ലാറ്റിന്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ജീവിതം സിനിമയില്‍ പലപ്പോഴും കുറ്റകൃത്യങ്ങളുടേയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിലാണ് എത്തുന്നത്. എന്നാല്‍ കിസിങ് ബഗ് അത്തരം ഒരു ഭൂമിശാസ്ത്രത്തെ മനുഷ്യന്റെ ഉള്ളുരുക്കങ്ങളിലൂടെ വായിക്കുന്ന ചിത്രമാണ്. പുറമേ നോക്കുമ്പോള്‍ ഇത് ഒരു ക്രൈം ഡ്രാമയായി തോന്നുമെങ്കിലും, ഉള്ളിലേക്ക് കടക്കുമ്പോള്‍ യുവത്വം, വിശ്വാസവഞ്ചന, ഒറ്റപ്പെടല്‍ എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം.

To advertise here,

സ്‌കൂള്‍ ഉപേക്ഷിച്ച് അതിര്‍ത്തിയില്‍ മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെടുന്ന നെല്‍സണ്‍ എന്ന യുവാവാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. പോലീസ് പിടിയിലാകുന്ന നെല്‍സണ്‍, പോലീസിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇവിടെ മുതലാണ് കിസിങ് ബഗ് തീവ്രമാവുന്നത്.

ഒരു മാഫിയ ഡോണിന്റെ കുടുംബത്തിലേക്ക് അവനെ അടുപ്പിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെങ്കിലും, അവിടെ രൂപപ്പെടുന്ന ബന്ധങ്ങള്‍ നെല്‍സന്റെ തീരുമാനങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. കുറ്റബോധവും ജീവന്‍ രക്ഷിക്കാനുള്ള ആഗ്രഹവും തമ്മിലുള്ള ഈ സംഘര്‍ഷമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

സംവിധായകന്‍ ലൂയിസ് സൊറാക്കിന്‍ വലിയ സംഭവവികാസങ്ങളോ അതിനാടകീയതയോ കിസിങ് ബഗില്‍ ചേര്‍ത്തിട്ടില്ല. പകരം, അതിര്‍ത്തിയിലെ നിശബ്ദതയും അനിശ്ചിതത്വവുമാണ് കാഴ്ചക്കരിലേക്ക് എത്തുന്നത്. ക്യാമറ പലപ്പോഴും കഥാപാത്രങ്ങളെ പിന്തുടരാതെ, അവരുടെ ചുറ്റുപാടുകളില്‍ നില്‍ക്കുന്നു. മനുഷ്യരെക്കാള്‍ ശക്തമായ ഒരു ലോകം അവിടെ നിലനില്‍ക്കുന്നുവെന്ന സൂചനയാണ്. ഈ ദൃശ്യഭാഷയാണ് കിസിങ് ബഗിനെ സാധാരണ ക്രൈം സിനിമകളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത്.

നെല്‍സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ പ്രകടനം ശ്രദ്ധേയമാണ്. വലിയ സംഭാഷണങ്ങളില്ലാതെ, ശരീരഭാഷയിലൂടെയും നോട്ടങ്ങളിലൂടെയും അവന്‍ കഥാപാത്രത്തിന്റെ ഉള്ളിലെ ഭയം പ്രേക്ഷകനിലേക്ക് എത്തിക്കുന്നു. നെല്‍സണ്‍ സിനിമയില്‍ 'വില്ലന്‍' ആണോ 'ഹീറോ' ആണോ എന്ന് തീരുമാനിക്കേണ്ട ചുമതല സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വിട്ടുനല്‍കിയിരിക്കുന്നു.

ചിത്രത്തിലെ സ്ലോ ഷോട്ടുകള്‍, ഓരോ നിമിഷവും വര്‍ധിച്ചു വരുന്ന നെല്‍സണിന്റെ മനസിന്റെ ഭാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. സംഗീതത്തിന്റെ പരിമിതമായി ഉപയോഗം യാഥാര്‍ത്ഥ്യബോധം ശക്തമാക്കുന്നു.

കിസിങ് ബഗ് എല്ലാവര്‍ക്കും ഒരുപോലെ രസിക്കുന്ന സിനിമയല്ല. പക്ഷേ, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളിലും അതിര്‍ത്തി ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലും താത്പര്യമുള്ള പ്രേക്ഷകര്‍ക്ക് ഇത് ശക്തമായ അനുഭവമായിരിക്കും. വലിയ ട്വിസ്റ്റുകളോ ഉത്തരങ്ങളോ നല്‍കാതെ, ചോദ്യങ്ങള്‍ മനസ്സില്‍ ബാക്കിവെച്ചാണ് ചിത്രം അവസാനിക്കുന്നത്.