില്‍ നിന്നുള്ള സാധാരണ പദങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. ലോട്ടറി ടിക്കറ്റ് എന്ന പടത്തിനുവേണ്ടി എഴുതിയ
മനോഹരി നിന്‍ മനോരഥത്തില്‍
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാധകനാണോ - ഈ ആരാധകനാണോ...എന്നുതുടങ്ങുന്ന പാട്ടിലെ
അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍
അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും...എന്ന വരിയിലെ അനുകന്‍ എന്നാല്‍ കാമുകന്‍ എന്നാണര്‍ഥം. ചില പാട്ടുകാര്‍ അനുജന്‍ എന്നാണ് പാടി കേട്ടിട്ടുള്ളത്. അര്‍ഥം പാടേ മാറി.
എനിക്ക് മത്സരിക്കേണ്ടത് പി.ഭാസ്‌കരനോടും വയലാറിനോടുമായിരുന്നു. അവര്‍ രണ്ടുപേരും ഇതുവരെ ചെയ്യാത്തതെന്തെങ്കിലും കൊണ്ടുവന്നാലേ പാട്ടെഴുത്തില്‍ എനിക്ക് നിലനില്‍പ്പുള്ളൂ. അല്ലെങ്കില്‍ ഫീല്‍ഡില്‍ നിന്നും ഔട്ടാകും. ഒ.എന്‍.വി കാര്യമായി രംഗത്തേക്കു വന്നിട്ടില്ല അക്കാലത്ത്. പി.ഭാസ്‌കരനും വയലാറും ഫിഫ്റ്റി ഫിഫ്റ്റിയായി പാട്ടെഴുത്ത് മേഖല അടക്കിഭരിക്കുന്ന കാലമാണ്. യൂസഫലി കേച്ചേരി വന്നു, നില്‍ക്കാന്‍ പറ്റാതെ തിരിച്ചുപോയി. യൂസഫലി വന്ന് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടാണ് ഞാന്‍ വരുന്നത്. പി.ഭാസ്‌കരന്‍-വയലാര്‍ പദപര്‍വതങ്ങളുടെ ഇടയിലേക്ക് കയറിവരുമ്പോള്‍ ഇടുങ്ങിപ്പോകാതെ നേരെ നിന്ന് ശ്വാസമെടുക്കണമെങ്കില്‍ നല്ല ഭാഷാധ്വാനം തന്നെ വേണമായിരുന്നു. പുതിയ പദങ്ങളെ സൃഷ്ടിക്കുക എന്നതായിരുന്നു വെല്ലുവിളി. എന്റെതായി മാത്രമുള്ള പദങ്ങള്‍, പ്രയോഗങ്ങള്‍, അലങ്കാരങ്ങള്‍ അവരുടെ രണ്ടുപേരുടെയും പാട്ടുകളില്‍ വരാത്ത വാക്കുകള്‍...ഇതിനെയൊക്കെ വേട്ടയാടിപ്പിടിക്കലായിരുന്നു എന്റെ പാട്ടെഴുത്തുയുഗമത്രയും.
ദേവവാഹിനീ ധീരഭൂമിയില്‍ ദേവദാരപ്പൂന്തണലില്‍/ ഇന്ദ്രജാലം മഹേന്ദ്രജാലം ചന്ദ്രികാങ്കണത്തില്‍ എന്നു തുടങ്ങുന്ന ഒരു പാട്ടില്‍ പുളകപ്പുതുമലര്‍ണം തോരണം ചാര്‍ത്തിയ പുരുഷവാഹനത്തില്‍ എന്നൊരു വരിയുണ്ട്. പലരും ചോദിച്ചു പുരുഷവാഹനം എന്നു പറഞ്ഞാല്‍ എന്താണെന്ന്. പല്ലക്കിനെയാണ് പുരുഷവാഹനം എന്നു ഞാന്‍ വിളിച്ചിരിക്കുന്നത്. പല്ലക്ക് എന്ന പദം വയലാറും ഭാസ്‌കരന്‍ മാഷും മാറിമാറി ഉപയോഗിച്ചതാണ്. പുരുഷന്മാര്‍ ചുമക്കുന്ന വാഹനം എന്ന അര്‍ഥത്തിലാണ് പല്ലക്കിനെ പുരുഷവാഹനമാക്കിയത്. ശാഖാനഗരത്തില്‍ ശശികാന്തം ചൊരിയും ശാരദപൗര്‍ണമി എന്നു തുടങ്ങുന്ന ഗാനമെഴുതിയപ്പോള്‍ എല്ലാവരും ചോദിച്ചു എന്താണ് ശാഖാനഗരമെന്ന്. ശാഖാനഗരം എന്നുപറഞ്ഞാല്‍ സബര്‍ബന്‍ സിറ്റിയാണ്. ഒരു നഗരത്തോട് ചേര്‍ന്നു കിടക്കുന്ന കൊച്ചു നഗരം. ഉദാഹരണത്തിന് തിരുവനന്തപുരത്തിന്റെ ശാഖാനഗരമാണ് കാട്ടാക്കട.
ഇത്തരത്തില്‍ എന്റെ ഭാഷയുടെ പിറകേ നിരന്തരം ഞാന്‍ നടന്നു. എന്നെക്കൊണ്ടാവുന്നതുപോലെയെല്ലാം പുതുക്കിപ്പണിതുകൊണ്ടേയിരുന്നു. പദങ്ങളാണല്ലോ ഭാഷയുടെ സമ്പത്ത്. പദങ്ങളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം. പദവിന്യാസത്തില്‍ കാലത്തിനും അതിന്റേതായ പങ്കുണ്ട്.
Content Highlights: Internatioanal Mother Language Day 2023, Sreekumaran Thampi, Mathrubhumi
Published: 21 Feb 2023, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented