ഇന്ത്യ ഭരിക്കാനെത്തിയ ബ്രിട്ടീഷുകാർക്ക് കുറഞ്ഞ ചെലവിൽ കണക്കപ്പിള്ളമാരെയും ഗുമസ്തൻമാരേയും കിട്ടേണ്ടത് അത്യാവശ്യമായപ്പോഴാണ് പാശ്ചാത്യവിദ്യാഭ്യാസമെന്ന ആശയം ഇന്ത്യയിലുദയം കൊള്ളുന്നത്. എന്നാൽ സ്വാതന്ത്ര്യസമരപോരാട്ടത്തിനൊപ്പം ഗാന്ധിജി അടക്കമുള്ള സമരനായകർ വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നൽകി. സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന സർക്കാരുകൾ വിവിധ കാലത്തായി വിദ്യാഭ്യാസ രീതിയിൽ കൊണ്ടുവന്ന നിരന്തര പരിഷ്‌കരണങ്ങൾ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ  മാറ്റിമറിച്ചു.

To advertise here,

അതാത് കാലത്തെ ആവശ്യങ്ങൾക്കനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ട ഇന്ത്യൻ വിദ്യാഭ്യാസ മേഖല വളർന്ന് പന്തലിച്ചത് ചെറിയ കാലയളവിലാണ്. കേവലം എഴുത്തും വായനയും എന്നതിനപ്പുറം ഉൾക്കാഴ്ചയും അവബോധവുമുള്ള ഒരു മനുഷ്യന്റെ മാനസിക-ശാരീരിക വളർച്ചയ്ക്കുതകുംവിധം നിരന്തരം അഴിച്ചുപണി നടക്കുന്ന മേഖലയായി ഇന്ത്യൻ വിദ്യാഭ്യാസം മാറി. വ്യക്തി എന്നതിനപ്പുറം സർവമേഖലകളുമടങ്ങുന്ന ഒരു സമൂഹത്തെയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ ഉൾക്കാഴ്ച പിന്നീടുള്ള തലമുറയ്ക്ക്‌ വഴികാട്ടിയായി. 

എന്നാൽ ഡിജിറ്റൽ ഇന്ത്യാകാലത്ത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നിലവിലെ ഭരണസംവിധാനങ്ങൾ പര്യാപ്തമാണോ എന്നത് ചോദ്യമാണ്. കോവിഡ് മഹാമാരിക്ക് ശേഷം സ്‌കൂളുകൾ സാക്ഷ്യംവഹിച്ച വിദ്യാഭ്യാസ വിടവ് ചൂണ്ടിക്കാണിക്കുന്നതും അതേ ചോദ്യത്തിലേക്കാണ്. ഡിജിറ്റൽ ഡിവൈഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെ കാര്യമായി ബാധിക്കുന്നുമുണ്ട്. ഇന്ത്യയിലെ നാലിലൊന്ന് സ്‌കൂളുകളിൽ പോലും ഇന്റർനെറ്റ് സേവനമെത്തിക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. പുതിയ വിദ്യാഭ്യാസ നയം 2020 (NEP) ഇന്ത്യയെ 'ഗ്ലോബൽ നോളജ് സൂപ്പർപവർ' ആക്കുമെന്നാണ് പ്രഖ്യാപനം. പരീക്ഷണാത്മക പഠനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സംയോജനം, ഭാഷ ഉൾപ്പെടുത്തൽ എന്നിവയിലൂടെ വിദ്യാർഥികൾ മുന്നേറാൻ കഴിയുമെന്നാണ് പ്രത്യാശ.

അമേരിക്കൻ ഐക്യനാടുകളും ചൈനയും കഴിഞ്ഞാൽ ഇന്ന് ഏറ്റവുമധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എജ്യുക്കേഷനൽ ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു. 54 കേന്ദ്രസർവകലാശാലകളടക്കം 1047 സർവകലാശാലകളും അമ്പതിനായിരത്തിലധികം കോളേജുകളും നിലവിൽ രാജ്യത്തുണ്ട്. 1951- ൽ വെറും 18 ശതമാനമായിരുന്ന ഇന്ത്യൻ ജനതയുടെ സാക്ഷരതാ നിരക്ക് 2011 ആയപ്പോഴേക്കും 74.04 ശതമാനമായാണ് ഉയർന്നത്. 2021-ൽ സാക്ഷരതാ നിരക്ക് 77.7 ശതമാനമായി. ഇന്ത്യൻ വിദ്യാഭ്യാസമേഖലയിലുണ്ടായ വലുതും ചെറുതുമായ പരിഷ്‌കരണങ്ങളുടെ ആകെത്തുകയാണ് ഇന്നു കാണുന്നത്. ചിലത് കാലാനുസൃതമാറ്റങ്ങൾക്ക് വിധേയമായി മുന്നേറിയപ്പോൾ ചിലത് പരാജയങ്ങളായി

1948-ൽ രാജ്യത്തെ സെക്കൻഡറി വിദ്യാഭ്യാസവും ഉന്നതവിദ്യാസവും പഠനവിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാൻ രണ്ട് കമ്മറ്റികൾ രൂപവത്കരിക്കാൻ സെൻട്രൽ അഡൈ്വസറി ബോർഡ് തീരുമാനിച്ചു. അത് പ്രകാരമാണ് സർവകലാശാല വിദ്യാഭ്യാസ കമ്മിഷനും മുദലിയാർ കമ്മിഷനും നിലവിൽവന്നത്.സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യൻ വിദ്യാഭ്യാസസത്തിലുണ്ടായ ചില കാതലായ മാറ്റങ്ങളിലേക്ക്‌

സർവകലാശാല വിദ്യാഭ്യാസ കമ്മിഷൻ (1948)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കമ്മിഷനായ സർവകലാശാല വിദ്യാഭ്യാസ കമ്മിഷനിൽ ഡോ. എസ്. രാധകൃഷ്ണൻ അധ്യക്ഷനായി. രാജ്യത്തെ സർവകലാശാലാ വിദ്യാഭ്യാസം സമഗ്രമായി പഠിക്കുക എന്നതായിരുന്നു കമ്മിഷന്റെ ഉദ്ദേശ്യം. ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ നിർദേശിച്ചുള്ള കമ്മിഷന്റെ റിപ്പോർട്ട് പ്രകാരമാണ് 1953-ൽ യൂണിവേഴ്‌സിറ്റി ഗ്രാൻഡ്‌സ് കമ്മിഷൻ നിലവിൽവന്നത്. കോഴ്സുകളുടെ പുനഃസംഘടന, മൂല്യനിർണയ രീതികൾ, പഠനമാധ്യമം, വിദ്യാർഥികളുടെ സേവനങ്ങൾ, അധ്യാപക റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് നിരവധി ശുപാർശകൾ നൽകി.

സെക്കൻഡറി വിദ്യാഭ്യാസ കമ്മിഷൻ (1952-53)
ലക്ഷ്മണസ്വാമി മുദലിയാരുടെ നേതൃത്വത്തിലായിരുന്നു സെക്കൻഡറി വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ചത്. സെക്കൻഡറി വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങൾ നിർദേശിക്കുന്നതായിരുന്നു മുദലിയാർ കമ്മിഷൻ റിപ്പോർട്ട്. വിദ്യാർഥികളോടുള്ള സമീപനം കൂടുതൽ ജനാധിപത്യപരമാവണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ കാലാവധി ഏഴു വർഷമാക്കണമെന്നും 11 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികളെ ഇതിലുൾപ്പെടുത്തണമെന്നും ശുപാർശ ചെയ്തു. ബിരുദ കോഴ്‌സിനൊപ്പം ഹയർ സെക്കന്ററി കോഴ്‌സിനും ഇതോടെ തുടക്കമായി. കൂടുതൽ വൊക്കേഷണൽ, ടെക്‌നിക്കൽ സ്‌കൂളുകളും കോളേജുകളും ആരംഭിച്ചു. വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ഉത്തരവാദിത്തമുള്ള വിഷയമാകാനും കമ്മിഷൻ റിപ്പോർട്ട് കാരണമായി. 

പഞ്ചവത്സര പദ്ധതികളും വിദ്യാഭ്യാസവും 
ഇന്ത്യൻ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതിനായി വിദ്യാഭ്യാസം ഉൾപ്പടെ സമഗ്ര മേഖലകളും പരിഗണിച്ച് ഒരു വികസന രൂപരേഖ തയ്യാറാക്കാൻ 1950-ൽ സർക്കാർ ആസൂത്രണ കമ്മീഷനെ നിയോഗിച്ചു. വിദ്യാഭ്യാസമേഖലയിൽ പ്രധാനമായും അഞ്ച് കാര്യങ്ങൾക്ക് ഊന്നൽ നൽകിയാണ് പഞ്ചവത്സരപദ്ധതികൾ തയ്യാറാക്കി വന്നത്. നിരക്ഷരത ഇല്ലാതാക്കുക, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുക, തൊഴിൽ നൈപുണ്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, വിദ്യാഭ്യാസത്തിന്റെ വിവിധഘട്ടങ്ങളിൽ സമഗ്രമായ പരിഷ്‌കരണം, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം രാജ്യത്തെ എല്ലാ ജില്ലകളിലും ലഭ്യമാക്കുക എന്നിവ ഈ പദ്ധതികളുടെ ലക്ഷ്യമായിരുന്നു. 

കോത്താരി കമ്മിഷൻ (1964-66)
ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന് മാറ്റങ്ങൾ നിർദേശിച്ച ഈ കമ്മിഷന്റെ അധ്യക്ഷനായിരുന്നു ഡി.എസ്. കോത്താരി. വിദ്യാഭ്യാസവും രാഷ്ട്രവികസനവും എന്നതായിരുന്നു കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ തലക്കെട്ട്. പ്രാഥമിക വിദ്യാഭ്യാസം മുതൽ ബിരുദതലം വരെ 10+2+3 എന്ന ഘടന നിർദേശിച്ചത് കോത്താരി കമ്മിഷനാണ്. രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ മേഖലയും കമ്മിഷൻ സമഗ്രമായി അവലോകനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളെയും പരിഗണിച്ച് ഒരു ദേശീയ മാതൃക തന്നെ വിദ്യാഭ്യാസ കമ്മീഷൻ മുന്നോട്ട് വെച്ചു. 1968 ജൂലാൗയിൽ കേന്ദ്രസർക്കാർ ഔപചാരികമായി പുറത്തിറക്കിയ വിദ്യാഭ്യാസത്തിനായുള്ള ദേശീയ നയത്തെക്കുറിച്ചുള്ള ഒരു പ്രമേയത്തിലേക്ക് കമ്മിഷന്റെ റിപ്പോർട്ട് നയിച്ചു. ഈ നയം 1986-ൽ പരിഷ്‌കരിച്ചു. 

1968-ലെ ദേശീയ വിദ്യാഭ്യാസനയം
കോത്താരി കമ്മിഷന്റെ നിർദേശ പ്രകാരം 1968-ൽ ഇന്ദിരാഗാന്ധി സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപംനൽകി. ദേശീയോദ്ഗ്രഥനം, സാംസ്‌കാരിക-സമ്പത്തിക വികസനം, വിദ്യാഭ്യാസത്തിനുള്ള അവസരം എല്ലാവർക്കും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സമൂലമാറ്റങ്ങൾ നിർദേശിക്കുന്നതായിരുന്നു നയം. സെക്കൻഡറി തലത്തിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്ന് ഈ നയം നിർദേശിച്ചു. ഇംഗ്ലീഷ്, പ്രാദേശികഭാഷ എന്നിവയ്ക്ക് പുറമെ ഹിന്ദിയും പഠിപ്പിക്കണമെന്ന് ഇതിലൂടെ നിർദേശിച്ചു. ദേശീയവരുമാനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തണമെന്നും 1968-ലെ ദേശീയ വിദ്യാഭ്യാസനയം നിർദേശിച്ചു.

1986-ലെ ദേശീയ വിദ്യാഭ്യാസനയം
രാജിവ്ഗാന്ധി സർക്കാരിന്റെ കാലത്താണ് 1986-ൽ പുതിയ ദേശീയ വിദ്യാഭ്യാസനയം അവതരിപ്പിച്ചത്. പിന്നാക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പിന്നാക്ക വിഭാഗക്കാർക്കായി പ്രത്യേകം സ്‌കോളർഷിപ്പുകൾ ഏർപ്പെടുത്തുക, ഈ വിഭാഗങ്ങളിൽനിന്നുള്ള അധ്യാപകരെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയും നയത്തിലെ നിർദേശങ്ങളായിരുന്നു. പ്രൈമറി വിദ്യാഭ്യാസത്തിനായുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് ഈ നയത്തിന്റെ ഭാഗമായിരുന്നു.

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്
മനുഷ്യവിഭവവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 1987-88 കാലഘട്ടത്തിൽ രാജ്യത്തെ പ്രൈമറി സ്‌കൂളുകളിൽ നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്. പ്രൈമറി സ്‌കൂളുകളിൽ ആവശ്യമായ ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, ഓരോ ക്ലാസിനും കുറഞ്ഞത് രണ്ട് അധ്യാപകർ, അധ്യാപനത്തിനായി ബ്ലാക്ക് ബോർഡ്, മാപ്, ചാർട്ടുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഉറപ്പാക്കുക എന്നിവയായിരുന്നു ഓപ്പറേഷൻ ബ്ലാക്ക്‌ബോർഡിന്റെ ലക്ഷ്യങ്ങൾ. പിന്നീട് എട്ടാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തിയ ഓപ്പറേഷൻ ബ്ലാക്ക്‌ബോർഡ് അപ്പർ പ്രൈമറി തലത്തിലേക്ക് കൂടി നടപ്പാക്കി. 

അധ്യാപക പരിശീലന പദ്ധതി (1987)
അധ്യാപക പരിശീലനം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. 1986-ലെ വിദ്യാഭ്യാസ നയത്തിൽ നിർദേശിച്ചതു പ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. സർവീസിൽ പ്രവേശിക്കുന്നതിന് മുൻപും സർവീസിൽ ഉള്ളവർക്കും അധ്യാപക പരിശീലനം നൽകുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് (DIETs) സ്ഥാപിക്കാനും ടീച്ചർ എജ്യൂക്കേഷൻ കോളേജുകൾ, എസ്.സി.ഇ.ആർ.ടി.കൾ എന്നിവയെ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിച്ചു.

ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി - DPEP (1994)
പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ 1994-ൽ ഡി.പി.ഇ.പി. പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 85 ശതമാനം ചെലവ് കേന്ദ്രസർക്കാരും 15 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം. കേന്ദ്ര വിഹിതത്തിൽ ലോക ബാങ്ക്, യൂണിസെഫ്, ബ്രിട്ടന്റെ ഡി.എഫ്.ഐ.ഡി. തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ  സംഭാവനയുമുണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക, കൊഴിഞ്ഞുപോക്ക്  കുറയ്ക്കുക, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ള വിദ്യാഭ്യാസത്തിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യമായിരുന്നു.

ഉച്ചഭക്ഷണ പദ്ധതി (1995)
പ്രൈമറി സ്‌കൂളുകളിലെ കുട്ടികളുടെ പോഷകാഹാരം ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1995 ഓഗസ്റ്റ് 15ന് കേന്ദ്രസർക്കാർ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി രാജ്യത്തെ 2408 ബ്ലോക്കുകളിലാണ് തുടക്കത്തിൽ പദ്ധതി ആരംഭിച്ചത്. 1997-98 കാലഘട്ടത്തിൽ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കി. 2007-ൽ രാജ്യത്തെ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന 3479 ബ്ലോക്കുകളിൽ ആറുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. 2021 സെപ്റ്റംബറിൽ പദ്ധതിയെ പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ (PM-POSHAN) എന്ന് പുനർനാമകരണം ചെയ്തു. സർക്കാർ, സർക്കാർ-എയ്ഡഡ്  പ്രീ-പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  കുട്ടികളെയും പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.

സർവ ശിക്ഷാ അഭിയാൻ (2001)
ആറ് മുതൽ 14 വയസ്സുവരെ പ്രായമുള്ള രാജ്യത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ 2001-ൽ സർവ ശിക്ഷാ അഭിയാൻ പദ്ധതി ആരംഭിച്ചത്. 1994-ലെ ഡി.പി.ഇ.പി.യുടെ തുടർച്ചകൂടിയായിരുന്നു സർവ ശിക്ഷാ അഭിയാൻ. ആറ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം 2010-ഓടെ ഉറപ്പാക്കുക എന്നായിരുന്നു സർവ ശിക്ഷാ അഭിയാൻ ലക്ഷ്യമിട്ടത്. 2014-ൽ ആരംഭിച്ച ' പഠേ ഭാരത് ബഡേ ഭാരത്' സർവ ശിക്ഷാ അഭിയാന്റെ ഉപപദ്ധതിയാണ്. ചെറിയ ക്ലാസുകളിൽ കുട്ടികളുടെ വായന, എഴുത്ത്, ഗണിത നൈപുണ്യങ്ങൾ വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

86-ാം ഭരണഘടനാ ഭേദഗതി
2002-ലെ 86-ാം ഭേദഗതിയിലൂടെ പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന  അനുച്ഛേദം 21-എ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ കൂട്ടിച്ചേർത്തു. 6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്ന് ആർട്ടിക്കിൾ 21-എ വ്യക്തമാക്കുന്നു. നാലാം ഭാഗമായ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന 45-ാം അനുഛേദത്തിൽ 6 വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു. അനുഛേദം 51-എയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് രക്ഷകർത്താക്കളുടെ മൗലിക കടമയാണെന്നും ഈ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ അവകാശ നിയമം 2009
ആറ് മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കാനായാണ് 2009 ഓഗസ്റ്റ് നാലിന് പാർലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്. 2010 ഏപ്രിൽ ഒന്നിന് നിയമം പ്രാബല്യത്തിൽ വന്നു. ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് 25 ശതമാനം സംവരണം നൽകണമെന്ന് നിയമം നിഷ്‌കർഷിക്കുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കുന്നതിനെ നിയമം നിരോധിക്കുന്നു. 

ദേശീയ വിദ്യാഭ്യാസനയം 2020
2040-ഓടെ ഇന്ത്യൻ വിദ്യാഭ്യാസത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിച്ചുള്ള താണ് 2020-ലെ ദേശീയ വിദ്യാഭ്യാസ നയം. മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നയം തയ്യാറാക്കിയത്. 2020 ജൂലായ് 19 -ന് കേന്ദ്ര കാബിനറ്റ് ഇതിന് അംഗീകാരം നൽകി.

പുതിയ നയപ്രകാരം ശുപാർശ ചെയ്യുന്ന 5+3+3+4 സ്‌കൂൾ വിദ്യാഭ്യാസ രീതിയിൽ മൂന്നുമുതൽ 18വരെ വയസ്സുള്ള കുട്ടികളെ വളർച്ചയുടെ നാലു ഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതിക്കാണ് രൂപംനൽകിയിരിക്കുന്നത്. 3-8, 8-11, 11-14, 14-18 എന്നിങ്ങനെയാണ് വ്യത്യസ്ത പ്രായത്തിൽപ്പെട്ട കുട്ടികളെ വേർതിരിച്ചിരിക്കുന്നത്. മൂന്നുമുതൽ എട്ടു വരെ വയസ്സുള്ള ആദ്യഘട്ടത്തിൽ (Foundational Stage) പ്രീ-പ്രൈമറി ക്ലാസുകളും 1, 2 ക്ലാസുകളും ഉൾപ്പെടും. 3, 4, 5 ക്ലാസുകൾ ഉൾപ്പെടുന്ന ലേറ്റർ പ്രൈമറി (Preparatory Stage) ഘട്ടമാണ് രണ്ടാമത്തേത്, 6, 7, 8 ക്ലാസുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി (Middle Stage) ഘട്ടമാണ് മൂന്നാമത്തേത്. ഒൻപതുമുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെടുന്ന സെക്കൻഡറി ലെവൽ സ്‌കൂൾ വിദ്യാഭ്യാസത്തിലെ നാലാം ഘട്ടവുമാകും.

അഞ്ചാംക്ലാസ് വരെ മാതൃഭാഷയിൽ/ പ്രാദേശികഭാഷയിൽ പഠിക്കാനും എട്ടുവരെ വേണമെങ്കിൽ ഇംഗ്ലീഷിൽ പഠിക്കാമെന്നും ശുപാർശയുണ്ട്. സെക്കൻഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കണം. 3, 5, 8 ക്ലാസുകളിൽ സ്‌കൂൾ പരീക്ഷകൾ വെക്കാം. 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷയുണ്ടാകും. പരീക്ഷകളിൽ വിദ്യാർഥികളുടെ ഓർമശക്തി പരീക്ഷിക്കുന്നതിനുപകരം കഴിവുകളും നൈപുണികളും അളക്കുന്നതിന് പ്രാധാന്യം നൽകും. സ്‌കൂളുകളിൽ ബാഗില്ലാതെ പോകാവുന്ന ദിവസങ്ങൾകൂടി (Bagless days) പ്ലാൻ ചെയ്യണം.

വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുക, കൂടുതൽ ഡിജിറ്റൽവത്കരണം സാധ്യമാക്കുക, ഭിന്നശേഷിക്കാർക്ക് കൂടുതൽ മികച്ച അവസരങ്ങളൊരുക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ഇവയ്ക്കു പുറമേ അധ്യാപകരുടെ പരിശീലന പരിപാടികളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ നിർദേശിക്കുന്നു.

മറ്റു പദ്ധതികൾ

*നാഷണൽ പ്രോഗ്രാം ഫോർ എജ്യുക്കേഷൻ ഓഫ് ഗേൾസ് അറ്റ് എലമെന്ററി എജ്യുക്കേഷൻ - NPEGEL (2003): ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെ അനുപാതം കൂട്ടുകയെന്ന ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്.

*കസ്തുർബാ ഗാന്ധി ബാലിക വിദ്യാലയ സ്‌കീം (2004-05): എസ്.സി., എസ്..ടി., ഒ.ബി.സി. വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് റെസിഡൽഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കാനായി 2004 ജൂലായിൽ ആരംഭിച്ച പദ്ധതി.

*രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (2009): സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ നിലവാരമുയർത്തുക, കൂടുതൽ വിദ്യാർഥികളെ സെക്കൻഡറി തലത്തിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി ആരംഭിച്ച പദ്ധതി. 

*സാക്ഷര ഭാരതം (2009): ഔദ്യോഗിക വിദ്യാഭ്യാസം നേടാനാവാത്ത/ പൂർത്തിയാക്കാനാവാത്ത 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യ വികസനം, അപ്ലൈഡ് സയൻസ്, സ്‌പോർട്‌സ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

*രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ - RUSA (2013): ഉന്നതവിദ്യാഭ്യാസ രംഗത്തെ വളർച്ച ലക്ഷ്യമിട്ടാണ് ഈ പദ്ധതി നിലവിൽവന്നത്. സംസ്ഥാന സർവകലാശാലകൾ, അഫില്യേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിൽ മെച്ചപ്പെട്ട സൗകര്യമൊരുക്കുകയെന്നത് ഇതിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

*സമഗ്രശിക്ഷാ അഭിയാൻ (2018): പ്രീസ്‌കൂൾ മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.

പ്രധാന വിദ്യാഭ്യാസ അധികാര/ നിയന്ത്രണ സ്ഥാപനങ്ങൾ

*അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (AICTE): രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും നിയന്ത്രിക്കുന്ന സ്ഥാപനം. 1945-ൽ ഉപദേശക സമിതിയായി സ്ഥാപിതമായ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന് 1987-ൽ പാർലമെന്റ് സ്റ്റാറ്റിയൂട്ടറി പദവി നൽകി.

*യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.): 1948-ലെ സർവകലാശാല കമ്മിഷന്റെ നിർദേശപ്രകാരം 1953-ലാണ് യു.ജി.സി. സ്ഥാപിതമായത്. സർവകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും യു.ജി.സി. മാനദണ്ഡപ്രകാരമാണ് പ്രവർത്തിക്കുന്നത്. 

*നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.): സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നയരൂപീകരണത്തിനായി 1961-ൽ നിലവിൽവന്ന സ്വയംഭരണ സ്ഥാപനമാണ് എൻ.സി.ഇ.ആർ.ടി. സമാനമായ രീതിയിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് അഥവാ എസ്.സി.ഇ.ആർ.ടി.

14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെങ്കിലും ഇന്നും അത് നേടാനാകാത്തവരുണ്ട്. അവരിലേക്ക് കൂടി എത്തുന്ന മുറയ്ക്ക് മാത്രമേ ഇന്ത്യയിലെ വിദ്യാഭ്യാസം പൂർണമായും ജനാധിപത്യപരമാവുകയുള്ളൂ.  കാലാനുസൃതമായ പരിഷ്‌കരണങ്ങളിൽ ഭരണതാത്പര്യങ്ങളേക്കാൾ മുൻഗണന നൽകേണ്ടത് വരുംതലമുറയുടെ ഭാവിക്ക് തന്നെയാകണം.