കുടുംബ ബന്ധങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നൊരു ചിത്രമാണ് 'എ പാന്‍ ഇന്ത്യന്‍ സ്റ്റോറി'. ദേശീയ പുരസ്കാരം സ്വന്തമാക്കിയ 'ആളൊരുക്കം' ഒരുക്കിയ വി.സി. അഭിലാഷ് ആണ് സംവിധാനം. ചലച്ചിത്രമേളയിൽ 'മലയാളം സിനിമാ ടുഡേ' വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 

To advertise here,

ഭാര്യയും മകനും സഹോദരനുമടങ്ങുന്നതാണ് ഹരിയുടെ കുടുംബം. ഇയാളുടെ വീട്ടിലേയ്ക്ക് സഹപ്രവർത്തകൻ റെജി കുടുംബസമേതം രണ്ടുദിവസം താമസിക്കാൻ എത്തുന്നതും പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. രണ്ടുകുടുംബങ്ങളുടെ കഥ പുതുമനിറഞ്ഞ രീതിയിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.

നാടകത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ തുടക്കം. ഹരിയുടെ മകൻ ശങ്കരനിലൂടെയാണ് കഥ വികസിക്കുന്നത്. പിന്നീട് അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം. കുറച്ചൊക്കെ നർമത്തിൻ്റെ മേമ്പൊടിയോടെയാണ് ചിത്രം പുരോ​ഗമിക്കുന്നത്. വളരെപ്പെട്ടെന്ന് കഥാ​ഗതി മാറിമറിയുന്നതും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. 

കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേയ്ക്ക് സഞ്ചരിക്കുന്തോറും ചിത്രത്തിന് പുതിയൊരു മാനം കെെവരുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ തീവ്രതയും ഉൾക്കാഴ്ചകളിലേയ്ക്കുമെല്ലാം പിന്നീട് കഥയെത്തിച്ചേരുന്നു.  

ധർമ്മജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആൻ്റണി, രമ്യ സുരേഷ് ഉൾപ്പെടുന്ന താരനിരയാണ് ചിത്രത്തിലേത്. താരങ്ങളുടെ പ്രകടനവും കെെയടി അർഹിക്കുന്നുണ്ട്. മുതിർന്നവരിലുപരി കുട്ടികളിലൂടെയാണ് 'എ പാന്‍ ഇന്ത്യന്‍ സ്റ്റോറി' പ്രേക്ഷകരിലേയ്ക്കെത്തുന്നത്. അഭിനയത്തിലും ഇവർ ഞെട്ടിക്കുന്നുണ്ട്. ചിത്രത്തിലെ നിർണായക രം​ഗങ്ങളെല്ലാം കെെകാര്യം ചെയ്യാൻ സംവിധായകൻ ഏൽപ്പിച്ചിരിക്കുന്നതും കുട്ടികളെത്തന്നെ.   

പല കുടുംബങ്ങൾക്കും നേരെയുള്ള ഒരു കണ്ണാടിയായി മാറാനും ചിത്രത്തിന് സാധിക്കുന്നുണ്ട്. മക്കളെ എത്രത്തോളം വളർന്നുവെന്ന് തിരിച്ചറിയാൻ വെെകുന്ന മാതാപിതാക്കൾക്കുള്ള ചൂണ്ടുവിരലായും ചിത്രം മാറുന്നുണ്ട്. മുതിർന്നവരെക്കണ്ടാണ് പലശീലങ്ങളും കുട്ടികൾ പഠിക്കുന്നതെന്ന യാഥാർഥ്യവും ചിത്രം കാണിച്ചുതരുന്നു.