ചേട്ടാ സീറ്റ്‌ ഫുൾ ആയോ? ഏറ്റവും മുമ്പിലാണെങ്കിലും സാരമില്ല രണ്ട് സീറ്റ്‌ ഉണ്ടാകുമോ? ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡം കാണാൻ സീറ്റ്‌ ഉണ്ടോയെന്നാണ് ചോദ്യം. ഒ.ടി.ടി. റിലീസായി ദിവസങ്ങൾ കഴിഞ്ഞവെങ്കിലും ഹൗസ് ഫുൾ ആയാണ് ഐഎഫ്എഫ്കെ വേദിയായ തിരുവനന്തപുരം ന്യൂ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചത്. സിനിമ തുടങ്ങുന്നതിനു മണിക്കൂറുകൾ മുമ്പുതന്നെ ചിത്രം കാണാനുള്ള നീണ്ട നിര തിയേറ്ററിന് മുമ്പിൽ രൂപപ്പെട്ടിരുന്നു. 

To advertise here,

സിനിമ തുടങ്ങിക്കഴിഞ്ഞും സീറ്റ്‌ ഉണ്ടോ എന്ന് ചോദിച്ച് നിരവധി പ്രേക്ഷകർ എത്തി. പ്രേക്ഷകർക്കൊപ്പം സിനിമ കാണാൻ ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രൊഡ്യൂസറും ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തിയ നടൻ വിജയ രാഘവനും എത്തിയിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ഡെലിഗേറ്റുകൾ അവരെ സ്വീകരിച്ചത്. 

ചിത്രം കണ്ട അതേ ആവേശത്തിലാണ് മീറ്റ് ദ ടീമിന് വേണ്ടിയും പ്രേക്ഷകർ കാത്തിരുന്നത്. മറവി ​രോ​ഗം ബാധിച്ച ഒരാൾ, അയാളുടെ ജീവിതത്തിൽ എന്തെങ്കിലും തെറ്റ് ചെയ്തോ ഇല്ലയോ എന്ന കാര്യം  മറന്നു പോയി, അത് ഓർമ്മിക്കാൻ ശ്രമിക്കുന്നു, ഇതായിരുന്നു എഴുതിത്തുടങ്ങുമ്പോൾ കിഷ്കിന്ധകാണ്ഡത്തിന്റെ പ്ലോട്ട്. ചച്ചു ഒക്കെ പിന്നീട് വന്നതാണ്. ഒരുപാട് ഒബ്സെർവ് ചെയ്താണ് അപ്പുപിള്ളയെയും മറ്റു കഥാപാത്രങ്ങളെയും ഇതിലേക്ക് കൊണ്ടെത്തിച്ചത്. ഇത്രയും നല്ലതാകുമെന്നോ, പ്രേക്ഷകരുടെ മനസ്സ് കീഴടക്കുമെന്നോ കരുതിയില്ലെന്ന് തിരക്കഥാകൃത്ത് ബാഹുൽ രമേശ് പറഞ്ഞു. 

‘ഐഎഫ്എഫ്കെ കണ്ടു നടന്ന ആളാണ് ഞാൻ. ഇത്രയും വലിയൊരു മേളയിൽ എന്റെ ചിത്രം പ്രദർശിപ്പിക്കുമെന്നോ അതിനിത്രയും പ്രേക്ഷക പ്രീതി ലഭിക്കുമെന്നോ ഞാൻ കരുതിയില്ല. എല്ലാം ഭാ​ഗ്യമാണ്.’ ബാ​​ഹുൽ രമേശ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.