ചില സിനിമകളുണ്ട്, ഒന്നുമില്ലെന്ന് തോന്നിപ്പിച്ച് ഒടുവിലതവസാനിക്കുമ്പോള്‍ മനസ്സിലൊരു ബ്രഹ്‌മാണ്ട കലഹം തീര്‍ക്കാന്‍ സാധിക്കുന്നവ. സിനിമയ്ക്ക് വലിയ താരനിരയോ വലിയ സന്നാഹങ്ങളോ ആവശ്യമില്ല. പകരം, മികച്ച പ്രമേയവും തിരക്കഥയും സംവിധാനവും കൊണ്ട് പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം നടത്തുക എന്ന മായാജാലമാണ് അവിടെ സംഭവിക്കേണ്ടത്. അത്തരത്തില്‍ ഒരു ചിത്രമാണ് 'വെളിച്ചം തേടി'. ഒരുപക്ഷെ അത്രമേല്‍ കൊട്ടിഘോഷിക്കപ്പെടാതെ മേളകളില്‍ മാത്രമൊതുങ്ങേണ്ട ചിത്രമല്ല ഇത്. മലയാള സിനിമ ഇന്ന് എത്തിനില്‍ക്കുന്നിടത്തെ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ് 'വെളിച്ചം തേടി'. 

To advertise here,

സംഭാഷണങ്ങള്‍ കൊണ്ട് കഥപറഞ്ഞ് പ്രേക്ഷകനെ ഇരുത്തിച്ചിന്തിപ്പിച്ച്, ചിരിപ്പിച്ച് ഒരു ചെറുനോവോടെ അവസാനിക്കുന്ന ചിത്രം. വെറും നാല് കഥാപാത്രങ്ങളും ഒരു വീടും മാത്രമുള്ള, ഒന്നരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം. റിനോഷുന്‍ കെ സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നു. പൂജ ശ്രീനന്‍, നിധിന്‍ പോപ്പി, നൊയില ഫ്രാന്‍സി, സ്മിത പിഷാരടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

അമ്മയുടെ മരണശേഷം അവരുടെ ഓര്‍മ്മകളെ വീണ്ടെടുക്കാന്‍, അടങ്ങാത്ത പകയോടെ തന്റെ അര്‍ധസഹോദരനെ കാണാന്‍ വരുന്ന റോഷ്‌നി. തനിക്ക് നഷ്ടപ്പെട്ട കുട്ടിക്കാലവും അമ്മയുടെ സ്‌നേഹവും തന്റെ വാക്കുകളിലും ചെയ്തികളിലും അമര്‍ഷങ്ങളായി റോഷ്‌നി അവതരിപ്പിക്കുമ്പോഴും തന്റെ മനസ്സിനുള്ളില്‍ എവിടെയൊക്കെയോ ആ അമ്മയുടെ ഓര്‍മ്മകള്‍ അവളെ അലട്ടിക്കൊണ്ടിരുന്നു. അമ്മയെ പോലെ വസ്ത്രം ധരിക്കാന്‍, അമ്മയെപ്പോലെ സിഗരറ്റ് വലിക്കാന്‍, അമ്മയെ പോലെ കോഫി കുടിക്കാന്‍, അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുറാകാമിയുടെ നോവല്‍ വായിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നുണ്ടെങ്കിലും തനിക്ക് കിട്ടാത പോയ അമ്മയുടെ സ്‌നേഹത്തില്‍ അവള്‍ വല്ലാത്ത അസ്വസ്ഥയാണ്. സംഭാഷണങ്ങളില്‍ കൂടിയുള്ള സഞ്ചാരമാണ് ചിത്രം. ഒരിക്കല്‍ പോലും സ്‌ക്രീനില്‍ തെളിയാത്ത സംഭാഷണങ്ങളില്‍ മാത്രം നിറയുന്ന കഥാപാത്രങ്ങളുടെ ചിത്രങ്ങളും നമ്മുടെ മനസ്സില്‍ തെളിയും.

നിവേദും റോഷ്‌നിയും ഒരമ്മയുടെ മക്കളാണെങ്കിലും അവര്‍ക്ക് പറയാനുള്ളത് രണ്ട് വ്യത്യസ്ത കഥകളായിരുന്നു. കുട്ടിക്കാലത്ത് ലഹരിക്കടിമപ്പെട്ട അമ്മയില്‍ നിന്ന് രക്ഷിച്ചു കൊണ്ടുപോയ അച്ഛന്‍, അമ്മയുടെ സ്‌നേഹം മാത്രം ലഭിച്ച് വളര്‍ന്ന നിവേദ്. എന്നാല്‍, അമ്മയുടെ ഓര്‍മ്മകള്‍ തേടിത്തേടിപ്പോകെ അവള്‍ തിരിച്ചറിയുന്ന സത്യങ്ങളുണ്ട്. അത് ഒടുവിലൊരു നോവായി പ്രേക്ഷകനില്‍ അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.

ഹൃദയസ്പര്‍ശിയായ സംഭാഷണങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. വെറും സംഭാഷണങ്ങള്‍കൊണ്ട് ഒന്നര മണിക്കൂര്‍ നീണ്ട ചിത്രം എങ്ങനെ പ്രേക്ഷകനെ ഇരുത്തിച്ചിന്തിപ്പിക്കും, മുഷിപ്പിക്കില്ലേ എന്ന് പലര്‍ക്കും തോന്നാം. എന്നാല്‍, ഒരിടത്തു പോലും ഇടര്‍ച്ച നല്‍കാതെ ചിത്രം വളരെ രസകരമായി കൊണ്ടു പോകുന്നു. 

ഇടയ്ക്ക് നിവേദിന്റെ സുഹൃത്തായി എത്തി ബെംഗളൂരു ജീവിതത്തിന്റെ നേര്‍ച്ചിത്രം നോയില ഫ്രാന്‍സി അതിന്റെ തന്മയത്വത്തോടെത്തന്നെ അവതരിപ്പിക്കുന്നുണ്ട്. ഒരുപക്ഷെ, ഓവറാക്ടിങ് ആയിപ്പോകുമെന്ന ഘട്ടം പോലും നോയില വളരെ കൈയടക്കത്തോടെയാണ് സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത്. മൂന്നുപേര്‍ക്കുമൊപ്പം ഒന്നര മണിക്കൂര്‍ നീണ്ട ഒരു യാത്രയാണ് വെളിച്ചം തേടി. പഴയ ഫോട്ടോ ആല്‍ബത്തില്‍ തന്റെ അമ്മയെ നോക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. റിനോഷ് ആയി എത്തിയ നടനും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. 

ചിത്രത്തിന്റെ തുടക്കത്തില്‍ ടൈറ്റില്‍ വളരെ വ്യത്യസ്തമായാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ കോര്‍ ആയിട്ടുള്ള കണ്ടന്റിലേക്കുള്ള ഒരു മുന്‍കൂര്‍ കാഴ്ച കൂടിയാണ് ഇതിലൂടെ സംവിധായകന്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്. ക്രയോണ്‍സു കൊണ്ടെഴുതിയ ടൈറ്റില്‍ കാര്‍ഡ് സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പുതിയൊരു അർഥം നൽകും. മേളയില്‍ കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ ലിസ്റ്റില്‍ ഉറപ്പായും വെളിച്ചം തേടി ഉൾപ്പെടുന്നു.