ജീവിതപ്രയാസങ്ങൾക്കിടയിൽ പ്രതീക്ഷ കെെവിടാതെ പോരാടുന്നവർക്ക് ചിത്രം സമർപ്പിക്കുകയാണ് സംവിധായിക.

സ്വന്തം മകനുവേണ്ടി ഒരമ്മ ഏതറ്റം വരെ സഞ്ചരിക്കും, ചിന്തകൾക്കും അപ്പുറമായിരിക്കും ആ പോരാട്ടം. കാണാതായ മകനുവേണ്ടി ഒരു അമ്മ നടത്തുന്ന പോരാട്ടത്തിൻ്റെ കഥയാണ് 'സിനിമ ജാസിറേ'. ഐഎഫ്എഫ്കെയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് തുർക്കി സംവിധായികയായ ഗോസ്ദെ കുരൽ ഒരുക്കിയ ചിത്രം പ്രദർശനത്തിനെത്തിയത്.
താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്താനാണ് സിനിമയുടെ പശ്ചാത്തലം. താലിബാൻ ഭരണത്തിന് നേരെയുള്ള കുറച്ച് ജീവിതങ്ങളുടെ ചെറുത്ത് നിൽപ്പ് കൂടിയാണ് ചിത്രം. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ജീവിതങ്ങളും പോരാട്ടങ്ങളും 'സിനിമ ജാസിറേ' പകർത്തുന്നുണ്ട്. യുദ്ധങ്ങളും നിയന്ത്രണങ്ങളും മനുഷ്യജീവിതത്തിനുമേൽ വീഴ്ത്തുന്ന കരിനിഴലുകൾ എത്രത്തോളം തീവ്രമാണെന്ന് ചിത്രത്തിലൂടെ സംവിധായിക കാട്ടിത്തരുന്നുണ്ട്.
കാണാതാകുന്ന ഏഴുവയസ്സുകാരനെത്തേടി ലെയ്ല എന്ന അമ്മ പ്രതിസന്ധികൾക്ക് നടുവിലേയ്ക്ക് ഇറങ്ങുകയാണ്. അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ പുരുഷവേഷം കെട്ടാൻ അവർ തയാറാകുന്നു. രാവും പകലും ഭക്ഷണം പോലുമില്ലാതെ അവൾ അലഞ്ഞു. ഒടുവിൽ പല അപ്രിയ സത്യങ്ങളിലേയ്ക്കും അവൾ എത്തിച്ചേരുകയാണ്.
കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കിടയിൽ ജീവൻ നഷ്ടമാകാതിരിക്കാനുള്ള പോരാട്ടം നടത്തുന്ന ഒരുകൂട്ടരുടെ കഥകൂടി ചിത്രം പറയുന്നുണ്ട്. 'സിനിമ ജാസിറേ' എന്ന ഇടത്തിലേയ്ക്ക് കഥയെത്തുമ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട കുറച്ച് മുഖങ്ങൾ സംവിധായിക കാട്ടിത്തരുന്നുണ്ട്. ജീവിതത്തിൻ്റെ യാഥാർഥ്യത്തിനും മിഥ്യകൾക്കുമിടയിൽ ഉഴലുന്ന ജീവിതങ്ങളെ അവിടെ കാണാം. തൻ്റെ മകനെത്തേടുന്ന ലെയ്ലയ്ക്കും ചില കാഴ്ചകൾക്ക് സാക്ഷ്യംവഹിക്കേണ്ടി വരുന്നുണ്ട്.
ശക്തമായ രാഷ്ട്രീയം തീവ്രമായി തന്നെ അവതരിപ്പിക്കുകയാണ് ചിത്രം. അടിച്ചമർത്തപ്പെടുന്ന ജീവിതങ്ങളുടെ യാതനകൾ തിരശ്ശീലയിൽ ഒരു നോവായി പകർത്തിയിട്ടുണ്ട് സംവിധായിക ഗോസ്ദെ കുരൽ.
ജീവിതപ്രയാസങ്ങൾക്കിടയിൽ പ്രതീക്ഷ കെെവിടാതെ പോരാടുന്നവർക്ക് ചിത്രം സമർപ്പിക്കുകയാണ് സംവിധായിക. ഏത് പ്രതിസന്ധിയിലും തളരാതെ പോരാടിയാൽ വിജയം കെെപ്പിടിയിൽ ഒതുക്കാനാകുമെന്ന് പ്രതീക്ഷ ചിത്രം നൽകുന്നുണ്ട്.
Content Highlights: A mother`s desperate search for her missing son under Taliban rule. `Cinema Jazireh` explores resilience and defiance in a land of oppression. See it at IFFK.
Published: 18 Dec 2025, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented