തിരുവനന്തപുരം: മൂന്നുപതിറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന കേരളത്തിന്റെ അന്താരാഷ്ട്രമേള (ഐ.എഫ്.എഫ്.കെ.)ഇത്തവണയെത്തുന്നത് ഒട്ടേറെ പുതുമകളോടെ. എല്ലാത്തരം കാഴ്ചക്കാരിലേക്കും കടന്നെത്തുന്ന, ഉള്ളടക്കത്തില്‍ പകിട്ടുള്ള തിരുവനന്തപുരത്തെ 29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവം സ്ത്രീസാന്നിധ്യംകൊണ്ടും മികവുറ്റതാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകരായ കേരള ചലച്ചിത്ര അക്കാദമി.
വെള്ളിയാഴ്ചമുതല്‍ 20 വരെയുള്ള പ്രദര്‍ശനങ്ങളിലെ 177 സിനിമകളില്‍ 52 എണ്ണവും വനിതാസംവിധായകരുടേതാണ്. ലോക സിനിമയിലെ സ്ത്രീ സാന്നിധ്യം അടയാളപ്പെടുത്തുന്നതാണ് ഈ സിനിമകള്‍. ഹോങ്കോങ് സംവിധായിക ആന്‍ ഹുയിയെ 10 ലക്ഷം രൂപയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കുന്ന മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി അധ്യക്ഷ വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാര്‍ദ്. ജോര്‍ജിയന്‍ സംവിധായിക നാനാ ജോര്‍ജഡ്‌സെ, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്ലാത്യന്‍, ആസമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവര്‍ ജൂറി അംഗങ്ങളും. ലോകത്തെ വിവിധമേളകളില്‍ പുരസ്‌കാരങ്ങള്‍നേടിയ 13 സിനിമ ഇത്തവണ കാണാം. നിശാഗന്ധിയില്‍ വെളളിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാനാണ് അധ്യക്ഷന്‍. 'ഐ ആം സ്റ്റില്‍ ഹിയര്‍' ഉദ്ഘാടന ചിത്രം.
കാലംമാറി, മേളയും
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും സാന്നിധ്യമാണ് അടുത്തകാലത്തായി മേളയിലുണ്ടായ പ്രധാനമാറ്റം. കോവിഡനന്തരമാണ് ഈ മാറ്റം കൂടുതലുണ്ടായതും. പ്രേക്ഷകരുടെ പങ്കാളിത്തത്തിലും സംഘാടനത്തിലും മറ്റുമേളകളേക്കാള്‍ ഐ.എഫ്.എഫ്.കെ. മുന്നിട്ടുനില്‍ക്കുന്നുണ്ട്.
13000 പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നൂറോളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളും. തിയേറ്ററുകളില്‍ ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷനുള്ളവര്‍ക്കും 30 ശതമാനം അല്ലാത്തവര്‍ക്കും മാറ്റിവെച്ചു. മുതിര്‍ന്നവരെ ക്യൂ നില്‍ക്കാതെ പ്രവേശിപ്പിക്കും. പ്രതിനിധികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ഇ-ബസുകള്‍ തിയേറ്ററുകളെ ബന്ധിപ്പിച്ച് സൗജന്യ സര്‍വീസ് നടത്തും.
മേളയിലെ ആകര്‍ഷണങ്ങള്‍
15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിലെ 177 സിനിമകള്‍. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14, മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12,ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ്, ലോകസിനിമാ വിഭാഗത്തില്‍ 63. മുന്‍നിര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് മറ്റൊരു ആകര്‍ഷണമാണെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ വിശദീകരിച്ചു.
ചലച്ചിത്രകലയില്‍ ശതാബ്ദിയിലെത്തെിയ ഏഴ് അര്‍മീനിയന്‍ ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുണ്ട്. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, 'ദ ഫിമേല്‍ ഗേയ്സ്' എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കന്‍ സിനിമകളുടെയും പ്രത്യേക പാക്കേജുകള്‍, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, അനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റെസ്റ്റോര്‍ഡ് ക്ളാസിക്സ്, പി.ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നിവരുടെ ജന്മശതാബ്ദിവേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ എന്നിവയാണ് മേളയുടെ മറ്റ് പ്രത്യേകത. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയ്ക്കാണ്. ഹോമേജ് വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പുരസ്‌കാരങ്ങള്‍
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയാണ് സമ്മാനം. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്‍. മോഹനന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങ് ശനിയാഴ്ച വൈകീട്ട് ആറിന് നിള തിയേറ്ററില്‍ ഒരുക്കിയിട്ടുണ്ട്. കുമാര്‍ ഷഹാനി, മോഹന്‍, ഹരികുമാര്‍, കവിയൂര്‍ പൊന്നമ്മ, ചെലവൂര്‍ വേണു, നെയ്യാറ്റിന്‍കര കോമളം തുടങ്ങിയവര്‍ക്ക് മേള സ്മരണാഞ്ജലിയര്‍പ്പിക്കും. ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയില്‍ പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍
50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്നതാണ് ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍. 'സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്' എക്സിബിഷന്റെ ക്യൂറേറ്റര്‍ സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റല്‍ പെയിന്റിങ്ങുകള്‍ പ്രദര്‍ശനത്തിലുണ്ട്. അകിര കുറസോവ, അലന്‍ റെനെ, ആല്‍ഫ്രഡ് ഹിച്ച്കോക്ക്, തര്‍ക്കോവ്സ്‌കി, അടൂര്‍ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ആഗ്നസ് വാര്‍ദ, മാര്‍ത്ത മെസറോസ്, മീരാനായര്‍ തുടങ്ങിയവര്‍ക്ക് ആദരവ് നല്‍കുന്ന പ്രദര്‍ശനത്തില്‍ ഡിജിറ്റല്‍ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കും.
മുതിര്‍ന്ന നടിമാര്‍ക്ക് ആദരം
മലയാള സിനിമയുടെ ശൈശവദശമുതല്‍ എണ്‍പതുകളുടെ തുടക്കംവരെ തിരശ്ശീലയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ ആദരിക്കുന്ന 'മറക്കില്ലൊരിക്കലും' ചടങ്ങ് മാനവീയം വീഥിയില്‍ നടക്കും. കെ.ആര്‍. വിജയ, ടി.ആര്‍.ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുര്‍ഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ,മേനക, അനുപമ മോഹന്‍, ശാന്തകുമാരി, മല്ലിക സുകുമാരന്‍, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂര്‍ രാധ, വനിത കൃഷ്ണചന്ദ്രന്‍ എന്നിവരെയാണ് ആദരിക്കുന്നത്. ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വര്‍ഷത്തെ മേള നല്‍കുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്. ഇവരുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതപരിപാടിയുമുണ്ട്.
മാനവീയം വീഥിയില്‍ 14 മുതല്‍ 19 വരെ വൈകിട്ട് 6.30ന് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. അനിത ഷെയ്ഖ്, ദിവ്യ നായര്‍, പുഷ്പവതി, പ്രാര്‍ത്ഥന, ഫങ്കസ് ബാന്‍ഡ്, ഒ.എന്‍.വി ക്വയര്‍ എന്നിവരുടെ സംഗീതപരിപാടികളാണ് അരങ്ങേറുക. വെള്ളിയാഴ്ച ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചുമുതല്‍ 5.45 വരെ കേരള കലാമണ്ഡലത്തിന്റെ നൃത്തപരിപാടിയും 20-ന് നിശാഗന്ധിയില്‍ സമാപനച്ചടങ്ങിനുമുന്നോടിയായി രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ കച്ചേരിയും നടക്കും.
ലിറ്റററി ട്രിബ്യൂട്ട്
തോപ്പില്‍ ഭാസി, പി. ഭാസ്‌കരന്‍, പാറപ്പുറത്ത് എന്നിവരോടുള്ള ആദരസൂചകമായാണ് ലിറ്റററി ട്രിബ്യൂട്ട് .തോപ്പില്‍ ഭാസി തിരക്കഥ എഴുതി പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത മൂലധനം, പാറപ്പുറത്ത് കഥയും തിരക്കഥയും എഴുതിയ അരനാഴികനേരം, പി. ഭാസ്‌കരന്റെയും രാമു കാര്യാട്ടിന്റെയും കൂട്ടുകെട്ടിലുള്ള നീലക്കുയില്‍ എന്നീ സിനിമകളും പ്രദര്‍ശിപ്പിക്കും. മൂലധനം 14-ന് രാത്രി എട്ടിന് ഏരിസ്പ്ലക്‌സ് സ്‌ക്രീന്‍ 4-ലും അരനാഴികനേരം 15-നു രാത്രി 8.30-നും നീലക്കുയില്‍ 17-നു രാവിലെ 11.30-ന് നിള തിയേറ്ററിലും കാണാം.
ഐ ആം സ്റ്റില്‍ ഹിയര്‍
ഉദ്ഘാടന ചിത്രമായ 'ഐ ആം സ്റ്റില്‍ ഹിയര്‍' ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസിന്റെ പോര്‍ച്ചുഗീസ് സിനിമയാണ്. ബ്രസീല്‍, ഫ്രാന്‍സ് എന്നീരാജ്യങ്ങളുടെ സംയുക്ത സംരംഭവും. ഇക്കൊല്ലത്തെ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശവും നേടിയിട്ടുണ്ട് ഈസിനിമ. 2024-ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ആസ്ഥാനമായ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യുവും ഈ വര്‍ഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്‍ഡ് സൗണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്.
1971-ല്‍ ബ്രസീല്‍ സൈനിക സ്വേച്ഛാധിപത്യത്തിനുകീഴില്‍ ഞെരിഞ്ഞമരുന്ന കാലത്തുനടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. വിമത രാഷ്ട്രീയ പ്രവര്‍ത്തകനായ,കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങുന്ന അഞ്ചുമക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരുരാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് ഐ ആം സ്റ്റില്‍ ഹിയര്‍.
Content Highlights: international film festival of kerala 2024
Published: 12 Dec 2024, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented