പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. നാളത്തേക്കുള്ള കരുതിക്കൂട്ടലുകളാണ് മനുഷ്യന്റെ ഇന്ന്. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി മാറും. 

To advertise here,

മഹ്ദി ഫ്‌ലെയിഫല്‍ സംവിധാനം ചെയ്ത 'ടു എ ലാന്‍ഡ് അണ്‍നോണ്‍' (TO A LAND UNKNOWN) എന്ന ചിത്രവും പറഞ്ഞുവെക്കുന്നത് ഇതാണ്. ചാറ്റില, റെദ എന്ന കഥാപാത്രങ്ങളില്‍ കൂടിയാണ് ചിത്രം മുമ്പോട്ട് പോകുന്നത്. പലസ്തീനി സ്വദേശികളായ ഇവര്‍ ഏഥന്‍സില്‍ അനധികൃതമായിട്ടാണ് കഴിയുന്നത്. ജര്‍മ്മനിയില്‍ ചെന്ന് ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാനുള്ള ഓട്ടത്തിനിടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് ചിത്രത്തില്‍. പലസ്തീന്‍ പ്രശ്‌നവും കുടിയേറ്റപ്രശ്‌നവും ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട്. ദുര്‍ബലമാക്കപ്പെടുന്ന ശരീരത്തില്‍ ലഹരി ഉപയോഗവും അതിന്റെ ഭവിഷ്യത്തും സംവിധായകന്‍ ചിത്രത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്.

ബെര്‍ലിനില്‍ എത്തണം, ഒരു കഫേ തുടങ്ങണം. അഭയാര്‍ത്ഥികളായിക്കഴിയുന്ന തങ്ങളുടെ കുടുംബാംഗങ്ങളേയും അവിടേക്ക് കൊണ്ടു ചെല്ലണം എന്നാണ് ഇരുവരുടേയും ആഗ്രഹം. എന്നാല്‍ അവരുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പ്രധാന വെല്ലുവിളി പണമാണ്. അത് കണ്ടെത്താന്‍ പിടിച്ചുപറിയും മോഷണവും വഴിയായി തിരഞ്ഞെടുക്കുന്നു. ഇതിനിടെ അവരുടെ അടുക്കല്‍ ഗാസയില്‍ നിന്ന് ഒരു കുട്ടി അപ്രതീക്ഷിതമായെത്തുന്നു. മനുഷ്യക്കടത്തുകാര്‍ ഇറ്റലിയിലേക്കെന്ന് പറഞ്ഞ് കൊണ്ടു പോയ കുട്ടിയെ ഏഥന്‍സില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഇറ്റലിയില്‍ എത്തിച്ചാല്‍ അവിടെ കുട്ടിയുടെ ബന്ധുവിന്റെ കൈയില്‍ നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവനെ ഇറ്റലിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിന്നീട് സംഭവിക്കുന്ന കാര്യങ്ങളൊക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു. 

മികച്ച അഭിനയമാണ് അഭിനേതാക്കള്‍ പുറത്തെടുക്കുന്നത്. അഞ്ജലീകി പപൌളിയ, മഹ്‌മൂദ് ബക്രി,  മനാല്‍ ആവാദ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.